‘രാഷ്ട്രീയവൽക്കരിക്കാൻ മന്ത്രി തീരുമാനിച്ചു; ഭാരത് മാതാ കീ ജയ് എന്നു പറയാമെങ്കില്‍ ഭാരതാംബ ചിത്രത്തിൽ പുഷ്പാര്‍ച്ചന നടത്തുന്നതിൽ എന്താണ് തെറ്റ്’

Mail This Article
തിരുവനന്തപുരം∙ ഭാരതാംബ ചിത്രവിവാദത്തില്‍ കൃഷിവകുപ്പിനെയും കൃഷി മന്ത്രിയേയും കുറ്റപ്പെടുത്തി രാജ്ഭവന് വൃത്തങ്ങള്‍. ഗവര്‍ണുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി പി.ശ്രീകുമാര്‍ ദേശീയദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ഭാരതാംബ വിവാദം വീണ്ടും പരാമര്‍ശ വിഷയമാക്കിയിരിക്കുന്നത്. ത്രിവര്‍ണപതാക കയ്യിലേന്തുന്ന ഭാരതാംബയുടെ ചിത്രം ഉപയോഗിക്കാമെന്നു പറഞ്ഞിട്ടും പുഷ്പാര്‍ച്ചന നിര്‍ബന്ധമല്ലെന്ന് അറിയിച്ചിട്ടും വിഷയം രാഷ്ട്രീയവല്‍ക്കരിക്കുകയാണ് കൃഷിമന്ത്രി ചെയ്തതെന്നും ലേഖനത്തില്‍ വിശദീകരിക്കുന്നു.
ലോക പരിസ്ഥിതി ദിനത്തോട് അനുബദ്ധിച്ച് ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ടുണ്ടായത് വെറും പ്രോട്ടോക്കോള്‍ തര്‍ക്കമല്ലെന്നും പ്രശ്നം വഷളാക്കിയത് കൃഷിവകുപ്പിന്റെ പിടിവാശിയാണെന്ന വിമര്‍ശനവും ലേഖനത്തിലുണ്ട്.
ഗവര്‍ണറായി രാജേന്ദ്ര അര്‍ലേക്കര്‍ ചുമതലയേറ്റതിനു പിന്നാലെ രാജ്ഭവനിലെ മെയിന്‍ഹാളില്‍ നടക്കുന്ന പരിപാടികള്‍ക്കു വിളക്കു കൊളുത്തുന്നതും ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നതും ചടങ്ങിന്റെ തുടക്കത്തിലും ഒടുക്കത്തിലും ദേശീയഗാനം ആലപിക്കുന്നതും നടപ്പാക്കിയിരുന്നു. രാജ്യത്തിന്റെ പാരമ്പര്യത്തോടും ഏകതയോടുമുള്ള ബഹുമാനത്തിന്റെ ഭാഗമായാണിത്. യാതൊരു വിവാദവും കൂടാതെ രാജ്ഭവനില്‍ പിന്നീട് പല ചടങ്ങുകളും നടന്നിരുന്നു.
എന്നാല്‍ പരിസ്ഥിതി ദിനാചരണത്തോടെയാണ് ഇതു വിവാദമായത്. നിലവിളക്കും ചിത്രവും നീക്കണമെന്നാണ് കൃഷിവകുപ്പ് ആവശ്യപ്പെട്ടത്. പിന്നീട് വിളക്ക് പ്രശ്നമല്ലെന്നും ആര്‍എസ്എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രം അംഗീകരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. ചിത്രമാണ് പ്രശ്നമെങ്കില്‍ ത്രിവര്‍ണ പതാക ഏന്തുന്ന ഭാരതാംബയുടെ ചിത്രം ഉപയോഗിക്കാമെന്ന് രാജ്ഭവന് നിര്‍ദേശിച്ചു. എന്നാല്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കാന്‍ പാടില്ലെന്ന മറുപടിയാണ് കൃഷിവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ലേഖനത്തില്‍ പറയുന്നു.
പുഷ്പാര്‍ച്ചന നടത്തുന്നത് നിര്‍ബന്ധമല്ലെന്നും താല്പര്യമില്ലാത്തവര്ക്ക് അത് ഒഴിവാക്കാമെന്നും രാജ്ഭവന് അറിയിച്ചു. ഇത്രത്തോളം പറഞ്ഞിട്ടും വിഷയം രാഷ്ട്രീയവല്‍ക്കരിക്കാനാണ് കൃഷിമന്ത്രി തീരുമാനിച്ചതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. പരിപാടിയുടെ അന്നു രാവിലെയാണ് പുഷ്പാര്‍ച്ചന പ്രോട്ടോക്കോള്‍ അല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചത്. ദേശീയ ചിഹ്നങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തുന്നതും നിലവിളക്കു കൊളുത്തുന്നതും വിലക്കി എന്തെങ്കിലും പ്രോട്ടോക്കോള്‍ ഉണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. ഭാരതമാതാവിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നത് എങ്ങനെ ഭരണഘടനാവിരുദ്ധമാകും. ദേശീയഗാനത്തിന്റെ അവസാനം ഭാരത് മാതാ കീ ജയ് എന്നു പറയാമെങ്കില്‍ ചിത്രത്തില്‍ പുഷ്പം അര്‍പ്പിക്കുന്നതില്‍ എന്തു തെറ്റാണ് ഉള്ളത്. സത്യപ്രതിജ്ഞ പോലുള്ള ചടങ്ങുകളില്‍ ചിത്രം ഉണ്ടാകുമോ എന്നതാണ് പല കോണുകളില്‍നിന്നും ഉയര്‍ന്ന സംശയം. നിലവിളക്കു കൊളുത്തുന്നത് അത്തരം ചടങ്ങുകളുടെ ഭാഗമല്ലെന്ന് എല്ലാവര്ക്കും അറിയാവുന്നതാണല്ലോ.
ഭാരതാംബ എന്ന സങ്കല്പം ഏതെങ്കിലും സംഘടനയുടെ അജന്‍ഡയുടെ ഭാഗമായി ഉയര്‍ന്നുവന്നതല്ലെന്ന് ലേഖനം വ്യക്തമാക്കുന്നു. കാവിക്കൊടിയും സിംഹവുമുള്ള ഭാരതാംബയുടെ ചിത്രത്തെ രാഷ്ട്രീയചിത്രമായി കുറച്ചുകാണുന്നത് ആ സങ്കല്പത്തിന്റെ ആത്മീയവും സാംസ്കാരികവുമായ ആഴം അവഗണിക്കുന്നതിനു തുല്യമാണ്. ഭാരതാംബയെ വര്‍ഗീയവല്‍ക്കരിക്കുന്നതും അപകടകരമായ കീഴ്വഴക്കമാണ്. വിഷയത്തില്‍ സമവായം കണ്ടെത്താന്‍ ശ്രമിക്കാതെ ചടങ്ങ് ഉപേക്ഷിച്ച സര്‍ക്കാര്‍ നടപടി ദേശീയതയുടെ സാംസ്കാരിക ആവിഷ്കാരം അംഗീകരിക്കാനുള്ള വിമുഖതയാണ് പ്രകടമാക്കുന്നതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.