ADVERTISEMENT

ഇറാനെ തകർക്കാൻ യുഎസ് ഇസ്രയേലിനു കൈകൊടുക്കുമോ എന്ന ഒറ്റച്ചോദ്യത്തിന്റെ ഉത്തരമാണ് മധ്യപൂർവദേശത്തിന്റെ ഭാവി നിർണയിക്കുന്നത്. ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കാനുള്ള ഇസ്രയേലിന്റെ ഓപ്പറേഷൻ റൈസിങ് ലയണിൽ പങ്കുചേർന്നാൽ ഇറാന്റെ ഫോർഡോ ആണവകേന്ദ്രമാകും യുഎസിന്റെ പ്രധാന ലക്ഷ്യമാകുക എന്നാണ് റിപ്പോർട്ട്. എന്തിനാണ് ഫോർഡോയിൽ ഇസ്രയേൽ യുഎസിന്റെ സഹായം തേടുന്നത് ? എന്തുകൊണ്ടാണ് ഫോർഡോ ഇസ്രയേലിന് അപ്രാപ്യമാകുന്നത് ? 

∙ എന്തുകൊണ്ട് ഫോർഡോ ?

നതാൻസിനുശേഷം ഇറാന്റെ രണ്ടാമത്തെ പ്രധാന ആണവസമ്പുഷ്ടീകരണ കേന്ദ്രമാണ് ഫോർഡോ അഥവാ ഷാഹിദ് അലി മുഹമ്മദി ആണവ കേന്ദ്രം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന് 100 കിലോമീറ്റർ തെക്കുപടിഞ്ഞാറായി വിശുദ്ധനഗരമായ ക്വോമിന് സമീപം പർവതങ്ങൾക്കു കീഴിലായി 262 മുതൽ 295 അടി വരെ താഴ്ചയിലാണ് ഫോർഡോ പണി കഴിപ്പിച്ചിട്ടുള്ളത്. ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങളും ഇറാൻ റവല്യുഷനറി ഗാർഡ് കോറിന്റെ പഴുതടച്ച കാവലുമുള്ള ഫോർഡോയിലാണ് ആണവായുധ നിർമാണത്തിനുള്ള യുറേനിയം സമ്പുഷ്ടീകരണം ഇറാൻ നടത്തുന്നതെന്ന് ആണവ നിർവ്യാപനരംഗത്തെ വിദഗ്ധർ പറയുന്നു. സമ്പുഷ്ട യുറേനിയത്തിന്റെ ശേഖരം വിശാലമാക്കാൻ ഇറാൻ ലക്ഷ്യമിടുന്നതും ഫോർഡോയിൽ തന്നെ. രണ്ടു ഹാളുകളിലായി 3,000 സെൻട്രിഫ്യൂജുകൾ ഇവിടെ പ്രവർത്തിക്കുന്നു.

israel-attack-iran
ഇറാനിയൻ പ്രവിശ്യയായ ഹോർമോസ്ഗാനിലെ ബന്ദർ അബ്ബാസിന് തെക്കു പടിഞ്ഞാറുള്ള ഷാഹിദ് രാജീ തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ തകർന്ന കാറുകൾ. (Photo by MOHAMMAD RASOLE MORADI / IRNA / AFP)

രണ്ടായിരത്തിന്റെ തുടക്കത്തിൽ തന്നെ ഇറാൻ ഫോർഡോ ആണവകേന്ദ്രത്തിന്റെ നിർമാണം തുടങ്ങിയെങ്കിലും 2004ലാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ ഉപഗ്രഹ ചിത്രങ്ങൾ ലോകം ശ്രദ്ധിക്കുന്നത്. 2009ൽ നിർമാണം ഏറക്കുറെ പൂർത്തിയായി. ഫോർഡോയെക്കുറിച്ചുള്ള വിവരങ്ങൾ ഇറാൻ അതീവ രഹസ്യമായി സൂക്ഷിച്ചെങ്കിലും 2009ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസിയും ബ്രിട്ടിഷ് പ്രധാനമന്ത്രി ഗോർഡൻ ബ്രൗണും ഫോർഡോയെക്കുറിച്ച് ലോകത്തോടു വെളിപ്പെടുത്തി. ഫോർ‍ഡോയുടെ വലുപ്പവും ശേഷിയും സമാധാനപരമായ ഒരു പദ്ധതിയുമായി ചേർന്നു പോകുന്നതല്ലെന്ന ആശങ്കയാണ് ഒബാമ പങ്കുവച്ചത്.

പാശ്ചാത്യ രാജ്യങ്ങൾക്ക് ഫോർഡോയെക്കുറിച്ച് വിവരം ലഭിച്ചെന്നറിഞ്ഞ ഇറാൻ ഒബാമയുടെ വെളിപ്പെടുത്തലിന് ഏതാനും ദിവസംമുൻപ്, തങ്ങൾ ഒരു ആണവകേന്ദ്രം നിർമിക്കാനാഗ്രഹിക്കുന്നെന്ന് രാജ്യാന്തര ആണവോർജ ഏജൻസിയെ (ഐഎഇഎ) അറിയിച്ചിരുന്നു. ഇറാനെതിരെയുള്ള ആക്രമണങ്ങൾ പ്രതിരോധിക്കാനാണ് ഭൂഗർഭ ആണവകേന്ദ്രം നിർമിക്കുന്നതെന്നാണ് അവർ ഐഎഇഎയ്ക്ക് നൽകിയ വിശദീകരണം. 3000 സെൻട്രിഫ്യൂജ് വരെയാണ് ഫോർഡോയുടെ ശേഷിയെന്നാണ് ഇറാൻ ഐഎഇഎയെ അറിയിച്ചിട്ടുള്ളത്. ഐഎഇഎയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഫോർഡോയിൽ 60 % വരെ യുറേനിയം സമ്പുഷ്ടീകരിക്കുന്നുണ്ട്.

