അമ്പതോളം പേരെ കടിച്ച തെരുവുനായ ചത്തു; ഒന്നര വയസ്സുകാരനെയും കടിച്ചുകീറി: നായ ഭീതിയിൽ കണ്ണൂർ നഗരം

Mail This Article
കണ്ണൂർ ∙ രണ്ടാം ദിവസവും കണ്ണൂർ നഗരത്തിൽ പരാക്രമം തുടർന്ന് തെരുവുനായ്ക്കൾ. മുറ്റത്ത് കളിക്കുകയായിരുന്ന ഒന്നര വയസ്സുകാരനെ ഉൾപ്പെടെ ഇരുപതോളം പേരെയാണ് ഇന്ന് തെരുവു നായ്ക്കൾ കടിച്ചു കീറിയത്. താഴെ ചൊവ്വ ശ്രീനന്ദിനി വീട്ടിൽ ഗൗരിക് നിധിനെ(ഒന്നര)യാണ് വീടിന്റെ ഉമ്മറത്തു വച്ച് തെരുവുനായ കടിച്ചത്. തൊട്ടടുത്തുണ്ടായിരുന്ന അമ്മാവനാണ് ഗൗരിക്കിനെ നായയിൽ നിന്നും രക്ഷിച്ചത്. വയറിനും തലയ്ക്കും കടിയേറ്റ ഗൗരിക്കിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നായയുടെ കടിയേറ്റ യുവതി കുഴഞ്ഞുവീഴുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. ഇതര സംസ്ഥാനക്കാരുൾപ്പെടെ ഇരുപതോളം പേർക്കാണ് ഇന്ന് കടിയേറ്റത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നഗരത്തിലെത്തിയവർക്കും കടിയേറ്റു. ജില്ലാ ആശുപത്രിയിൽ മാത്രം ഇരുപതോളം പേർ ചികിത്സ തേടിയെത്തി.

കടി പലവഴി
പിറകിലൂടെ വന്ന് കാലിൽ കടിച്ചശേഷം ഓടി രക്ഷപ്പെടുന്ന തെരുവുനായയുടെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇന്നലെ അമ്പതോളം പേരെ കടിച്ച തെരുവു നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. ഈ നായ മറ്റു നായ്ക്കളെയും കടിച്ചതായാണ് വിവരം. ഇന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്കാണ് കടിയേറ്റത്. അതിനാൽ ഒരേ നായ അല്ല കടിച്ചതെന്നാണ് നിഗമനം. താഴെ ചൊവ്വയിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും പുതിയ ബസ് സ്റ്റാൻഡ് പരിസരത്തും ആളുകൾക്ക് കടിയേറ്റു. നായയ്ക്ക് പേയുണ്ടോയെന്നതിൽ സ്ഥിരീകരണമായില്ല.
കോർപറേഷനിൽ പ്രതിഷേധം
തെരുവുനായശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പ്രവർത്തകർ കോർപറേഷൻ യോഗത്തിനിടെ പ്രതിഷേധം നടത്തി. എൽഡിഎഫ് –യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടാകുകയും കയ്യാങ്കളിയുടെ വക്കിലെത്തുകയും ചെയ്തു. തെരുവുനായശല്യം പരിഹരിക്കുക, എബിസി കേന്ദ്രം നിർമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.
തെരുവുനായ ശല്യം പരിഹരിക്കേണ്ടത് കോർപറേഷനാണെന്ന് എൽഡിഎഫ് പ്രവർത്തകർ പറഞ്ഞു. പലതവണ വിഷയം ഉന്നയിച്ചിട്ടും കൈകഴുകുന്ന നിലപാടാണ് സ്വീകരിച്ചത്. ഫണ്ടും അധികാരവും ഉണ്ടായിട്ടും വിനിയോഗിക്കാൻ തയാറാകുന്നില്ലെന്നും എൽഡിഎഫ് പ്രവർത്തകർ ആരോപിച്ചു. പ്രതിപക്ഷ നേതാവ് എൻ.സുകന്യയുെട നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടത്തിയത്.
ഉത്തരവാദിത്തം കോർപറേഷന്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
തെരുവുനായ്ക്കളെ നിയന്ത്രിക്കേണ്ടത് കോർപറേഷന്റെ ഉത്തരവാദിത്തമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രത്നകുമാരി മനോരമ ഓൺലൈനോട് പറഞ്ഞു. ജില്ലാ പഞ്ചായത്തിന് ചെയ്യാൻ സാധിക്കുന്നത് അനിമൽ ബർത് കൺട്രോൾ (എബിസി) കേന്ദ്രം സ്ഥാപിക്കലാണ്. കേരളത്തിൽ ആദ്യമായി എബിസി കേന്ദ്രം തുടങ്ങുന്നത് കണ്ണൂർ ജില്ലാ പഞ്ചായത്താണ്. സുപ്രീം കോടതിയിൽ വരെ കേസിനു പോയശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമായത്.

