കൊച്ചി∙ സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ എല്ലാവർക്കും ഉപയോഗിക്കാനുള്ളതല്ലെന്നു ഹൈക്കോടതി. തങ്ങളുടെ പമ്പുകളിലെ ശുചിമുറികൾ പൊതു ശുചിമുറികളായി ഉപയോഗിക്കുന്നതിനെതിരെ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സ‍ർവീസ് സൊസൈറ്റി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ ഇടക്കാല ഉത്തരവ്. പൊതുജനങ്ങൾക്കു പമ്പിലെ ശുചിമുറി ഉപയോഗിക്കാനായി തുറന്നു നൽകണമെന്ന് ഉടമകളെ നിർബന്ധിക്കരുതെന്നു സംസ്ഥാന സർക്കാരിനും തിരുവനന്തപുരം മുൻസിപ്പൽ കോർപറേഷനും കോടതി നിർദേശം നൽകി. 

പമ്പുകളിൽ പെട്രോളും ഡീസലും അടിക്കാൻ എത്തുന്നവർക്ക് അടിയന്തര സന്ദര്‍ഭത്തിൽ ഉപയോഗിക്കുന്നതിനാണു ശുചിമുറിയെന്നു ഹർജിക്കാർ വാദിച്ചു. എന്നാൽ അതു പൊതുശുചിമുറിയാക്കണമെന്നാണു സർക്കാരും തിരുവനന്തപുരം കോർപറേഷനും മറ്റ് ചില തദ്ദേശ സ്ഥാപനങ്ങളും ആവശ്യപ്പെടുന്നത്. ചില പെട്രോൾ പമ്പുകൾക്ക‌ു മുന്നിൽ ‘പൊതുശുചിമുറി’ എന്ന വിധത്തിൽ പോസ്റ്ററുകൾ പോലും വയ്ക്കുന്ന സാഹചര്യമുണ്ടായി. ഇതുമൂലം പൊതുജനങ്ങൾ ശുചിമുറി ഉപയോഗിക്കാൻ പമ്പുകളിലെത്തുകയും അതു പമ്പുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുകയും ചെയ്യുന്നു. ഏറെ അപകടസാധ്യത മേഖല കൂടിയായ പമ്പുകളിൽ പലപ്പോഴും ശുചിമുറിയെ ചൊല്ലി വഴക്കുകളും മറ്റും ഉണ്ടാകാറുണ്ട്. ചിലപ്പോൾ ടൂറിസ്റ്റ് ബസുകളിലും മറ്റും എത്തുന്ന യാത്രക്കാർ പോലും ശുചിമുറി സൗകര്യം ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ തങ്ങളുടെ പമ്പുകളിലെ ശുചിമുറികൾ ഉപയോഗിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ടാണ് പമ്പ് ഉടമകൾ കോടതിയെ സമീപിച്ചത്. 

ഇതേ തുടർന്നാണു കോടതി ഇടക്കാല ഉത്തരവായി പമ്പുകളിലെ ശുചിമുറികൾ പൊതുജനത്തിനു ഉപയോഗിക്കാൻ ഉടമകളെ നിർബന്ധിക്കാനാവില്ലെന്നു വ്യക്തമാക്കിയത്. നേരത്തേ, ശുചിമുറികൾ സംബന്ധിച്ച് സ്വച്ഛ് ഭാരത് മിഷന്റെ മാർഗനിർദേശങ്ങൾ എന്തൊക്കെയാണെന്നു ഹാജരാക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. കേസ് ഇനി അടുത്ത മാസം 17ന് പരിഗണിക്കും.

English Summary:

Kerala High Court restricts petrol bunk toilet access: The Kerala High Court has issued an interim order prohibiting the use of restrooms in private petrol stations as public toilets, ruling they are for customers only.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com