‘അധികാരമുണ്ട്, പക്ഷേ ചെയ്യുന്നില്ല എന്നു പറയാനുള്ള ധൈര്യമെങ്കിലും കാട്ടണം’: ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളലിൽ കേന്ദ്രത്തോട് കോടതി

Mail This Article
കൊച്ചി ∙ മുണ്ടക്കൈ–ചൂരമല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതു സംബന്ധിച്ച് രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന വകുപ്പ് ഭേദഗതി ചെയ്തെങ്കിലും ഇക്കാര്യത്തിൽ നയപരമായ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിൽ ബാങ്കുകൾക്ക് നിർദേശം നൽകുന്നതിൽ കേന്ദ്ര സർക്കാർ അഭിപ്രായം അറിയിക്കാനും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.എം.മനോജ് എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. ദുരന്തബാധിതരുടെ വായ്പകൾ എഴുതി തള്ളാൻ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരം നൽകുന്ന 13ാം വകുപ്പ് ദുരന്തനിവാരണ നിയമത്തിൽ നിന്ന് ഒഴിവാക്കിയതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കോടതിയുടെ പ്രതികരണം.
ദുരന്തനിവാരണ നിയമത്തിൽനിന്ന് 13-ാം വകുപ്പ് ഒഴിവാക്കിയതോടെ വായ്പ എഴുതിത്തള്ളാൻ ബാങ്കുകളോടു ശുപാർശ ചെയ്യാനുള്ള നിയമാധികാരം അതോറിറ്റിക്ക് ഇല്ലെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ.സുന്ദരേശൻ കോടതിയിൽ അറിയിച്ചു. ഇതുസംബന്ധിച്ചുള്ള ദുരന്ത നിവാരണ വകുപ്പ് അണ്ടർ സെക്രട്ടറിയുടെ സത്യവാങ്മൂലവും സമർപ്പിച്ചു. എന്നാൽ നിയമ തത്വസംഹിതകളെ കുറിച്ച് അണ്ടർ സെക്രട്ടറിയിൽ നിന്ന് തങ്ങൾക്ക് പാഠം ഉള്‍ക്കൊള്ളാൻ പറ്റില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
അതോറിറ്റിക്ക് അധികാരമില്ലെങ്കിൽ സർക്കാരിന് അതുണ്ട്. ഒരു കാര്യം ചെയ്യാനുള്ള മടി മനസ്സിലാക്കാം. എന്നാൽ അധികാരമുണ്ട്, പക്ഷേ ചെയ്യുന്നില്ല എന്നു പറയാനുള്ള ധൈര്യമെങ്കിലും കാട്ടണമെന്ന് കോടതി അഭിപ്രായപ്പെട്ടു. 13ാം വകുപ്പ് ഒഴിവാക്കിയതിനാൽ കേന്ദ്ര സർക്കാരിന് അധികാരമില്ലെന്നാണ് അണ്ടർ സെക്രട്ടറിയുടെ നിലപാടെങ്കിൽ രാജ്യത്തെ നിയമം ഇതാണോയെന്ന് കോടതി ചോദിച്ചു. അതോറിറ്റിക്ക് അധികാരമില്ലെങ്കിൽ കേന്ദ്ര സർക്കാരിന് അധികാരമില്ല എന്നാണോ അർഥമെന്നും കോടതി ചോദിച്ചു. 13ാം വകുപ്പ് ഒഴിവാക്കിയതിന് മുൻകാല പ്രാബല്യമുണ്ടോയെന്ന് ഉൾപ്പെടെ വ്യാഖ്യാനിക്കേണ്ടതു ഹൈക്കോടതിയാണെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു.
നിയമത്തിൽ വ്യവസ്ഥയില്ലെങ്കിൽ സർക്കാരിനു തീരുമാനമെടുക്കാവുന്നതാണെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ പറഞ്ഞു. എന്നാൽ കേന്ദ്ര സർക്കാരിന്റെ അധികാരത്തെക്കുറിച്ചാണു തങ്ങൾ പറയുന്നതെന്നും കേന്ദ്ര സർക്കാരിനു നിയമം നിർമിക്കാനുൾപ്പെടെയുള്ള അവകാശങ്ങളെക്കുറിച്ച് വിവരിക്കുന്ന ഭരണഘടനയുടെ 70ാം വകുപ്പുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിന് അധികാരമില്ലെന്ന് പറയരുത്. വായ്പ എഴുതി തള്ളാൻ ബാങ്കുകൾക്ക് നിർദേശം നൽകാൻ കേന്ദ്ര സർക്കാരിന് അധികാരമില്ലെങ്കിൽ അക്കാര്യം വിശദമാക്കി സത്യവാങ്മൂലം നൽകൂ. നയപരമായ തീരുമാനമാണെങ്കിൽ സർക്കാർ അതെടുക്കണം. അതുതന്നെയാണ് കോടതിയും പറയുന്നത്. തങ്ങൾക്ക് അധികാരമില്ലെന്നു പറഞ്ഞ് ദേശീയ ദുരന്തനിവാരണ അതോറിറ്റി കൈകഴുകിയപ്പോൾ നിക്ഷിപ്തമായ അധികാരം കേന്ദ്ര സർക്കാരിനാണ്.
ബാങ്ക് വായ്പ എഴുതി തള്ളുമോയെന്ന കാര്യത്തിൽ തീരുമാനം സർക്കാർ പറയട്ടെ എന്നും കോടതി അഭിപ്രായപ്പെട്ടു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴുള്ള ഉത്തരവിൽ കേന്ദ്ര സർക്കാരും ദുരന്ത നിവാരണ അതോറിറ്റിയും മറുപടി നൽകണമെന്ന നിർദേശം നൽകിയിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. മറുപടി നൽകാൻ കേന്ദ്രം ആവശ്യപ്പെട്ട മൂന്നാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും.
ദുരന്ത നിവാരണ നിയമത്തിലെ നീക്കം ചെയ്ത 13ാം വകുപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയിച്ചിരുന്നു. ഗുരുതര സ്വഭാവമുള്ള പ്രകൃതി ദുരന്തങ്ങളിൽ ദുരന്തബാധിതർക്ക് വായ്പാ തിരിച്ചടവിൽ ഇളവുകൾ നൽകാനും ലളിതമായ വ്യവസ്ഥകളോടെ പുതിയ വായ്പകൾ അനുവദിക്കാനും ദേശീയ അതോറിറ്റിക്ക് ശുപാർശ ചെയ്യാൻ അധികാരം നൽകുന്ന സുപ്രധാന വകുപ്പാണിത്. തികച്ചും മാനുഷികപരമായ പരിഗണനയോടെ നിയമത്തിൽ ഉൾപ്പെടുത്തിയ ഈ വകുപ്പ് നീക്കം ചെയ്യുന്നത് പ്രകൃതിദുരന്തങ്ങൾക്ക് ഇരയായവരെ കൂടുതൽ ദുരിതത്തിലാക്കുമെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.