ADVERTISEMENT

കാഞ്ഞങ്ങാട്∙ അഹമ്മദാബാദിൽ വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ജൂനിയർ സൂപ്രണ്ട് എ.പവിത്രൻ സർവീസിൽ തുടരാൻ പ്രാപ്തനല്ലെന്നും കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കലക്ടർ സർക്കാരിന് ശുപാർശ നൽകി.

നിരവധി മുന്നറിയിപ്പുകളും താക്കീതുകളും നല്‍കിയിട്ടും നടപടികള്‍ക്കു വിധേയനായിട്ടും നിരന്തരമായി റവന്യൂ വകുപ്പിനും സര്‍ക്കാരിനും അപകീര്‍ത്തി ഉണ്ടാക്കുന്ന പ്രവൃത്തികള്‍ പവിത്രൻ ആവർത്തിക്കുകയാണെന്നു സർക്കാരിനു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിനു പവിത്രനെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. റവന്യൂ വകുപ്പിന് അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ സമൂഹമാധ്യമത്തില്‍ അഭിപ്രായം രേഖപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ കമന്റ് ഇടുകയും ചെയ്തതിനാണ് സസ്‌പെന്‍ഡ് ചെയ്തത്. സമൂഹമാധ്യമത്തില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പവിത്രൻ കമന്റ് നീക്കം ചെയ്തിരുന്നു. നിരവധി പേര്‍ പവിത്രനെ വിമര്‍ശിച്ച് രംഗത്തെത്തി.

പവിത്രനെതിരെ നേരത്തേയും നടപടിയുണ്ടായിട്ടുണ്ട്. 2023 ഓഗസ്റ്റില്‍ നെല്ലിക്കാട്ടെ ക്ഷേത്ര പ്രസിഡന്റിനെ സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനു ലഭിച്ച പരാതിയില്‍ പവിത്രനെ എഡിഎം താക്കീത് ചെയ്തിരുന്നു. 2024 ഫെബ്രുവരിയില്‍ സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന മറ്റൊരാളുടെ പരാതിയിലും കര്‍ശന താക്കീത് നല്‍കി. തുടര്‍ന്ന്, പവി ആനന്ദാശ്രമം എന്ന സമൂഹമാധ്യമത്തിലെ ഐഡി വഴി മുന്‍ മന്ത്രിയും കാഞ്ഞങ്ങാട് എംഎല്‍എയുമായ ഇ.ചന്ദ്രശേഖരനെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ച് പോസ്റ്റ് പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയില്‍ പവിത്രനെ സര്‍വീസില്‍ നിന്നും സസ്പെൻഡ് ചെയ്തു. നടപടികള്‍ പൂര്‍ത്തിയാക്കി 2024 നവംബർ ഏഴിനാണ് സർവീസിൽ പുനഃപ്രവേശിപ്പിച്ചത്.

English Summary:

Strict Action Against Revenue department official A. Pavithran: A. Pavithran's repeated derogatory remarks led to a recommendation for strict disciplinary action. The District Collector's report details numerous instances of defamatory statements and social media posts.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com