1.25 ലക്ഷം ലീറ്റർ ഇന്ധനം; വിമാനം കത്തിയപ്പോൾ താപനില 1000 ഡിഗ്രി, ലാവയ്ക്ക് സമാനമായ ചൂട്

Mail This Article
അഹമ്മദാബാദ്∙ എയർ ഇന്ത്യയുടെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനം തകർന്നു വീണപ്പോൾ സ്ഥലത്തെ അന്തരീക്ഷ താപനില 1000 ഡിഗ്രി സെൽഷ്യസായി ഉയർന്നതായി റിപ്പോർട്ട്. ഇത് രക്ഷാപ്രവർത്തനം ദുഷ്ക്കരമാക്കിയതായി അധികൃതർ പിടിഐയോട് പറഞ്ഞു. വിമാനത്തിന്റെ ഇന്ധനടാങ്ക് തീപിടിച്ച് പൊട്ടിത്തെറിച്ചപ്പോൾ തന്നെ താപനില 1000 ഡിഗ്രി സെൽഷ്യസായി പെട്ടെന്ന് ഉയർന്നു. അഗ്നിപർവതത്തിൽനിന്ന് പുറത്തേക്കു വരുന്ന ലാവയ്ക്ക് സമാനമായ ചൂടാണ് ഉണ്ടായത്. 1140–1170 ഡിഗ്രി സെൽഷ്യസ് ചൂടാണ് ലാവയ്ക്ക്. ഇങ്ങനെയൊരു സാഹചര്യത്തെ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലെന്ന് രക്ഷാദൗത്യത്തിൽ പങ്കാളിയായ എസ്ഡിആർഎഫ് ഓഫിസർ പറഞ്ഞു. 1.25 ലക്ഷം ലീറ്റർ ഇന്ധനമാണ് വിമാനത്തിലുണ്ടായിരുന്നത്.
242 പേരുമായി വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്കു പറന്നുയർന്ന വിമാനം 32 സെക്കൻഡിനകം വിമാനത്താവളത്തിനടുത്ത് ബി.ജെ. മെഡിക്കൽ കോളജ് വളപ്പിലേക്കു തകർന്നുവീണു കത്തുകയായിരുന്നു. മെഡിക്കൽ വിദ്യാർഥികളുടെ ഹോസ്റ്റലിലും സമീപത്തെ സ്റ്റാഫ് ക്വാർട്ടേഴ്സിലുമായി 5 പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വിജയ് രൂപാണിയും (68) പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് സ്വദേശിയായ നഴ്സ് രഞ്ജിത ജി.നായരും (40) ഉൾപ്പെടെ 229 യാത്രക്കാരും 2 പൈലറ്റും 12 ജീവനക്കാരും മരിച്ചു.
ഹോസ്റ്റൽ കന്റീനിൽ എംബിബിഎസ് വിദ്യാർഥികൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം. 230 യാത്രക്കാരിൽ 169 പേർ ഇന്ത്യക്കാരാണ്. 53 ബ്രിട്ടിഷ് പൗരർ, 7 പോർച്ചുഗീസ് പൗരർ, ഒരു കാനഡ പൗരൻ എന്നിവരുമുണ്ടായിരുന്നു. ഇവരിൽ പലരും വിദേശപൗരത്വമുള്ള ഇന്ത്യക്കാരാണ്. 2 കൈക്കുഞ്ഞുങ്ങളും 11 കുട്ടികളും യാത്രക്കാരുടെ പട്ടികയിലുണ്ട്. ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിലേക്കു പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ 171 വിമാനം ടേക്ക് ഓഫിനു തൊട്ടുപിന്നാലെ അടിയന്തര ലാൻഡിങ്ങിനു സഹായം തേടി എയർ ട്രാഫിക് കൺട്രോളിലേക്കു സന്ദേശം നൽകി. പിന്നാലെ 625 അടി ഉയരത്തിൽനിന്നു വിമാനം വീഴുകയായിരുന്നു.