രഞ്ജിതയ്ക്കെതിരെ അശ്ലീല പരാമർശം : ഡപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ; പവിത്രന്‍ ഓഫിസിലെത്തിയത് മദ്യപിച്ച്

Mail This Article
കാഞ്ഞങ്ങാട്∙ അഹമ്മദാബാദിൽ വിമാന അപകടത്തിൽപെട്ട് മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ജൂനിയർ സൂപ്രണ്ട് എ.പവിത്രൻ അറസ്റ്റിൽ. ഭാരതീയന്യായ സംഹിതയിലെ 75 (1) (4), 79, 196 (1) (a), ഐടി ആക്ട് 67 (a) എന്നിവ അനുസരിച്ചാണ് കേസെടുത്തത്. പവിത്രന്‍ ഓഫിസിലെത്തിയത് മദ്യപിച്ചാണെന്ന് തെളിഞ്ഞു. ലൈംഗിക ചുവയുള്ള സംസാരം, അതിക്രമം, വാക്കു കൊണ്ടോ നോട്ടം കൊണ്ടോ സ്ത്രീത്വത്തെ അപമാനിക്കൽ, ജാതീയമായി അക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പുകളാണിത്. പവിത്രൻ സർവീസിൽ തുടരാൻ പ്രാപ്തനല്ലെന്നും കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കലക്ടർ സർക്കാരിന് ശുപാർശ നൽകിയിരുന്നു.
പവി ആനന്ദാശ്രമം എന്ന പ്രൊഫൈലിൽ നിന്ന് സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലും കമന്റിലുമാണ് പവിത്രൻ രഞ്ജിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയത്. കമന്റിൽ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വാക്കുകളും ഉണ്ടായിരുന്നു. വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു. ജാതീയമായി അധിക്ഷേപിച്ചാണ് പവിത്രൻ ആദ്യം രഞ്ജിതയ്ക്കെതിരെയുള്ള പോസ്റ്റ് പങ്കുവച്ചത്. പിന്നാലെ കുറിച്ച കമന്റിൽ അശ്ലീല ചുവയുള്ള വാക്കുകളുമുണ്ടായിരുന്നു. പോസ്റ്റ് വിവാദമായതിന് പിന്നാലെ ഒട്ടേറെപ്പേർ മുഖ്യമന്ത്രിക്ക് ഓൺലൈനായി പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് കാസർകോട് ജില്ലാ കലക്ടർ കെ.ഇമ്പശേഖരൻ ഇയാളെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയിരുന്നു.
കേരള സർക്കാർ ജോലിയിൽനിന്ന് ലീവെടുത്ത് വിദേശത്തേക്കു പോയതു കൊണ്ടാണ് അപകടത്തിൽ രഞ്ജിത മരിക്കാനിടയായതെന്നാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചൊരു പോസ്റ്റിൽ അദ്ദേഹം കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. രഞ്ജിതയുടെ പടത്തിന് ആദരാഞ്ജലികൾ എന്നെഴുതി പങ്കുവച്ച മറ്റൊരു പോസ്റ്റിൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്നും കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഹീനമായ നടപടിയാണ് ഡപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി സസ്‌പെൻഡ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു എന്നും റവന്യൂ മന്ത്രി കെ.രാജൻ സമൂഹ മാധ്യമത്തിൽ കുറിച്ചു. നേരത്തെ കാഞ്ഞങ്ങാട് എംഎൽഎയും മുൻമന്ത്രിയുമായ ഇ.ചന്ദ്രശേഖരനെതിരെ സമൂഹ മാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റിട്ടതിന് പിന്നാലെ അദ്ദേഹത്തിനെതിരെ നടപടിയെടുത്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ഒരു മാസം മുൻപാണ് പവിത്രൻ ജോലിയിൽ തിരികെ പ്രവേശിച്ചത്. പിന്നാലെയാണ് മറ്റൊരു അധിക്ഷേപ പോസ്റ്റും പങ്കുവച്ചത്.