ഹൈദരാബാദിലേക്ക് പറക്കുന്നതിനിടെ ‘യുടേൺ’ അടിച്ച് ബോയിങ് ഡ്രീംലൈനർ വിമാനം; ഇന്ത്യയിൽ ഇറക്കാൻ അനുവദിച്ചില്ലെന്ന് ആരോപണം

Mail This Article
ഹൈദരാബാദ്∙ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്ന് ഹൈദരാബാദിലേക്ക് പോയ ലുഫ്താൻസ വിമാനത്തിൽ ബോംബ് ഭീഷണി. ഇതോടെ വിമാനം ഫ്രാങ്ക്ഫർട്ടിൽതന്നെ തിരിച്ചിറക്കി. ഞായറാഴ്ച വൈകിട്ട് യാത്ര തിരിച്ച വിമാനമാണ് രണ്ടു മണിക്കൂർ പറന്നതിനു ശേഷം ബോംബ് ഭീഷണിയെ തുടർന്ന് തിരികെ ഫ്രാങ്ക്ഫർട്ടിൽ തന്നെ ലാൻഡ് ചെയ്തത്. ലുഫ്താൻസ എയർലൈൻസിന്റെ ബോയിങ് 787-9 ഡ്രീംലൈനർ വിമാനമായ എൽഎച്ച് 752 പ്രാദേശിക സമയം വൈകിട്ട് 6 മണിയോടെയാണ് ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽനിന്നു പുറപ്പെട്ടത്.
ഫ്ലൈറ്റ് ട്രാക്കിങ് ഡേറ്റ അനുസരിച്ച്, വിമാനം ഏകദേശം രണ്ടു മണിക്കൂറോളം പറന്നതിന് ശേഷം ബൾഗേറിയൻ വ്യോമാതിർത്തിക്ക് മുകളിൽ വച്ച് യു-ടേൺ എടുക്കുകയും ഫ്രാങ്ക്ഫർട്ടിലേക്കു തിരിച്ചുപറക്കുകയുമായിരുന്നു. തിങ്കളാഴ്ച പുലർച്ചെ 1.20 ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് വിമാനം ഇറങ്ങേണ്ടിയിരുന്നത്. ബോംബ് ഭീഷണിയെ തുടർന്നാണ് വിമാനം തിരികെ പറന്നതെന്ന് ഹൈദരാബാദ് വിമാനത്താവള ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യയിൽ ഇറങ്ങാൻ അനുവാദമില്ലെന്ന് അറിയിച്ചതോടെയാണ് വിമാനം തിരികെ ഫ്രാങ്ക്ഫർട്ടിലേക്ക് പറന്നതെന്ന് യാത്രക്കാർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹൈദരാബാദിൽ വിമാനത്തിന് ഇറങ്ങാൻ അനുമതി ലഭിച്ചില്ലെന്നാണ് പൈലറ്റ് പറഞ്ഞതെന്നും യാത്രക്കാരിൽ ഒരാൾ പറയുന്നു.
മറ്റൊരു സംഭവത്തിൽ, ചെന്നൈയിലേക്കു പുറപ്പെട്ട ബ്രിട്ടിഷ് എയർവേയ്സിന്റെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനം ചിറകിലെ ഫ്ലാപ്പിന് തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ തിരിച്ചിറക്കി.