ADVERTISEMENT

തിരുവനന്തപുരം∙ അടിയന്തരാവസ്ഥക്കാലത്തെ ആര്‍എസ്എസ് ബന്ധം സംബന്ധിച്ച പരാമർശത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രസ്താവനയെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ തന്നെ വിശദീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങളിലാരും ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല.

ആര്‍എസ്എസ് ചിത്രങ്ങള്‍ക്കു മുന്നില്‍ ചിലര്‍ താണുവണങ്ങിയ നില കേരളം കണ്ടതാണ്. ഒരു വര്‍ഗീയതയെയും ഒപ്പം നിര്‍ത്താന്‍ സിപിഎം തയാറായിട്ടില്ല. ആര്‍എസ്എസ് ശാഖയ്ക്കു കാവല്‍ നിന്നത് ആരാണ്. പഴയ കെപിസിസി പ്രസിഡന്റല്ലേ അത് പറഞ്ഞത്. ജമാത്തെ ഇസ്ലാമിക്കൊപ്പം നിന്ന് കോണ്‍ഗ്രസ് ഞങ്ങള്‍ക്ക് എതിരെ കളിച്ച കളിയും കേരളം കണ്ടതാണ്. ഞങ്ങളുടെ 215 സഖാക്കളെ കൊലപ്പെടുത്തിയ സംഘടനയാണ് ആര്‍എസ്എസ്. അവരോട് ഒരു തരത്തിലുള്ള സന്ധിയും സിപിഎം ഉണ്ടാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്ഭവനിലെ ഭാരതാംബ ചിത്രവിവാദത്തില്‍ ഗവര്‍ണറെയും മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. രാജ്ഭവനെ ആര്‍എസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് താഴ്ത്തരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്ഭവനെ രാഷ്ട്രീയപ്രചാരണത്തിന്റെ വേദിയാക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാരതാംബ വിവാദത്തില്‍ സര്‍ക്കാരിന്റെ നിലപാടാണ് കൃഷിമന്ത്രി പി. പ്രസാദ് ഗവര്‍ണറെ അറിയിച്ചത്. എല്ലാവര്‍ക്കും വ്യക്തിപരമായി പല ആശയങ്ങളുമായി അടുപ്പമുണ്ടായേക്കാമെന്നും എന്നാല്‍ സര്‍ക്കാര്‍ പരിപാടിയില്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള പൊതുബിംബങ്ങള്‍ മാത്രമേ അവിടെ ഉണ്ടാകാന്‍ പാടുള്ളു. അതില്‍നിന്നു വ്യത്യസ്തമായ നില വന്നതുകൊണ്ടാണ് അതിനോടു യോജിപ്പില്ലെന്ന് കൃഷിമന്ത്രി അറിയിച്ചത്. അത് ഗവര്‍ണര്‍ക്കും ബോധ്യപ്പെട്ടുവെന്നാണ് തോന്നുന്നത്. ഔദ്യോഗികപരിപാടികളില്‍ ഇത്തരം ചിഹ്നങ്ങള്‍ വയ്ക്കില്ലെന്നാണ് പിന്നീട് രാജ്ഭവന്‍ അറിയിക്കുന്നത്.