അലഞ്ഞുതിരിച്ചു നടക്കുന്ന നായ്ക്കളെ കൊല്ലാൻ പാടില്ല. പകരം ഷെൽട്ടർ ഹോം നിർമിച്ച് അതിൽ പാർപ്പിക്കണമെന്നാണ് നിയമം. അത് ചെയ്യേണ്ടത് കോർപറേഷനാണ്. എന്നാൽ എല്ലാം ചെയ്യേണ്ടത് ജില്ലാ പഞ്ചായത്താണെന്ന നിലപാടിലാണ് കോർപറേഷൻ. തെരുവുനായ ശല്യം ചർച്ച ചെയ്യുന്നതിനുമാത്രമായി എത്രയും പെട്ടന്ന് യോഗം വിളിച്ചു ചേർക്കുമെന്നും രത്നകുമാരി പറഞ്ഞു.
ഫണ്ട് എന്ത് ചെയ്തുവെന്ന് ജില്ലാ പഞ്ചായത്ത് പറയണം: മേയർ
തെരുവുനായ്ക്കളെ നിയന്ത്രണത്തിനായി പദ്ധതി തയാറാക്കിയതും ഫണ്ട് സമാഹരിച്ചതും ജില്ലാ പഞ്ചായത്താണെന്ന് കോർപറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ പറഞ്ഞു. ആ ഫണ്ട് എന്തിന് ഉപയോഗിച്ചുവെന്ന് പറയാൻ ജില്ലാ പഞ്ചായത്ത് തയാറാകണം. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാനാവശ്യമായ എല്ലാ നടപടികളും കോർപറേഷൻ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നായയ്ക്കാര് മണികെട്ടും ?
തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതും ഷെൽട്ടർ ഹോമിൽ ആക്കുന്നതിനുമുള്ള ചുമതലയിൽ നിന്ന് തദ്ദേശ സ്ഥാപനങ്ങൾ കൈകഴുകുമ്പോൾ നഗരത്തിൽ നായ്ക്കൾ തലങ്ങും വിലങ്ങും ഓടിനടന്ന് കടിക്കുകയാണ്. ഇന്നു രാവിലെ ജില്ലാ പഞ്ചായത്തിന്റെ ആളുകൾ കുറച്ചു നായ്ക്കളെ പിടികൂടി കൊണ്ടുപോയി. കണ്ണൂർ നഗരത്തിന്റെ മുക്കിലും മൂലയിലും വരെ തെരുവനായ്ക്കളുടെ ശല്യം രൂക്ഷമാണ്. ആരാണ് നായ്ക്കളെ നിയന്ത്രിക്കേണ്ടതെന്ന വാദം കൊഴുക്കുമ്പോൾ കൊച്ചുകുട്ടികൾക്കടക്കം വീട്ടുമുറ്റത്ത് വച്ചുവരെ കടിയേൽക്കുകയാണ്.