നവജാതശിശുവിന്റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതം, വലിച്ചെറിഞ്ഞോ എന്ന് സംശയം; യുവതിയുടെ കാമുകനെ ചോദ്യം ചെയ്യും

Mail This Article
പത്തനംതിട്ട∙ മെഴുവേലിക്കു സമീപം ആലക്കോട് നവജാത ശിശുവിന്റെ മരണ കാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. യുവതി തലകറങ്ങി വീണപ്പോഴോ, കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോഴോ ആകാം തലയ്ക്കു ക്ഷതമേറ്റതെന്നാണ് സംശയം. ഇന്നലെ രാത്രി പൊലീസ് ചോദ്യം ചെയ്തപ്പോൾ കാമുകനാണ് കുഞ്ഞിന്റെ പിതാവെന്നു യുവതി മൊഴി നൽകിയിരുന്നു.
-
Also Read
നവജാതശിശു വീടിനു സമീപം മരിച്ച നിലയിൽ
ഇന്നലെ പുലർച്ചെ പ്രസവം നടന്നതിനു പിന്നാലെ പൊക്കിൾക്കൊടി സ്വയം മുറിക്കുകയായിരുന്നെന്നും കുട്ടിയുടെ കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ വാ പൊത്തിപ്പിടിച്ചശേഷം അടുത്തുള്ള പറമ്പിൽ കൊണ്ടുവയ്ക്കുകയിരുന്നെന്നും യുവതി മൊഴി നൽകി. ഇതൊന്നും വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. വിശദമായ ചോദ്യം ചെയ്യലിൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. കാമുകനെയും ഉടൻ ചോദ്യം ചെയ്യും. പോസ്റ്റ്മോർട്ടത്തിലെ വിവരങ്ങൾ അടക്കം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. കോട്ടയം മെഡിക്കൽ കോളജിലാണ് ഇന്നു പോസ്റ്റ്മോർട്ടം നടത്തിയത്.
അവിവാഹിതയായ വിദ്യാർഥിനി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം ഇന്നലെ ചേമ്പിലയിൽ പൊതിഞ്ഞ നിലയിൽ വീടിനു സമീപം കണ്ടെത്തിയത്. രക്തസ്രാവത്തെ തുടർന്നു യുവതി ചെങ്ങന്നൂരിൽ ചികിത്സ തേടിയപ്പോഴാണു കുഞ്ഞു മരിച്ച വിവരം പുറത്തറിഞ്ഞത്. ബിരുദ വിദ്യാർഥിനിയായ 20 വയസ്സുകാരിയാണു വീട്ടിൽ പ്രസവിച്ചത്. ചെങ്ങന്നൂർ പൊലീസ് ഇലവുംതിട്ട പൊലീസിനെ വിവരമറിയിച്ചു. അവരാണു നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഗർഭിണിയായിരുന്ന കാര്യം വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്നാണു യുവതി മറ്റുള്ളവരോടു പറഞ്ഞത്. കുഞ്ഞിന്റെ ശരീരത്തിൽ മുറിവുകളോ മറ്റ് അസ്വാഭാവിക പാടുകളോ ഇല്ലെന്നു പൊലീസ് പറഞ്ഞു.
മാതാപിതാക്കളും സഹോദരിയും യുവതിയുടെ വീട്ടിലുണ്ട്. ഇന്നലെ രക്തസ്രാവത്തെ തുടർന്നു കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതിയെ ആദ്യമെത്തിച്ചത്. തുടർന്ന് പന്ത്രണ്ടരയോടെ ചെങ്ങന്നൂരിലെ ആശുപത്രിയിലെത്തിച്ചു. യുവതി പ്രസവിച്ചെന്നു ഡോക്ടർ സ്ഥിരീകരിച്ചെങ്കിലും അവർ സമ്മതിച്ചില്ല. കുഞ്ഞ് എവിടെയെന്നു തുടർച്ചയായി ചോദിച്ചതിനു ശേഷമാണു ഇന്നലെ പുലർച്ചെ പ്രസവിച്ചെന്നു നഴ്സിനോടു യുവതി സമ്മതിച്ചത്. ആശുപത്രി അധികൃതർ ഉടൻ ചെങ്ങന്നൂർ പൊലീസിനെ അറിയിച്ചു. അവർ ഇലവുംതിട്ടയിൽ അറിയിച്ചു.
ഇലവുംതിട്ട പൊലീസ്, കുടുംബാംഗങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണു നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്തുള്ള അടച്ചിട്ടിരുന്ന വീടിന്റെ പിൻവശത്തു വാഴയുടെ ചുവട്ടിലാണു ചേമ്പിലയിൽ പൊതിഞ്ഞു നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കുറഞ്ഞതു 2 ദിവസം മുൻപു പ്രസവം നടന്നെന്നാണ് ആശുപത്രി അധികൃതരുടെ വിലയിരുത്തൽ. യുവതി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. യുവതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മുറിക്കുള്ളിൽ പൊലീസ് രക്തക്കറ കണ്ടെത്തി. ഫൊറൻസിക് സംഘവും പരിശോധന നടത്തി.