കപ്പൽ കത്തിയതിലും കേസെടുത്ത് പൊലീസ്; അണയ്ക്കാനാകാതെ തീ, അർത്തുങ്കലിൽ അടിഞ്ഞ മൃതദേഹം കപ്പൽ ജീവനക്കാരന്റേത്?

Mail This Article
കൊച്ചി∙ വാൻ ഹയി 503 കപ്പലിന് തീപിടിച്ച സംഭവത്തിലും കേസെടുത്ത് പൊലീസ്. നേരത്തെ ആലപ്പുഴ പുറംകടലിൽ മുങ്ങിയ എംഎസ്‍സി എൽസ 3 കപ്പലിന് സമാനമായ വകുപ്പുകൾ ചേർത്താണ് ഫോർട്ട്കൊച്ചി തീരദേശ പൊലീസ് കേസെടുത്തിരിക്കുന്നത്. അപകടരമായ വിധത്തിൽ കപ്പൽ ഓടിച്ച് അപകടം വരുത്തി തുടങ്ങിയവ അടക്കം ബിഎൻഎസിലെ 282, 285, 286, 287, 288, 3(5) വകുപ്പുകളാണ് ചേർത്തിരിക്കുന്നത്. വടകര ഒഞ്ചിയം സ്വദേശി പി.വി.സുനീഷാണ് പരാതിക്കാരൻ.
വാൻ ഹയി 503 എന്ന ചരക്കു കപ്പലിലുള്ള കണ്ടെയ്നറുകളിൽ എളുപ്പത്തിൽ തീ പിടിക്കാൻ സാധ്യതയുള്ള ചരക്കുകളും സ്ഫോടക വസ്തുക്കളും അപകടകരമായ രാസവസ്തുക്കളും ഉണ്ടെന്ന് അറിയാമെന്നിരിക്കെ, മനുഷ്യജീവന് അപകടം ഉണ്ടാക്കുംവിധം അപകടകരമായും ഉദാസീനമായും കൈകാര്യം ചെയ്തെന്നും ഇതു കാരണം ജൂൺ 9ന് ബേപ്പൂർ പുറംകടൽ ഭാഗത്ത് വച്ച് കപ്പലിന് തീപിടിക്കുകയും തുടര്‍ന്ന് ഇന്ധനവും മറ്റ് എണ്ണകളും കണ്ടെയ്നറുകളും കടലിലേക്ക് വീഴുകയും ചെയ്തു. കൂടാതെ തീപിടിത്തത്തിലൂടെ കണ്ടെയ്നറുകളിൽനിന്ന് ഉപദ്രവകാരികളായ വാതകങ്ങളും മറ്റു രാസവസ്തുക്കളും പുറന്തള്ളപ്പെട്ടു. ഇതു പരാതിക്കാരനെയും മറ്റു മത്സ്യത്തൊഴിലാളികളെയും കൂടാതെ കടലിലെയും കരയിലെയും ആവാസ വ്യവസ്ഥയെയും ജീവജാലങ്ങളെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കാൻ ഇടയാക്കുകയും മത്സ്യബന്ധനത്തിനും കപ്പല്‍ ചാലില്‍ സഞ്ചരിക്കുന്ന യാനങ്ങളുടെ പൊതുസഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തു എന്നാണ് എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്.
ഈ മാസം ഒമ്പതിന് അഴീക്കൽ തീരത്തുനിന്ന് 44 നോട്ടിക്കൽ മൈൽ അകലെ വച്ച് തീപിടിച്ച കപ്പലാണ് ഇപ്പോഴും കത്തിക്കൊണ്ട് ഒഴുകി നടക്കുന്നത്. കപ്പലിലെ ജീവനക്കാരിൽ 5 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അതിൽ 3 പേർ ഐസിയുവിലും. കാണാതായ 4 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇന്ന് അർത്തുങ്കലിന് അടുത്ത് അടിഞ്ഞ മൃതദേഹങ്ങളിലൊന്ന് കപ്പൽ ജീവനക്കാരന്റേതാണെന്ന് സൂചനയുണ്ട്.
∙ വില്ലനായി കാലാവസ്ഥ
‘തീക്കപ്പൽ’ വാൻ ഹയി 503നെ കേരള തീരത്തുനിന്നു വലിച്ചുമാറ്റാൻ സാധിക്കുമ്പോഴും വില്ലനായി പ്രതികൂല കാലാവസ്ഥ. നിലവിൽ കൊച്ചി തീരത്തു നിന്ന് 70 നോട്ടിക്കൽ മൈൽ (120 കിമീ) വരെ കപ്പലിനെ എത്തിക്കാൻ കഴിഞ്ഞെങ്കിലും ശക്തമായ മഴയും കലിതുള്ളുന്ന കടലും പടിഞ്ഞാറു നിന്ന് കരയിലേക്ക് ആഞ്ഞടിക്കുന്ന കാറ്റും രക്ഷാദൗത്യത്തെ ദുഷ്കരമാക്കുന്നുണ്ട്. കരയിൽനിന്ന് ഭക്ഷണം അടക്കമുള്ള വസ്തുക്കൾ രക്ഷായാനങ്ങളിലേക്ക് എത്തിക്കാൻ പോലും പ്രതികൂല കാലാവസ്ഥ തടസമാകുന്നു എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം. അതേസമയം, കപ്പലിൽ ഇപ്പോഴും തീ അണയ്ക്കാനുള്ള ശ്രമങ്ങളും ശക്തമായി നടക്കുന്നുണ്ട്.
