വോട്ടിന് ഒരാഴ്ച; ‘പിന്തുണ’യെന്ന വിവാദത്തിരയിൽ വളളം മറിയാതെ മുന്നണികൾ; പ്രചാരണത്തുഴയുമായി ആശമാരും

Mail This Article
നിലമ്പൂർ ∙ വോട്ടെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ നിലമ്പൂരിൽ ശക്തമായ പ്രചാരണ പരിപാടികളുമായി നിലയുറപ്പിച്ച് പ്രധാന മുന്നണികൾ. മലപ്പുറം വിവാദം, ക്ഷേമപെൻഷൻ, വന്യമൃഗശല്യം, അനന്തുവിന്റെ ഷോക്കേറ്റു മരണം തുടങ്ങി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാറിയെത്തിയ വിഷയങ്ങൾക്കൊടുവിൽ വെൽഫെയർ പാർട്ടിയും പിഡിപിയും പ്രധാന മുന്നണികൾക്കും നൽകിയ പിന്തുണ ഉയർത്തിവിട്ട വിവാദത്തിരയിളക്കത്തിലാണ് മണ്ഡലം. ഇതിനിടെ നിലതെറ്റാതെ വ്യാഖ്യാനത്തുഴകളെറിഞ്ഞ് പ്രചാരണ വള്ളങ്ങൾ നിലയുറപ്പിച്ച് മുന്നേറുകയാണ് ഇടതുവലതു മുന്നണികൾ.
യുഡിഎഫിനെതിരെ ആരോപണശരമെയ്യാൻ എൽഡിഎഫ് ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട പ്രസ്താവനകളെ ആശ്രയിക്കുമ്പോൾ പിഡിപി പിന്തുണ എന്ന എതിർശരം എൽഡിഎഫിനെതിരെ പ്രതിരോധമായി ഉയർത്തുകയാണ് യുഡിഎഫ് പക്ഷം. പിന്തുണ വിവാദത്തിൽ ഇരുമുന്നണികളെയും കടന്നാക്രമിച്ച് എൻഡിഎ പക്ഷവും നിലയുറപ്പിച്ചതോടെ രാഷ്ട്രീയ വിഷയങ്ങളുടെ പ്രക്ഷുബ്ധമായ പ്രചാരണത്തിരയിളക്കത്തിലാണ് നിലമ്പൂർ പോർനിലം.

∙ ആശമാരുടെ കടന്നുവരവ്; ‘യഥാർഥ’ ആശ എന്ന പ്രതിരോധം
സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിൽ നിന്ന് നിലമ്പൂരിലെ പ്രചാരണനിലത്തേക്ക് ആശാ പ്രവർത്തകരുടെ കടന്നുവരവാണ് വ്യാഴാഴ്ച ശ്രദ്ധേയമായത്. ഇടതു സ്ഥാനാർഥിക്കെതിരെ പ്രത്യക്ഷത്തിൽ നേരിട്ടു സംസാരിക്കാതെ സർക്കാരിനെതിരായ പ്രചാരണമാണ് നിലമ്പൂരിൽ നടത്തുന്നതെന്ന പ്രഖ്യാപനമാണ് ആശാ പ്രവർത്തകരുടേത്. ആദ്യദിനത്തിൽ തന്നെ നഗരസഭാ പരിധിയിലെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഒത്തുചേർന്നെത്തി സർക്കാരിനെതിരായ ലഘുലേഖയും ആശയങ്ങളും പങ്കുവച്ചാണ് ആശാ സമര സമിതി പ്രവർത്തകർ മുന്നേറിയത്.

ഇടതു സ്ഥാനാർഥിയല്ലെങ്കിൽ മറ്റാർക്ക് വോട്ടുകുത്തണമെന്ന് പറയാതെ പറഞ്ഞു മുന്നേറുന്ന ആശമാരുടെ പ്രചാരണം നേരിട്ടു തലവേദന സൃഷ്ടിക്കുന്നത് ഇടതുപക്ഷത്തിന്റെ പ്രചാരണത്തെയാണ്. യഥാർഥ ആശമാരല്ല വ്യാഴാഴ്ച നിലമ്പൂരിൽ പ്രചാരണത്തിനെത്തിയതെന്നും യഥാർഥ ആശമാർ വെള്ളിയാഴ്ച മുതൽ എം.സ്വരാജിനൊപ്പം പ്രചാരണത്തിനുണ്ടാകുമെന്നും ഇടതു പ്രവർത്തകർ പറയുന്നു. യഥാർഥ ആശമാർ ഒപ്പമുണ്ടെന്ന എം.സ്വരാജിന്റെ പ്രഖ്യാപനവും ആശമാരുടെ കടന്നുവരവിനെ പാർട്ടി എങ്ങനെയാകും നിലമ്പൂരിൽ പ്രതിരോധിക്കുകയെന്നതിന്റെ സൂചനയായി.

