ADVERTISEMENT

നിലമ്പൂർ ∙ സർക്കാരിനെതിരായ സമരം ഉപതിര‍ഞ്ഞെടുപ്പിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇടതു സ്ഥാനാർഥി എം.സ്വരാജിനെതിരെ പ്രചാരണത്തിന് ആശാ പ്രവർത്തകർ നിലമ്പൂരിലെത്തി. രാവിലെ നഗരത്തിൽ പ്രകടനത്തിനു ശേഷം ഉച്ചയ്ക്കു ശേഷം ഭവനസന്ദർശനം ഉൾപ്പെടെ സജീവമായി പ്രചാരണത്തിനിറങ്ങാനാണ് ആശാ പ്രവർത്തകരുടെ തീരുമാനം.

അതിനിടെ ഇടത് അനുകൂല ആശാ പ്രവർത്തകരെ ഭവനസന്ദർശനത്തിനു രംഗത്തിറക്കി ഈ പ്രചാരണത്തിന്റെ മുനയൊടിക്കാനാണ് ഇടതു പ്രവർത്തകരുടെ ശ്രമം. ജൂൺ 19 ലെ വോട്ടെടുപ്പിലേക്ക് ഇനി ഒരാഴ്ച മാത്രമാണ് ദൂരമെന്നതിനാൽ സജീവ പ്രചാരണങ്ങളിലാണ് പ്രധാന സ്ഥാനാർഥികൾ. വരുംദിനങ്ങളിൽ മഴസാധ്യത കൂടി മുൻനിർത്തി കൂടുതൽ വോട്ടർമാരെ വ്യാഴാഴ്ച തന്നെ നേരിൽ കാണാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർഥികൾ.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് പോത്തുക്കല്ല് പഞ്ചായത്തിലെ ചീത്ത്ക്കല്ലിൽ വോട്ട് അഭ്യർഥിച്ചെത്തിയപ്പോൾ.    ചിത്രം: മനോരമ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് പോത്തുക്കല്ല് പഞ്ചായത്തിലെ ചീത്ത്ക്കല്ലിൽ വോട്ട് അഭ്യർഥിച്ചെത്തിയപ്പോൾ. ചിത്രം: മനോരമ

യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് മരുതയിലും കരുളായിയിലുമാണ് ഇന്നു പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ.സി.വേണുഗോപാൽ എംപി അടക്കമുള്ള നേതാക്കളാണ് വ്യാഴാഴ്ച യുഡിഎഫിനായി പ്രചാരണരംഗത്തുള്ളത്. കൊടിക്കുന്നിൽ സുരേഷ് എംപി, അടൂർ പ്രകാശ് എംപി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ.സുധാകരൻ, രമേശ് ചെന്നിത്തല, ഇ.ടി.മുഹമ്മദ് ബഷീർ എംപി, എം.എം.ഹസൻ തുടങ്ങിയ നേതാക്കൾ വിവിധ കുടുംബസംഗമങ്ങളിൽ പങ്കെടുക്കും.

നഗരസഭാ പരിധിയിലാണ് എം.സ്വരാജ് വ്യാഴാഴ്ച പ്രചാരണം നടത്തുന്നത്. രാവിലെ രാമംകുത്തിൽ കെ.കെ.ശൈലജ എംഎൽഎയാണ് പര്യടനം ഉദ്ഘാടനം ചെയ്തത്. വൈകിട്ട് മൂന്നിന് നിലമ്പൂർ നഗരത്തിൽ വിദ്യാർഥി റാലിയിലും എം.സ്വരാജ് പങ്കെടുക്കും. ഏഴു മന്ത്രിമാരാണ് വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നത്. ഇടതുപ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ നിലമ്പൂരിൽ ‘യൂത്ത് വൈബ് വിത്ത് സ്വരാജ്’ എന്ന പേരിൽ ഡിജെ നൈറ്റ് സംഘടിപ്പിച്ചിരുന്നു. ഇന്ന് വൈകിട്ട് റെഡ് വേവ്സ് തിരൂർ അവതരിപ്പിക്കുന്ന ഗാനമേളയും 16,17 തീയതികളിൽ വാഹനത്തിൽ ഗാനമേളയും ഇടതുമുന്നണി പ്രചാരണ സംഘം പദ്ധതിയിടുന്നു.

‘വേണം വികസനം, വേണ്ട ഭീകരത’ എന്ന പേരിൽ എൻഡിഎ സ്ഥാനാർഥിയുടെ പ്രചാരണാർഥം യുവമോർച്ച നൈറ്റ് മാർച്ച് ഇന്ന് നിലമ്പൂരിൽ നടത്തും. വഴിക്കടവ് പഞ്ചായത്തിലാണ് എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന്റെ പ്രചാരണം. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ഇന്ന് മണ്ഡലത്തിലുണ്ട്. മണ്ഡലത്തിലെ പ്രധാന നേതാക്കളെയും പ്രവർത്തകരെയും കണ്ട് പ്രചാരണം ശക്തമാക്കി സ്വതന്ത്ര സ്ഥാനാർഥി പി.വി.അൻവറും സജീവമായുണ്ട്.

English Summary:

Nilambur by-election campaign: Nilambur by-election campaigning intensifies as major parties LDF, UDF, and NDA battle for votes. Aasha workers are central to the campaigns, with both sides utilizing them for door-to-door campaigning efforts.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com