അഹമ്മദാബാദ്∙ എയർ ഇന്ത്യ വിമാനദുരന്തം അന്വേഷിക്കാൻ ബോയിങ് വിദഗ്ധർ ഇന്ത്യയിലെത്തി. ജൂൺ 12ന് ഉണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 241 പേരടക്കം 270 പേർ മരിച്ചിരുന്നു. അപകടത്തിന് പിന്നാലെയുണ്ടായ പൊട്ടിത്തെറിയിൽ ബോയിങ് 287-8 ഡ്രീംലൈനർ വിമാനം പൂർണമായും തക‌രുകയും ചെയ്തു. അഹമ്മദാബാദിൽ എത്തിയ ബോയിങ് വിദഗ്ധർ വൈകാതെ അപകടസ്ഥലം സന്ദർശിക്കും. വിമാന അപകടത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനം യുഎസ് നിർമിതമായതിനാൽ യുഎസ് നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് രാജ്യാന്തര പ്രോട്ടോക്കോളുകൾക്ക് കീഴിൽ സമാന്തര അന്വേഷണം നടത്തുന്നുണ്ട്.

ബോയിങ് 787-8 ഡ്രീംലൈനർ 2023 ജൂണിൽ സമഗ്രമായ അറ്റകുറ്റപ്പണി പരിശോധനകൾക്ക് വിധേയമായിരുന്നതായാണ് അധികൃതർ പറയുന്നത്. ഡിസംബറിൽ അടുത്തഘട്ട പരിശോധനയും ഷെ‍ഡ്യൂൾ ചെയ്തിരുന്നുവെന്നും എയർലൈൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. അതിനിടെ എയർ ഇന്ത്യയുടെ ബോയിങ് 787-8, 787-9 വിമാനങ്ങളുടെ സുരക്ഷാ പരിശോധനകൾ വർദ്ധിപ്പിക്കാൻ ഡിജിസിഎ ഉത്തരവിട്ടു. എയർ ഇന്ത്യയ്ക്ക് 26 ബോയിങ് 787-8 വിമാനങ്ങളും ഏഴ് ബോയിങ് 787-9 വിമാനങ്ങളുമുണ്ട്. 

അതേസമയം അപകടത്തിൽ തകർന്ന വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്‌സ് റിക്കോർഡർ (സിവിആർ) കണ്ടെത്തി. ഞായറാഴ്ച നടത്തിയ തിരച്ചിലിലാണ് സിവിആർ ലഭിച്ചത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തതിന് ദിവസങ്ങൾക്ക് ശേഷമാണ് സിവിആർ ലഭിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്. അപകടത്തിൽ തകർന്ന ഡോക്ടർമാരുടെ ഹോസ്റ്റലിന്റെ മേൽക്കൂരയിൽ നിന്നാണ് ഇതു കണ്ടെത്തിയത്. ഞായറാഴ്ച അപകടം നടന്ന ബിജെ മെഡിക്കൽ കോളേജ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ.മിശ്ര സന്ദർശിച്ചിരുന്നു.

English Summary:

Boeing investigates Air India plane crash: Boeing investigates Air India plane crash. The Cockpit Voice Recorder (CVR) has been found, crucial to the ongoing investigation into the deadly June 12th accident.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com