എം.സ്വരാജിനു വേണ്ടി പ്രചാരണത്തിനെത്തുന്ന ആശാ പ്രവർത്തകരുടെ വാർത്താസമ്മേളനം വെളളിയാഴ്ച രാവിലെ നിലമ്പൂരിൽ നടത്തുമെന്ന് ഇടതുപക്ഷ നേതാക്കളും അറിയിച്ചു കഴിഞ്ഞു. ഇതോടെ ‘യഥാർഥ’ ആശമാർ ആർക്കൊപ്പം എന്ന ആശയസംഘർഷത്തിലേക്ക് നിലമ്പൂരിലെ വോട്ടർമാർ മാറുമെന്നാണ് ഇടതുപ്രതീക്ഷ.
∙ വൈബ് നിറച്ച് ഇടതുപക്ഷം, കുടുംബയോഗങ്ങളിൽ യുഡിഎഫ്
പാർട്ടി ചിഹ്നത്തിൽ തന്നെ ഒരു സ്ഥാനാർഥിയെ ലഭിച്ചതിലെ രാഷ്ട്രീയ നേട്ടം എല്ലാതരത്തിലും ഉറപ്പാക്കാനുളള കഠിനശ്രമത്തിലാണ് സിപിഎമ്മിന്റെ പ്രചാരണ വിഭാഗം. ഡിജെ നൈറ്റ്, ഗാനമേള, പ്രഫഷനൽ മീറ്റ് എന്നിവയ്ക്കൊപ്പം വിദ്യാർഥി സംഘടനാ പ്രവർത്തകരെ അണിനിരത്തി പ്രത്യേക റാലിയും നിലമ്പൂർ നഗരത്തിൽ എൽഡിഎഫ് വ്യാഴാഴ്ച സംഘടിപ്പിച്ചു.
യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് മരുതയിലും കരുളായിയിലുമാണ് വ്യാഴാഴ്ച പ്രചാരണ വാഹനവുമായി എത്തിയത്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ.സി.വേണുഗോപാൽ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി, അടൂർ പ്രകാശ് എംപി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ.സുധാകരൻ, രമേശ് ചെന്നിത്തല, ഇ.ടി.മുഹമ്മദ് ബഷീർ എംപി, എം.എം.ഹസൻ തുടങ്ങിയ നേതാക്കൾ വിവിധ കുടുംബസംഗമങ്ങളിൽ പങ്കെടുത്തു.
ഗൃഹ സന്ദർശനങ്ങളിലും വഴിക്കടവ് പഞ്ചായത്തിലെ പര്യടനങ്ങളിലുമാണ് വ്യാഴാഴ്ച എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ് ശ്രദ്ധയൂന്നിയത്. ഉച്ചയ്ക്കു ശേഷം അഹമ്മദാബാദിലുണ്ടായ വിമാനദുരന്തത്തിന്റെ വാർത്ത എത്തിയതോടെ വൈകിട്ട് ചന്തക്കുന്ന് ബസ് സ്റ്റാൻഡ് പരിസരത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ യുവമോർച്ച പ്രവർത്തകർ മെഴുകുതിരികൾ കത്തിച്ച് ആദരാഞ്ജലികൾ അർപ്പിച്ചതും പ്രചാരണങ്ങൾക്കിടയിലെ വേറിട്ട കാഴ്ചയായി.
വോട്ടുറപ്പിക്കാൻ സാധ്യതയുള്ള മേഖലകളിൽ നിരന്തരം പ്രചാരണവാഹനങ്ങൾ ഇറക്കിയുള്ള വേറിട്ട വഴിയിലാണ് പി.വി.അൻവറിനൊപ്പമുള്ള പ്രവർത്തകർ. പിന്തുണ വിഷയത്തിൽ പ്രധാനമുന്നണികൾ തമ്മിലടിക്കുന്നതിനിടെ വ്യാഴാഴ്ച രാവിലെ കാരന്തൂർ മർകസിലെത്തി കാന്തപുരം എ.പി. അബൂബക്കർ മുസല്യാരെ കണ്ട് ആശീർവാദം തേടുന്നതിലും പി.വി.അൻവർ ശ്രദ്ധപതിപ്പിച്ചു.