ADVERTISEMENT

ആൽവാർ∙ അമ്മയും കാമുകനും ചേർന്ന് അച്ഛനെ കൊലപ്പെടുത്തിയതിൽ സാക്ഷിയായി ഒൻപതു വയസ്സുകാരനായ മകൻ. കുട്ടിയുടെ നിർണായക മൊഴിയിൽ അമ്മയെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ആൽവാറിൽ ഖേർലി പ്രദേശത്താണ് സംഭവം. മാൻ സിങ് ജാദവ് (വീരു) ആണ് കൊല്ലപ്പെട്ടത്. മാൻ സിങ്ങിന്റെ ഭാര്യ അനിത, കാമുകനായ കാശിറാം പ്രജാപത്, സഹായി ബ്രിജേഷ് ജാദവ് എന്നീ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഈ മാസം ഏഴിനാണ് മാൻ സിങ് ജാദവിനെ അനിതയും കാശിറാമും ചേർന്ന് വാടകക്കൊലയാളികളും സഹായത്തോടെ വീട്ടിനുള്ളിൽവച്ച് കൊലപ്പെടുത്തിയത്. ഹൃദയാഘാതത്തെ തുടർന്നാണ് മാൻ സിങ്ങിന്റെ അന്ത്യമെന്നാണ് അനിത ബന്ധുക്കളോടു നാട്ടുകാരോടും പറഞ്ഞിരുന്നത്. ഒൻപതു വയസ്സുകാരനായ മകന്റെ നിർണായക മൊഴിയാണ് കേസിന്റെ ചുരുളഴിച്ചത്. 

കുട്ടിയുടെ മൊഴി പ്രകാരം, സംഭവ ദിവസം രാത്രിയിൽ വീടിന്റെ പ്രധാന ഗേറ്റ് അനിത മനഃപൂർവം തുറന്നിട്ടിരിക്കുകയായിരുന്നു. അർധരാത്രിയോടെ, ‘കാശി അങ്കിൾ’ മറ്റു നാലു പേരോടൊപ്പം വീട്ടിൽ വന്നു. മാൻ സിങ് ഉറങ്ങിയിരുന്ന കിടക്കയ്ക്കു സമീപം ആറു പേരുമെത്തി. ഇതിനു ശേഷം മാൻ സിങ്ങിനെ തലയിണ കൊണ്ട് മുഖത്തമർത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സമീപത്ത് താൻ ഉറക്കം നടിച്ച് കിടക്കുകയായിരുന്നെങ്കിലും എല്ലാം കാണുന്നുണ്ടായിരുന്നെന്ന് കുട്ടി പൊലീസിനോടു പറഞ്ഞു. 

‘‘ഉറക്കത്തിലേക്കു വീണ ഉടനെയാണ് വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടത്. കണ്ണുതുറന്നപ്പോൾ എന്റെ അമ്മ ഗേറ്റ് തുറക്കുന്നത് കണ്ടു. കാശി അങ്കിൾ പുറത്ത് നിൽക്കുന്നു; അദ്ദേഹത്തോടൊപ്പം നാലു പേർ കൂടി ഉണ്ടായിരുന്നു. പേടിച്ചു പോയതു കൊണ്ട് ഞാൻ എഴുന്നേറ്റില്ല, നിശബ്ദനായി കിടന്ന് എല്ലാം കണ്ടുകൊണ്ടിരുന്നു. അവർ ഞങ്ങളുടെ മുറിയിലേക്കു വന്നു. ഞാൻ എഴുന്നേറ്റപ്പോൾ എന്റെ അമ്മ കട്ടിലിന് മുന്നിൽ നിൽക്കുന്നത് കണ്ടു. ആ ആളുകൾ അച്ഛനെ അടിക്കുകയും കാലുകൾ വളച്ചൊടിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു. കാശി അങ്കിൾ ഒരു തലയണ കൊണ്ട് വായ പൊത്തിപ്പിടിച്ചിരുന്നു. ഞാൻ അച്ഛന്റെ അടുത്തേക്കു കൈ നീട്ടിയപ്പോൾ കാശി അങ്കിൾ എന്നെ മടിയിൽ എടുത്ത് ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പേടി കാരണം ഞാൻ മിണ്ടിയില്ല. കുറച്ച് മിനിറ്റുകൾക്ക് ശേഷം അച്ഛൻ മരിച്ചു... പിന്നെ എല്ലാവരും പോയി.’’ – കുട്ടി പറഞ്ഞു.

പൊലീസ് പറയുന്നതനുസരിച്ച്, അടുപ്പത്തിലായിരുന്ന അനിതയും കാശിറാമും മുൻകൂട്ടി പദ്ധതി തയാറാക്കിയാണ് മാൻ സിങ്ങിനെ കൊലപ്പെടുത്തിയത്. ഖേർലിയിൽ അനിത ഒരു ചെറിയ ജനറൽ സ്റ്റോർ നടത്തിയിരുന്നു. പലഹാര വിൽപനക്കാരനായ കാശിറാം പതിവായി ഇവിടെ എത്താറുണ്ടായിരുന്നു. ഇരുവരും പിന്നീട് അടുപ്പത്തിലാകുകയായിരുന്നു. ഒരുമിച്ചു ജീവിക്കുന്നതിനു വേണ്ടിയാണ് മാൻ സിങ്ങിനെ കൊല്ലാൻ തീരുമാനിച്ചത്. ഇതിനായി രണ്ടു ലക്ഷം രൂപ വാഗ്ദാനം ചെയ്ത് നാലു വാടകക്കൊലയാളികളെയും ഏർപ്പെടുത്തി. ജൂൺ 7നു രാത്രി കാശിറാമും വാടകക്കൊലയാളികളും വീട്ടിലെത്തിയപ്പോൾ അനിത പിൻവാതിൽ തുറന്നു കൊടുത്തു. ഉറക്കത്തിലായിരുന്ന മാൻ സിങ്ങിനെ കൊലപ്പെടുത്തുകയും പിറ്റേന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്ന് എല്ലാവരോടും പറയുകയും ചെയ്തു. 

ഭർത്താവ് പെട്ടെന്ന് അസുഖബാധിതനായെന്നാണ് അനിത ബന്ധുക്കളോടു പറഞ്ഞത്. എന്നാൽ ശരീരത്തിലെ പാടുകളും ഒടിഞ്ഞ പല്ലും കണ്ട് സംശയം തോന്നിയ ബന്ധുക്കൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് മരണം കൊലപാതകമാണെന്നു സ്ഥിരീകരിച്ചത്. മാൻ സിങ്ങിനെ സഹോദരൻ ഗബ്ബാർ ജാദവിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പ്രദേശത്തെ നൂറിലധികം സിസിടിവികൾ പരിശോധിക്കുകയും ഫോൺ കോൾ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. വാടകക്കൊലയാളികളിൽ മൂന്നു പേർ കൂടി ഇനിയു പിടിയിലാകാനുണ്ട്. ഇവർക്കായി തിരച്ചിൽ നടത്തുകയാണ്.

English Summary:

Murder Case: "Mummy Just Watched": Boy, 9, Says He Saw "Uncle" Smother Father With Pillow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com