ADVERTISEMENT

തിരുവനന്തപുരം∙ ആലപ്പുഴ പുറങ്കടലില്‍ മുങ്ങിയ എംഎസ്‌സി എല്‍സ 3 ചരക്കുകപ്പലില്‍നിന്ന് ഇന്ധനം ഊറ്റിയെടുക്കുന്ന പ്രവര്‍ത്തനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയതിനു പിന്നാലെ സിംഗപ്പുര്‍ കമ്പനിയായ ടി ആന്‍ഡ് ടിയെ എണ്ണ ഊറ്റുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിവാക്കുന്നു. ഷിപ്പിങ് ഡയറക്ടറേറ്റ് ജനറല്‍ ആണ് ഇക്കാര്യം അറിയിച്ചത്. എണ്ണ ഊറ്റിയെടുക്കുന്ന ഘട്ടത്തിന്റെ ഗൗരവം കണക്കിലെടുത്താണ് സാല്‍വേജ് കമ്പനിയെ മാറ്റി പുതിയ കരാറുകാരെ തിരഞ്ഞെടുക്കുന്നതെന്നും ഡിജി ഷിപ്പിങ് വ്യക്തമാക്കുന്നു. 24 മണിക്കൂറിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമാകും.

എണ്ണ ഊറ്റിയെടുക്കാന്‍ 24-26 ദിവസം വേണ്ടിവരുമെന്ന് ടി ആന്‍ഡ് ടി കമ്പനി കഴിഞ്ഞ ദിവസം ഡിജി ഷിപ്പിങ്ങിനെ അറിയിച്ചിരുന്നു. എണ്ണ ഊറ്റുന്നതുള്‍പ്പെടെയുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ നടത്താന്‍ കമ്പനിക്കു കഴിഞ്ഞില്ലെന്നും ഇതു ഗുരതരമായ വീഴ്ചയാണെന്നും ചൂണ്ടിക്കാട്ടി എംഎസ്‌സി കമ്പനിക്കും ടി ആന്‍ഡ് ടി കമ്പനിക്കും കഴിഞ്ഞയാഴ്ച ഡിജി ഷിപ്പിങ് കത്തു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ ഒഴിവാക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. തുടര്‍പ്രവര്‍ത്തനങ്ങള്‍ വൈകുന്നത് കേരളതീരത്ത് വലിയതോതില്‍ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും ഡിജി ഷിപ്പിങ് ചൂണ്ടിക്കാട്ടിയിരുന്നു.

തോട്ടപ്പള്ളിക്കു സമീപം അറബിക്കടലില്‍ 51 മീറ്റര്‍ ആഴത്തില്‍ മുങ്ങിക്കിടക്കുന്ന കപ്പലിന്റെ എണ്ണ ടാങ്കുകളില്‍ ഉണ്ടായിരുന്ന ചോര്‍ച്ച അടച്ചുവെന്ന് ഡിജി ഷിപ്പിങ് അറിയിച്ചിരുന്നു. ഇനി ടാങ്കുകളില്‍നിന്നുള്ള എണ്ണ കടലില്‍ പടരാതെ സുരക്ഷിതമായി ഊറ്റിയെടുക്കുകയെന്ന ദൗത്യമാണ് മുന്നിലുള്ളത്. മോശം കാലാവസ്ഥയും പ്രക്ഷുബ്ധമായ കടലുമാണ് ഏറ്റവും വലിയ വെല്ലുവളി. കാലാവസ്ഥ അനുകൂലമായതിനു ശേഷം സാച്ചുറേഷന്‍ ഡൈവിങ് ഓപ്പറേഷന്‍ ഉള്‍പ്പെടെ നടത്തുന്നതാണ് ഉചിതമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

മുങ്ങിയ കപ്പലിലെ ടാങ്കുകളില്‍ പൈപ്പ് ഘടിപ്പിച്ച് മുകളില്‍ എത്തുന്ന കപ്പലിലെ ടാങ്കിലേക്ക് എണ്ണ മാറ്റുകയാണ് ചെയ്യുന്നത്. മോശം കാലാവസ്ഥയില്‍ പൈപ്പിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ എണ്ണ കടലില്‍ പടര്‍ന്ന് മലീനീകരണത്തിനു കാരണമാകും. ഈ പ്രശ്‌നം ഒഴിവാക്കുന്നതിനാണ് കാലാവസ്ഥ അനുകൂലമാകാന്‍ കാത്തിരിക്കുന്നത്. അതേസമയം എണ്ണച്ചോര്‍ച്ച ഉള്‍പ്പെടെ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. കൊച്ചിയിലെ താജ് മലബാര്‍ ഹോട്ടലില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെന്ററാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

English Summary:

MSC Elsa 3 oil removal: The Singapore companyT&T has been removed from the oil extraction operations off the coast of Alappuzha, and a new contractor will be selected soon.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com