അണുബോംബുകൾ നിർമിക്കാനാകുന്ന 90 % സമ്പുഷ്ടീകരിച്ച യുറേനിയം ഉൽപാദിപ്പിക്കാൻ ഫോർഡോയ്ക്ക് വളരെ വേഗത്തിൽ ആകുമെന്നതാണ് ഇസ്രയേലും യുഎസും ഉയർത്തിക്കാട്ടുന്ന ഭീഷണി. നിലവിലെ സാഹചര്യത്തിൽ മൂന്നാഴ്ച കൊണ്ട് ഫോർഡോയ്ക്ക് ഇത് സാധിക്കും. നതാൻസിൽപോലും 5 ശതമാനം മാത്രമാണ് യുറേനിയം സമ്പുഷ്ടീകരിക്കുന്നത്. 2023ൽ 83.7 % സമ്പുഷ്ടികരീച്ച യുറേനിയം കണ്ടെത്തിയതായി ഐഎഇഎ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഫോർഡോയെ ഇല്ലാതാക്കാതെ ഇറാന്റെ ആണവശക്തി പൂർണമായി ഇല്ലാതാക്കാൻ ഇസ്രയേലിന് കഴിയില്ലെന്ന് സാരം. എന്നാൽ മറ്റിടങ്ങളെപ്പോലെ ഇസ്രയേലിന് അനായാസം ആക്രമിച്ചു തകർക്കാനാകുന്നതല്ല ഫോർഡോ.

∙ യുഎസ് നൽകുമോ ബങ്കർ ബസ്റ്റർ ?

ഭൂഗർഭത്തിൽ മൂന്നൂറടി താഴ്ചയിലുള്ള ഫോർഡോ തകർക്കാൻ ശേഷിയുള്ള സാങ്കേതിക വിദ്യയൊന്നും ഇസ്രയേലിന്റെ പക്കൽ ഇല്ലെന്നതാണ് ഫോർഡോയെ ഇസ്രയേലിന് അപ്രാപ്യമാക്കുന്നത്. ജൂലൈ 13ന് ഇറാനിൽ നടത്തിയ ആക്രമണത്തിൽ ഫോർഡോയെയും ലക്ഷ്യമിട്ടെങ്കിലും അതൊന്നും ഫോർഡോയിൽ ഏശിയിട്ടില്ലെന്ന് ഐഎഇഎ വ്യക്തമാക്കുന്നു. ഫോർഡോയെ തകർക്കാൻ ലോകത്ത് ഒരേയൊരു ശക്തിക്കു മാത്രമേ ഇസ്രയേലിനെ സഹായിക്കാനാകൂ. അത് യുഎസിനാണ്.

ഭൂമിക്കടിയിൽ ഇത്രയും ആഴത്തിലുള്ള ലക്ഷ്യം തകർക്കാനാകുന്ന ആയുധം നിലവിൽ യുഎസിനു മാത്രമാണുള്ളത്. 30,000 പൗണ്ട് ബോംബ്, ജിബിയു–57, മാസീവ് ഓർഡ്നൻസ് പെനട്രേറ്റർ എന്നീ പേരുകളിലും ‘ബങ്കർ ബസ്റ്റർ’ എന്ന ഓമനപ്പേരിലും അറിയപ്പെടുന്ന ആയുധത്തിനായാണ് ഇസ്രയേൽ യുഎസിന്റെ സഹായം തേടുന്നത്. 30,000 പൗണ്ട് ഭാരമുള്ള ബങ്കർ ബസ്റ്ററിനെ വഹിക്കാൻ ശേഷിയുള്ളത് യുഎസ് വ്യോമസേനയുടെ ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾക്കു മാത്രമാണ്. ഇതും ഇസ്രയേലിന്റെ പക്കലില്ല.

എന്നാൽ 200 അടിയോളം മാത്രമാണ് ബങ്കർ ബസ്റ്ററിന് തുരന്നിറങ്ങാനാകുക എന്നതിനാൽ ഒന്നിലധികം തവണ ആക്രമണം നടത്തിയാലേ ഫോർഡോയെ ചെറിയതോതിലെങ്കിലും തൊടാനാകൂവെന്നും അഭിപ്രായങ്ങളുണ്ട്. എന്തായാലും ഇസ്രയേലിനൊപ്പം ചേർന്നുകൊണ്ട് ഇറാനെതിരെ പ്രത്യക്ഷനീക്കത്തിന് യുഎസും ഇറങ്ങിയാൽ വിശാലയുദ്ധമാകും മധ്യപൂർവദേശത്തെ കാത്തിരിക്കുന്നത്.

English Summary:

Iran-Israel Conflict: All about Iran's Fordo nuclear facility, which Israel hasn't been able to attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com