‘മോദി മികച്ചത്’; അദ്ദേഹത്തെ പോലെയാകാൻ ശ്രമമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി

Mail This Article
കനാനസ്കിസ് (കാനഡ)∙ മോദിയെപ്പോലെയാകാനാണ് താൻ ശ്രമിക്കുന്നതെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി. കാനഡയിലെ കനാനസ്കിസിൽ നടന്ന ജി–7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോഴാണ് മെലോനിയുടെ പരാമർശം. ഹസ്തദാനത്തോടെയാണ് ഇരുനേതാക്കളും പരസ്പരം സ്വീകരിച്ചത്. ഇറ്റലിയുമായുള്ള ഇന്ത്യയുടെ സൗഹൃദം ശക്തമായി മുന്നോട്ടുപോകുമെന്ന് മോദി പറഞ്ഞു.
‘നിങ്ങളാണു മികച്ചത്. താങ്കളെപ്പോലെയാകാനാണ് ഞാൻ ശ്രമിക്കുന്നത്’–എന്നായിരുന്നു മെലോനിയുടെ മറുപടി. മോദിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രം ‘ഇറ്റലിയും ഇന്ത്യയും–മഹത്തായ സൗഹൃദത്താൽ ബന്ധിക്കപ്പെട്ടത്’ എന്ന തലക്കെട്ടോടെ മെലോനി എക്സിലും പങ്കുവച്ചു. പൂർണമായും യോജിക്കുന്നുവെന്നു പറഞ്ഞ് ഈ പോസ്റ്റ് മോദി പങ്കുവച്ചിട്ടുമുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നമ്മുടെ ജനങ്ങൾക്ക് ഉപകാരമുണ്ടാകുന്ന തരത്തിൽ ഇനിയുമേറെ ശക്തമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. നേതാക്കൾ തമ്മിൽ ഹ്രസ്വ ചർച്ചയും ഉച്ചകോടിക്കിടെ നടന്നു.
നേരത്തേ ദുബായിൽ നടന്ന കോപ്28 സമ്മേളനത്തിനിടെ മോദിയും മെലോനിയും ചേർന്നെടുത്ത സെൽഫി ‘മെലഡി’ എന്ന പേരിൽ വലിയ ശ്രദ്ധ നേടിയിരുന്നു. മെലോനി തന്നെയാണ് മെലഡി എന്ന പേര് പങ്കുവച്ചതും.