സ്വീകരിച്ച നടപടിയില്‍ അപകാത ഉണ്ടെന്നു ബോധ്യപ്പെട്ടതുകൊണ്ടായിരിക്കുമല്ലോ അത്. അംഗീകൃത നടപടികള്‍ അനുസരിച്ച് മാത്രമേ ഔദ്യോഗിക പരിപാടികള്‍ നടത്താന്‍ പാടുള്ളുവെന്നാണ് സര്‍ക്കാര്‍ നിലപാട്. ഓരോരുത്തരുടെയും താല്‍പര്യത്തിന് അനുസരിച്ചുള്ള എന്തെങ്കിലും പ്രദര്‍ശനം അവിടെ നടത്താന്‍ പാടില്ല. രാജ്ഭവനില്‍ ഗവര്‍ണര്‍ മറ്റെന്തെങ്കിലും പരിപാടി നടത്തുന്നത് സര്‍ക്കാരിനെ ബാധിക്കുന്ന വിഷയമല്ല. രാജ്ഭവന്‍ എന്നത് രാജ്യത്തെ പ്രധാനപ്പെട്ട ഭരണഘടനാ കേന്ദ്രമാണ്. അവിടെ നടത്തുന്ന കാര്യങ്ങളും പ്രദര്‍ശിപ്പിക്കുന്ന വസ്തുക്കളും പൊതുവില്‍ രാജ്യത്തിന് അംഗീകരിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ആയിരിക്കണം. ഭരണഘടനാ അനുസൃതമായിരിക്കണം അത്. രാജ്ഭവനെ ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കുന്ന സ്ഥാപനമായോ രാഷ്ട്രീയപ്രചാരണത്തിനുള്ള വേദിയായോ മാറ്റാന്‍ പാടില്ല. ഇത്തരം പ്രവണത ഭരണഘടനയോടുള്ള വെല്ലുവിളിയായോ കാണാന്‍ കഴിയൂ. അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭാരതാംബയെ അംഗീകരിക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നാണ് ചിലര്‍ ചോദിക്കുന്നത്. നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നല്ല ഭാരതാംബ എന്ന ചിത്രീകരണം. ഭാരതാംബയുടെ കൈയിലെ കൊടി ആര്‍എസ്എസിന്റേതാണെന്ന് പരസ്യമായി അംഗീകരിച്ചു കഴിഞ്ഞല്ലോ. ആര്‍എസ്എസിന്റെ ചിഹ്നങ്ങളെ ആര്‍എസ്എസുകാര്‍ ബഹുമാനിക്കും. അതു വേണ്ടെന്നു പറയുന്നില്ല. പക്ഷെ അത് എല്ലാവരും അംഗീകരിക്കണം എന്ന നിലപാട് സ്വീകരിക്കുന്നത് ശരിയല്ല. അത്തരം നിലപാട് അംഗീകരിപ്പിക്കാന്‍ രാജ്ഭവനെ ഉപയോഗിക്കുന്നതും ശരിയല്ല. ജനാധിപത്യത്തിന്റെ ആധാരശിലയായ ഭരണഘടനയോടുള്ള ആര്‍എസ്എസ് സമീപനം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

1925ല്‍ രൂപീകൃതമായ ആര്‍എസ്എസ്, സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ അടിസ്ഥാന തത്വങ്ങളോടു വിയോജിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം ഭരണഘടന രൂപപ്പെട്ടപ്പോള്‍ തന്നെ ആര്‍എസ്എസ് അതിനോടു വിയോജിച്ചു. ഭരണഘടനയെ മനുസ്മൃതിയുമായാണ് താരതമ്യപ്പെടുത്തിയത്. ആര്‍എസ്എസ് മുഖപത്രം തന്നെ അതു വ്യക്തമാക്കിയിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ നിറം കാവിനിറത്തിലാകണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. അതാണ് ഭാരതാംബയുടെ ചിത്രത്തില്‍ ഉള്ളത്. രാജ്യത്തിന്റെ ഔദ്യോഗിമായ ഒന്നല്ലാത്ത ഒന്നിലെ ഔദ്യോഗികമാക്കാനാണ് ഇപ്പോള്‍ ആര്‍എസ്എസ് ശ്രമിക്കുന്നത്. നമ്മുടെ രാജ്യത്തെ മുസ്ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരുമാണ് രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളെന്നാണ് ആര്‍എസ്എസ് പറഞ്ഞത്. എന്നാല്‍ ബ്രിട്ടിഷ് സംവിധാനത്തിന് പാദസേവ ചെയ്യുന്ന സമീപനമാണ് അവര്‍ സ്വീകരിച്ചത്. രാജ്ഭവനെ ആര്‍എസ്എസ് ശാഖയുടെ നിലവാരത്തിലേക്കു താഴ്ത്താന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Pinarayi Vijayan Press Meet Updates.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com