നിലവിൽ ഏഴ് ടഗ്ഗുകൾ – ഓഫ്ഷോർ വാരിയർ, ട്രിട്ടോൺ ലിബർട്ടി, ബോക്കാ വിങ്ങർ, സരോജ ബ്ലെസിങ്, സാക്ഷം, ഗാർനെറ്റ്, ഇടിവി വാട്ടൽ ലില്ലി – എന്നിവയാണ് രക്ഷാദൗത്യം നടത്തുന്നത്. ഇതിൽ ഓഫ്ഷോർ വാരിയറാണ് തീക്കപ്പലിനെ ഇരുമ്പുവടമിട്ട് നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. മറ്റു കപ്പലുകൾ തീപിടിച്ച ഭാഗങ്ങളിലും തീ പിടിക്കാതെ നോക്കേണ്ട ഭാഗങ്ങളിലും ജലവും രാസവസ്തുക്കളും ഊഴമിട്ട് പമ്പു ചെയ്യുന്നു. എല്ലാത്തിനും സഹായവുമായി തീരദേശ സംരക്ഷണ സേനയുടെ കപ്പലും നാവികസേനയുടെ ഹെലികോപ്റ്റർ ഉൾപ്പെടെയുള്ളവയും ഉണ്ട്. എന്നാൽ പ്രക്ഷുബ്ധമായ കടലും കോരിച്ചൊരിയുന്ന മഴയും കാറ്റുമെല്ലാം കാരണം അത്യന്തം ദുഷ്കരമായ അവസ്ഥയിലാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. കരയിൽ നിന്ന് ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ളവ എത്തിച്ചാലും ഈ ടഗ്ഗുകളിലേക്കും മറ്റും അവ കൈമാറുന്നതിനും പ്രതികൂല കാലാവസ്ഥ തടസമാണ്. നിലവിൽ കപ്പലിൽ ഉള്ളവർക്ക് പുറമെ ഒരു സംഘത്തെ കൊച്ചിയിലും തയാറാക്കി നിർത്തിയിട്ടുണ്ട്. ഈ മേഖലയിൽ വിദഗ്ധരായവരെ യൂറോപ്പിൽ നിന്നും യുഎസിൽ നിന്നും എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.
നിലവിൽ മണിക്കൂറിൽ ശരാശരി 50–60 കിലോമീറ്റർ വേഗതയിലാണ് കാറ്റു വീശുന്നതെങ്കിലും ഇത് ചിലപ്പോള്‍ 110 കിലോമീറ്റർ വരെയാകുന്നുണ്ട് എന്നാണ് വിവരം. കപ്പലിന്റെ മിക്ക ഭാഗങ്ങളിലുമുള്ള തീ അണച്ചു കഴിഞ്ഞെങ്കിലും ചില ഭാഗങ്ങളിൽ പൊടുന്നനെയാണ് അഗ്നിബാധയുണ്ടാകുന്നത്. വെളുത്തതും ചാര നിറത്തിലുള്ളതുമായ പുകയ്ക്കു പുറമെ ചില ഭാഗങ്ങളിൽനിന്നു കറുത്ത പുകയും പുറത്തു വരുന്നുണ്ട്. ഈ പുകയിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടോ എന്നതും രക്ഷാസംഘത്തിന് കണക്കിലെടുക്കേണ്ട കാര്യമാണ്. തീ കെടുത്താൻ നിലവിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഫോമിന് (പത) ഇപ്പോൾ കാര്യമായ ഫലം തരാൻ കഴിയുന്നില്ല എന്നു കണ്ടതോടെ യുഎസിൽ നിന്ന് പൈറോകൂൾ എന്ന തീ അണയ്ക്കുന്ന പത ഇറക്കുമതി ചെയ്ത് ഉപയോഗിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
കപ്പലിനെ നിലവിൽ ഓഫ്ഷോർ വാരിയര്‍ എന്ന ടഗ്ഗാണ് കെട്ടിവലിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു പകരം കൂടുതൽ ശേഷിയുള്ള ബോക്കാ വിങ്ങർ ടഗ്ഗുമായി കപ്പലിനെ ബന്ധിപ്പിക്കുന്ന കാര്യം ആലോചനയിലുണ്ട്. രണ്ടു ടഗ്ഗുകളിലായി കെട്ടിവലിക്കുന്നതും ആലോചനയിലുണ്ട്. കപ്പലിനെ കേരളത്തിന്റെ തീര മേഖലയ്ക്ക് പുറത്തേക്ക് പൂർണമായി എത്തിച്ച് അപകടം പൂർണമായി ഒഴിവാക്കുക എന്നതാണ് തങ്ങൾ ലക്ഷ്യമിടുന്നത് എന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. മഴ ശക്തമാകാനിരിക്കെ, കേരളത്തിന്റെയോ ലക്ഷദ്വീപിന്റെയോ തീരത്തേക്ക് കപ്പൽ അടുക്കാതിരിക്കുകയും വേണം. കപ്പലിൽ ഇപ്പോഴും തീയുണ്ട്, പ്രതികൂല കാലാവസ്ഥയിൽ കെട്ടിവലിക്കുന്നതിന് പരിമിതിയുണ്ട്, കപ്പലിലെ മാരക രാവസ്തുക്കൾ ഉയർത്തുന ഭീഷണി, ഒപ്പം കപ്പൽ തകരുകയോ മറ്റോ ചെയ്യുന്ന സാഹചര്യം, ഈ നാലു കാര്യങ്ങളാണ് നിലവിൽ രക്ഷാസംഘം ഒരേ സമയം കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്നത്.