ADVERTISEMENT

കണ്ണൂർ ∙ ഷെയര്‍ മാര്‍ക്കറ്റിൽ പണം നിക്ഷേപിച്ചാൽ വൻതുക ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് ഓൺലൈനിലൂടെ പരിയാരം കൈതപ്രം സ്വദേശിയുടെ 38 ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിയെ കണ്ണൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. ജയ്പുർ ജോദ്‌വാര കർധാനി പ്രൈം പ്രതാപ് സർക്കിളിൽ പ്ലോട്ട് 154ലെ കമലേഷാണ് (20) അറസ്റ്റിലായത്. പാണപ്പുഴ കൈതപ്രത്തെ നവരംഗം വീട്ടില്‍ യു. കുഞ്ഞിരാമന്‍റെ (61) പണമാണ് പ്രതി തട്ടിയെടുത്തത്.

ഒരാഴ്ചയോളം രാജസ്ഥാനിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ അന്വേഷണത്തിൽ പ്രതി അജ്മീറിന് സമീപത്തെ കിഷൻ ഗഞ്ചിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം പ്രദേശത്തെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പയ്യന്നൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ജെഫ്രീസ് വെല്‍ത്ത് മള്‍ട്ടിപ്ലിക്കേഷന്‍ സെന്‍റർ 134 എന്ന വാട്സാപ്പ് ഗ്രൂപ്പ് വഴി പരിചയപ്പെട്ട ജൂലിയ ജെഫിന്‍ എന്ന വ്യക്തി ജൂലിയ സ്റ്റെറിന്‍ എന്ന ആപ് ഡൗണ്‍ലോഡ് ചെയ്യിപ്പിച്ച് അതുവഴി നിര്‍ദേശിച്ച വിവിധ അക്കൗണ്ടുകളിലേക്ക് 2024 മേയ് ഒമ്പതുമുതല്‍ ജൂണ്‍ അഞ്ച് വരെയുള്ള കാലയളവിൽ പണം നിക്ഷേപിപ്പിക്കുകയായിരുന്നു. കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതിനെ തുടർന്ന് 2024 സെപ്റ്റംബർ 16ന് കുഞ്ഞിരാമൻ പരിയാരം പൊലീസിൽ പരാതി നൽകി. റൂറൽ പൊലീസ് മേധാവി അനുജ് പലിവാളിന്‍റെ മേൽനോട്ടത്തിൽ അഡീഷണൽ എസ്പി കെ.എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

English Summary:

Rajasthan Man Arrested in Online Investment Scam: Kannur Rural Police arrested a Rajasthan native for defrauding a Kaitapram resident of ₹38 lakh through a sophisticated online share market scam involving a fake app and identity.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com