തകരാർ തുടർക്കഥ; സാൻഫ്രാൻസിസ്കോ– മുംബൈ എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ

Mail This Article
കൊൽക്കത്ത∙ സാൻഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ സാങ്കേതിക തകരാർ. ചൊവാഴ്ച്ച പുലർച്ചെയാണ് സംഭവം. കൊൽക്കത്തയിലെ നേതാജി സുബാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോൾ വിമാനത്തിന്റെ ഇടതു വശത്തുള്ള എൻജിനിൽ തകരാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് യാത്രക്കാരെ പുറത്തിറക്കി വിമാനം പരിശോധിക്കുകയുണ്ടായി. തകരാർ ഉണ്ടായതിനെ തുടർന്ന് കൊൽക്കത്തയിൽ നിന്നു മുംബൈയിലേക്കുള്ള ടേക്ക് ഓഫ് വൈകി.
എയർ ഇന്ത്യയുടെ എഐ180 എന്ന വിമാനം സാൻഫ്രാൻസിസ്കോയിൽ നിന്ന് നിശ്ചയിച്ച പ്രകാരം യാത്ര ആരംഭിച്ചിരുന്നു. പുലർച്ചെ 12.45ന് കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിയപ്പോൾ എൻജിനിൽ സാങ്കേതിക തകരാർ നേരിട്ടു. ഏകദേശം നാലു മണിക്കൂറിനു ശേഷം, പുലർച്ചെ 5.20ന് എല്ലാ യാത്രക്കാരും വിമാനത്തിൽ നിന്നു പുറത്തിറങ്ങാൻ ആവശ്യപ്പെട്ടുകൊണ്ടുളള അറിയിപ്പ് പുറപ്പെടുവിച്ചു. വിമാനത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് ക്യാപറ്റൻ യാത്രക്കാരെ അറിയിക്കുകയുണ്ടായി. അഹമ്മദാബാദിലെ വിമാനാപകടം സംഭവിച്ച് അഞ്ചു ദിവസത്തിനു ശേഷമാണ് വീണ്ടും എയർ ഇന്ത്യയുടെ വിമാനം സാങ്കേതിക തകരാർ നേരിടുന്നത്.