ADVERTISEMENT

കോഴിക്കോട്∙ ആനക്കാംപൊയിൽ കള്ളാടി–മേപ്പാടി തുരങ്കപാതയുടെ പ്രവർത്തനോദ്ഘാടനം ജൂലൈയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫാണ് ഇക്കാര്യം അറിയിച്ചത്. മേയ് 14,15 തീയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തില്‍ ആനക്കാംപൊയില്‍ കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പ്രവൃത്തി വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് നടപ്പിലാക്കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. നേരത്തേ പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്ധസമിതി മാര്‍ച്ചില്‍ പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു. ഈ നിര്‍ദേശങ്ങള്‍ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തല്‍ അതോറിറ്റി അംഗങ്ങളുടെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് കേന്ദ്ര വിദഗ്ധസമിതിയുടെ പരിഗണനയ്ക്കു വിട്ടത്. വിവിധ ഉപാധികളോടെയാണു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പാരിസ്ഥികാനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ കരാര്‍ ഒപ്പിട്ട് തുരങ്കപാതയുടെ പ്രവൃത്തി ആരംഭിക്കാനാവും.

പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കണ്‍ റെയില്‍വേ എന്നിവയുടെ തൃകക്ഷി കരാറിലാണ് തുരങ്കപാത നിര്‍മാണം നടക്കുക. ഭോപ്പാല്‍ ആസ്ഥാനമാക്കിയ ദിലിപ് ബില്‍ഡ്‌കോണ്‍, കൊല്‍ക്കത്ത അസ്ഥാനമാക്കിയ റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികളാണ് കരാര്‍ ഏറ്റെടുത്തത്. 2134 കോടി രൂപയാണ് പദ്ധതി ചെലവ്. ടെൻഡർ നടപടികള്‍ നേരത്തേ പൂര്‍ത്തീകരിച്ചിരുന്നതായി എംഎൽഎ സമൂഹമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി. തുരങ്കപാതയ്ക്കു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നേരത്തേ അന്തിമ അനുമതി നൽകിയിരുന്നു. പ്രവർത്തി നടക്കുമ്പോൾ പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതവും അതു ലഘൂകരിക്കാൻ സ്വീകരിക്കുന്ന നടപടികളും സംബന്ധിച്ച് കൊങ്കൺ റെയിൽ അധികൃതർ നൽകിയ വിശദീകരണം അംഗീകരിച്ചാണ് കേന്ദ്ര മന്ത്രാലയം അനുമതി നൽകിയത്. നിർമാണത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന രണ്ടു കമ്പനികൾക്ക് വർക്ക് ഓർഡർ നൽകാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കൊങ്കൺ റെയിൽ അധികൃതരും വ്യക്തമാക്കിയിരുന്നു. 1341 കോടി രൂപയ്ക്ക് ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ് തുരങ്കത്തിന്റെ നിർമാണവും 160 കോടി രൂപയ്ക്ക് റോയൽ ഇൻഫ്രാസ്ട്രക്ചർ കമ്പനി അപ്രോച്ച് റോഡിന്റെ നിർമാണവുമാണ് ഏറ്റെടുക്കുക. തുരങ്കപ്പാത പദ്ധതിക്ക് അന്തിമ അനുമതി നൽകാമെന്ന് സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി (സിയ) വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നതു പരിഗണിച്ചാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അനുമതി നൽകിയത്.

പരിസ്ഥിതിക്കും സുരക്ഷയ്ക്കും മുൻഗണന നൽകി 60 ഉപാധികളോടെയാണ് അനുമതി നൽകിയത്. മണ്ണെടുപ്പ് കുറയ്ക്കാൻ നിർദിഷ്ട പാലത്തിന്റെ സ്പാൻ കുറഞ്ഞത് 180 മീറ്ററായി ഉയർത്തണം,  സ്ഫോടനം മൂലമുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സിഎസ്ഐആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ് ആൻഡ് ഫ്യുവൽ റിസർച്ച് നടത്തിയ പഠനത്തിലെ എല്ലാ ശുപാർശകളും നടപ്പാക്കണം, നിർണായക പ്രദേശങ്ങളുടെ സ്ഥിരം നിരീക്ഷണച്ചുമതല പരിസ്ഥിതി നിർവഹണ സമിതിക്ക് നൽകണം, സമിതിയിൽ കലക്ടർ ശുപാർശ ചെയ്യുന്ന നാല് അംഗങ്ങൾ വേണം, നാല് ഭൂപ്രകമ്പന നിരീക്ഷണ സ്റ്റേഷനുകൾ സ്ഥാപിക്കണം, അപ്പൻകാപ്പ് ആനത്താരയ്ക്കായി 3.059 ഹെക്ടർ ഏറ്റെടുക്കണം, ബാണാസുരചിലപ്പൻ തുടങ്ങിയ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെ സംരക്ഷിക്കാൻ പ്രത്യേക പദ്ധതി വേണം തുടങ്ങിയവയാണ് പ്രധാന ഉപാധികൾ.

English Summary:

Kerala's Anakkampoyil-Kalladi-Meppadi Tunnel Road Gets Green Light: The ₹2134 crore project, involving KIIFB and Konkan Railway, will significantly enhance connectivity and is set for July inauguration.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com