ADVERTISEMENT

കൊച്ചി∙ അറബിക്കടലിൽ അഗ്നിക്കിരയായ വാൻ ഹയി 503 കപ്പലിൽ പ്രവേശിക്കാൻ കോസ്റ്റ്ഗാർഡിനു കഴിഞ്ഞിട്ടും കപ്പൽ വലിച്ചു നീക്കേണ്ടിയിരുന്ന ടഗ് വൈകിയെന്നതടക്കം ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി കപ്പൽ ഉടമകൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ അന്ത്യശാസനം. അടിയന്തരഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തേണ്ടിയിരുന്ന ടഗ് ആയ ഓഫ്ഷോർ വാരിയർ ഇന്ധനം തീർന്നതിനാൽ ഇതു നിറയ്ക്കാനായി കൊച്ചി തുറമുഖത്തേക്ക് പോയെന്നും എന്നാൽ ഇക്കാര്യം മറച്ചുവച്ചെന്നുമുള്ള ഗുരുതര വീഴ്ച ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥൻ കപ്പൽ ഉടമകൾക്ക് എഴുതിയ കത്തിൽ പറയുന്നു. 

ദുരന്തത്തിൽ അകപ്പെട്ട കപ്പലിലെ രക്ഷാദൗത്യത്തിനു വേണ്ട അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കപ്പൽ കമ്പനിക്കും സാൽവേജ് കമ്പനിക്കുമെതിരെ ക്രിമിനൽ നിയമനടപടികളടക്കം ആരംഭിക്കുമെന്ന് കത്തിൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 9.50ന് അഴീക്കൽ തീരത്തിന് 44 നോട്ടിക്കൽ മൈൽ അകലെ അഗ്നിക്കിരയായ കപ്പലിലെ തീ അണയ്ക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് കോസ്റ്റ്ഗാർഡ്. ഇതിനിടെയാണ് കപ്പൽ കമ്പനിയിൽ നിന്നും ആവശ്യമായ ഒരു സഹായവും ലഭിച്ചില്ല എന്ന് വ്യക്തമാക്കിയിരിക്കുന്നത്. 

ഇത്ര വലിയ അപകടമാണ് മുന്നിലുള്ളതെന്ന് മനസ്സിലായിട്ടും അതിനെ പ്രതിരോധിക്കാനുള്ള കാര്യങ്ങൾ ഒരുക്കുന്നതിൽ വന്ന വീഴ്ചയിൽ വലിയ ആശങ്കയുണ്ടെന്ന് കത്തിൽ പറയുന്നു. ഗുരുതരമായ സംഭവം ഉണ്ടായിട്ടു പോലും സമയത്തിന് തീ അണയ്ക്കാനുള്ള സംവിധാനങ്ങളോ ടഗുകളോ വിന്യസിക്കാൻ കമ്പനിക്ക് കഴിഞ്ഞില്ല. രക്ഷാപ്രവർത്തകരെ പോലും സമയത്തിന് എത്തിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ വിന്യസിച്ചിട്ടുള്ള ഓഫ്ഷോർ വാരിയർ എന്ന ടഗിനു തീ കെടുത്താനുള്ള പരിമിതമായ ശേഷി മാത്രമേയുള്ളൂ. ഒപ്പം ആവശ്യമായ ഫോമും (തീ കെടുത്താനുള്ള പത) ടഗിൽ ഉണ്ടായിരുന്നില്ല. ഈ ടഗ് ഇത്രയും ഗുരുതരമായ സ്ഥലത്ത് വിന്യസിച്ചത് എന്നതും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഓഫ്ഷോര്‍ വാരിയർ രക്ഷാദൗത്യത്തിനിടെ ഇന്ധനം നിറയ്ക്കാനായി കൊച്ചി തുറമുഖത്തേക്ക് പോയിയെന്ന ഗുരുതരമായ വെളിപ്പെടുത്തലും കത്തിലുണ്ട്. സാൽവേജ് കമ്പനി കരാർ നിലനിർത്താനായി കപ്പൽ അപകടസ്ഥലത്ത് വിന്യസിച്ചിട്ടുണ്ടാവും. പക്ഷേ ഇത്തരത്തിൽ നിർണായകമായ വിവരങ്ങൾ മറച്ചുവയ്ക്കുന്നത് ഒരുവിധത്തിലും അംഗീകരിക്കാൻ സാധിക്കില്ല. വലിയ പ്രതിബന്ധങ്ങളെ അതിജീവിച്ച്, സാഹസികമായി കോസ്റ്റ്ഗാർഡ് കപ്പൽ വലിച്ചു കെട്ടാനുള്ള സംവിധാനം ഘടിപ്പിച്ചെങ്കിലും ഓഫ്ഷോറ്‍ വാരിയർ ടഗ് സ്ഥലത്തില്ലാതിരുന്നത് വാൻ ഹയി 503 വലിച്ചു മാറ്റൽ വൈകിപ്പിച്ചു എന്നും കത്തിൽ വ്യക്തമാക്കുന്നു. തീരത്തു നിന്ന് ഇത് വലിച്ചു മാറ്റിയില്ലെങ്കില്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ ഗുരുതരമാണെന്ന മുന്നറിയിപ്പും കത്തിലുണ്ട്.

രക്ഷാദൗത്യത്തിൽ ഏതെങ്കിലും വിധത്തിലുണ്ടാകുന്ന കാലതാമസമോ വീഴ്ചയോ ഉണ്ടായാൽ ക്രിമിനൽ നിയമനടപടികൾ അടക്കമുള്ളവ സ്വീകരിക്കും. ഈ രക്ഷാദൗത്യം പൂർണമായി നടത്തേണ്ടത് കപ്പൽ കമ്പനിയുമായി ബന്ധപ്പെട്ടവരുടെ ഉത്തരവാദിത്തമാണ്. ഇതിൽ വീഴ്ചകൾ വന്നാൽ കപ്പൽ ഉടമകൾ, രക്ഷാപ്രവർത്തകർ തുടങ്ങി ഉത്തരവാദിത്തപ്പെട്ട എല്ലാവർക്കുമെതിരെ നടപടിയുണ്ടാവും. തീ കെടുത്താനുള്ള ഉപകരണങ്ങൾ, വിദഗ്ധരായ രക്ഷാപ്രവർത്തകർ, ആവശ്യമുള്ള മറ്റു കാര്യങ്ങൾ എല്ലാം എത്രയും വേഗം ഏർപ്പെടുത്തിയിരിക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നു.

English Summary:

Wan Hai 503 fire rescue failures lead to DGS investigation: The Directorate General of Shipping (DGS) has strongly criticized the inadequate response to the Van Hai 503 fire, citing significant delays and a lack of preparedness.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com