അഗർത്തല (ത്രിപുര) ∙ യുവാവിനെ കൊന്ന് ഐസ്ക്രീം ഫ്രീസറിൽ ഒളിപ്പിച്ച സംഭവത്തിൽ യുവാവിന്റെ കാമുകിയുടെ ബന്ധുക്കൾ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ. ത്രിപുരയിലെ അഗർത്തല സ്വദേശിയായ ഷരിഫുൾ ഇസ്‍ലാം (26) കൊല്ലപ്പെട്ട സംഭവത്തിൽ യുവാവിന്റെ കാമുകിയുടെ കസിൻ ഡോ. ദിബാകർ സാഹ, ഇയാളുടെ മാതാപിതാക്കളായ ദീപക് സാഹ (52), ദേബിക സാഹ (48), സുഹൃത്തുക്കളായ ജയ്ദീപ് ദാസ് (20), നബനിത ദാസ് (25), അനിമേഷ് യാദവ് (21) എന്നിവരെയാണ് അഗർത്തല സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് ദിവസം മുൻപു കാണാതായ ഷരിഫുളിന്റെ മൃതദേഹം മുഖ്യപ്രതിയായ ഡോ. ദിബാകർ സാഹയുടെ പിതാവ് ദീപക് സാഹയുടെ ഉടമസ്ഥതയിലുള്ള കടയിലെ ഫ്രിജിന്റെ ഫ്രീസറിൽനിന്നാണ് പൊലീസ് കണ്ടെത്തിയത്. അഗർത്തലയിലെ ചന്ദ്രപുർ സ്വദേശിനിയായ 20 വയസ്സുകാരിയുമായി ഷരിഫുൾ പ്രണയത്തിലായിരുന്നെന്നും ഇതു സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും വെസ്റ്റ് ത്രിപുര എസ്പി കിരൺ കുമാർ പറഞ്ഞു.

അഗർത്തല സ്മാർട്ട് സിറ്റി പ്രോജക്ടിന് കീഴിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന ഷരിഫുളിനെ ഈ മാസം എട്ടിനാണ് കാണാതായത്. ഷരിഫുളിന്റെ കാമുകിയായ 20 വയസ്സകാരിയുടെ ബന്ധുവായ ഡോ.ദിബാകർ, വെസ്റ്റ് ത്രിപുരയിലെ സൗത്ത് ഇന്ദിരാനഗറിലുള്ള തന്റെ വീട്ടിലേക്കു വിളിച്ചുവരുത്തി, ഷരിഫുളിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ വിവാഹം കഴിക്കാൻ ദിബാകർ ആഗ്രഹിച്ചിരുന്നു. ബങ്കുമാരിയിലുള്ള പെൺകുട്ടിയുടെ വീട്ടിൽ ദിബാകർ സ്ഥിരമായി പോകാറുണ്ടായിരുന്നു. അടുത്തിടെ പെൺകുട്ടിയുടെ പിതാവ് മരിച്ചു. ഇതിനുശേഷം വീട്ടിലെത്തിയ ദിബാകർ, പെൺകുട്ടിയ ലൈംഗികമായി ചൂഷണം ചെയ്യാനും ശ്രമിച്ചിരുന്നു. പെൺകുട്ടിക്ക് ഷരിഫുളുമായുള്ള അടുപ്പം മനസ്സിലാക്കിയ ദിബാകർ, ഇയാളെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ബംഗ്ലദേശിൽനിന്നാണ് ദിബാകർ സാഹ എംബിബിഎസ് പൂർത്തിയാക്കിയത്. 

ജൂൺ എട്ടിന് രാത്രി, ഒരു സമ്മാനം നൽകാനുണ്ടെന്ന് പറഞ്ഞാണ് ഷരിഫുളിനെ ദിബാകർ വീട്ടിലേക്കു വിളിച്ചുവരുത്തുന്നത്. ഇതിനുശേഷം സുഹൃത്തുക്കളായ ജയ്ദീപ് ദാസ്, നബനിത ദാസ്, അനിമേഷ് യാദവ് എന്നിവരുടെ സഹായത്തോടെ ഷരിഫുളിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ഒരു ട്രോളി ബാഗിലാക്കി. അടുത്ത ദിവസം ഗണ്ഡചേരയിൽ താമസിക്കുന്ന മാതാപിതാക്കളെ ദിബാകർ അഗർത്തലയിലേക്ക് വിളിച്ചുവരുത്തി. കാറുമായി അഗർത്തലയിലെത്തിയ ദീപക് സാഹയും ദേബിക സാഹയും ട്രോളി ബാഗ് ഗന്ധചേരയിലേക്ക് കൊണ്ടുപോയി. തുടർന്നു മൃതദേഹം അവരുടെ കടയിലെ ഐസ്ക്രീം ഫ്രീസറിൽ ഒളിപ്പിക്കുകയായിരുന്നു. ഷരിഫുളിനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ദിബാകറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം അറിയുന്നതും മൃതദേഹം കണ്ടെത്തുന്നതും.

English Summary:

Agartala murder: Six people, including a doctor, were arrested for the murder of Shariful Islam, whose body was found hidden in an ice cream freezer. The crime stemmed from a love triangle dispute, with the doctor, Dr. Dibakar Saha, suspected to be the prime instigator.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com