കൊച്ചി ∙ അറബിക്കടലിൽ തീപിടിച്ച വാൻ ഹയി 503 കപ്പൽ കൊച്ചി തീരത്തിന് 22 നോട്ടിക്കൽ മൈൽ (40.7 കി.മീ) അകലെ എത്തിയതോടെ വീണ്ടും കപ്പലിൽ ഇറങ്ങി നാവികസേനാംഗങ്ങൾ. പടിഞ്ഞാറു നിന്ന് ശക്തമായ കാറ്റടിക്കുന്നതും കടൽ പ്രക്ഷുബ്ധമായതും മൂലം തീരത്തേക്ക് ശക്തമായ ഒഴുക്കുള്ളതിനാലാണ് ഇന്നലെ കൊടുങ്ങല്ലൂരിന് പടിഞ്ഞാറ് 40 നോട്ടിക്കൽ മൈൽ (74 കിലോമീറ്റർ) അകലെയുണ്ടായിരുന്ന കപ്പൽ ഇന്ന് കൊച്ചി തീരത്തോട് അടുത്തത്. വൈകിട്ട് നാലു മണിയോടെ നാവികസേനയുടെ ഹെലികോപ്റ്റർ വഴി 4 നാവികർ കപ്പലിലിറങ്ങുകയും ടഗ് ‘ഓഫ്ഷോർ വാരിയറു’മായി ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദൗത്യം കഴിഞ്ഞതിനു പിന്നാലെ നാവികസേനാംഗങ്ങളെ ഉടനെ മുകളിലേക്ക് കയറ്റി. കപ്പലിനെ തീരമേഖലയിൽ നിന്ന് അകലേക്ക് വലിച്ചു മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. കപ്പലില്‍ നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്.  

കപ്പലിന്റെ ഡക്കിലെ തീ ഇന്നലെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിരുന്നെങ്കിലും ഡെക്കിനടിയിലെ തീ അണയ്ക്കാൻ സാധിച്ചിരുന്നില്ല. ഇതിനു പിന്നാലെ ഇന്നലെ വൈകിട്ട് ഏഴു മണിയോടെ കപ്പലിന്റെ ഡെക്കിൽ വീണ്ടും തീപിടിച്ചു. രാത്രിയും രക്ഷാദൗത്യം തുടർന്നെങ്കിലും ശക്തമായ ഒഴുക്കിൽ കപ്പൽ 2.78–3.7 കിലോമീറ്റർ വേഗത്തിൽ ഒഴുകുകയായിരുന്നു. ഇന്ന് കൊച്ചിയുടെ പടിഞ്ഞാറൻ മേഖലയിൽ കപ്പൽ വളരെ അടുത്തെത്തിയതോടെയാണ് നാവികസേന തന്നെ നേരിട്ട് രക്ഷാദൗത്യത്തിന് ഇറങ്ങിയത്. തീരസംരക്ഷണസേനയും കപ്പൽ കമ്പനി നിയോഗിച്ച രക്ഷാപ്രവർത്തകരും കഴിഞ്ഞ ദിവസം കപ്പലിൽ ഇറങ്ങി ടഗുമായി ബന്ധിപ്പിച്ചെങ്കിലും കടൽ വീണ്ടും പ്രക്ഷുബ്ധമായതോടെ ഇത് പരാജയപ്പെടുകയായിരുന്നു. 

പടിഞ്ഞാറു നിന്ന് മണിക്കൂറിൽ 22 കിലോമീറ്റർ വേഗത്തിൽ വീശിക്കൊണ്ടിരുന്ന കാറ്റ് ഇടയ്ക്ക് 37 കിലോമീറ്ററായും വർധിച്ചിരുന്നു. ഇതോടെയാണ് കപ്പൽ ഒഴുകി കൊച്ചിക്ക് അടുത്തേക്ക് എത്തിയത്. ജൂണ്‍ 14–16 ദിവസങ്ങളിൽ കേരള, മാഹി, ലക്ഷദ്വീപ് മേഖലയിൽ മണിക്കൂറിൽ 50–60 കിലോമീറ്റർ വരെ കാറ്റു വീശാനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കപ്പലിനെ വീണ്ടും ബന്ധിക്കാൻ സാധിച്ചതോടെ തീരത്തോട് കൂടുതൽ അടുക്കാതെ വലിച്ചു മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് നാവികസേനാ വൃത്തങ്ങൾ വ്യക്തമാക്കി. 

ഇന്നലെ ഹെലികോപ്റ്ററിൽ നിന്ന് തീ അണയ്ക്കാനുള്ള ഡ്രൈ കെമിക്കൽ പൗഡർ (ഡിസിപി) വിതറി ഡെക്കിലെ തീ ഏറെക്കുറെ അണയ്ക്കാൻ സാധിച്ചിരുന്നു. എന്നാൽ ഡെക്കിലുള്ള രാസവസ്തുക്കൾ മൂലം വൈകിട്ടോടെ വീണ്ടും തീപിടിക്കുകയായിരുന്നു എന്നാണ് വിവരം. തുടർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ വീണ്ടും ശക്തമാക്കി. തീ അണയ്ക്കാനുള്ള 3000 ലീറ്ററോളം ഫോമിനു (പത) പുറമെ 5000 കിലോഗ്രാം ഡിസിപി ഇന്നലെ തന്നെ ബേപ്പൂർ എയർബേസിൽ എത്തിച്ചിരുന്നു. 2000 കിലോഗ്രാം ഡിസിപിയും അടിയന്തരാവശ്യത്തിന് എത്തിച്ചിട്ടുണ്ട്. 20,000 കിലോഗ്രാം ഫോം മുംബൈയിൽ നിന്നും എത്തിച്ചിട്ടുണ്ട്. ഈ മാസം ഒൻപതിനാണ് കണ്ണൂർ അഴിക്കൽ തീരത്തു നിന്ന് 44 നോട്ടിക്കൽ മൈൽ അകലെെവച്ച് വാൻ ഹയി 503 എന്ന സിംഗപ്പൂർ കപ്പലിന് തീ പിടിച്ചത്.

English Summary:

Wan Hai 503 cargo ship: Indian Navy Responds as Burning Ship Wan Hai 503 Approaches Kochi Coast.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com