‘മുഖ്യമന്ത്രിയെ ലെജൻഡ് എന്ന് വിളിച്ചത് അടുപ്പം കൊണ്ട്; എല്ലാ മുഖ്യമന്ത്രിമാരെയും അറിയാം, അന്ന് നായനാർ സഹായിച്ചു’

Mail This Article
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ലെജന്‍ഡ് എന്നും കേരളത്തിന്റെ വരദാനമെന്നും സ്വാഗതപ്രസംഗത്തില്‍ വിശേഷിപ്പിച്ചത് രാഷ്ട്രീയം വച്ചല്ലെന്നും അദ്ദേഹത്തോടുള്ള അടുപ്പവും ബഹുമാനവും കൊണ്ടാണെന്നും പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന് വൈസ് ചെയര്മാന് എന്‍.ബാലഗോപാല്‍ പറഞ്ഞു. വായനദിനാചരണവുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയിലാണ് മുഖ്യമന്ത്രി വേദിയില്‍ ഇരിക്കെ, സ്വാഗതപ്രസംഗകനായിരുന്ന ബാലഗോപാല്‍ അദ്ദേഹത്തെ പുകഴ്ത്തിയത്.
ഫൗണ്ടേഷന്റെ കഴിഞ്ഞ എട്ടു വര്‍ഷത്തെ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നുവെന്നും വളരെ താല്പര്യത്തോടെയാണ് അദ്ദേഹം ഇടപെടുന്നതെന്നും എന്‍.ബാലഗോപാല്‍ പറഞ്ഞു. ‘‘എല്ലാ മുഖ്യമന്ത്രിമാരുമായും നല്ല ബന്ധമുണ്ടായിരുന്നു. ഇ.കെ.നായനാരുടെയും എ.കെ.ആന്റണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കാര്യം പ്രസംഗത്തില്‍ പറഞ്ഞിരുന്നു. മുൻപ് ഒരു പ്രശ്നമുണ്ടായപ്പോള്‍ സഹായിച്ചത് ഇ.കെ.നായനാരാണ്. മുഖ്യമന്ത്രി പിണറായി വിജയന് പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെ ഏതു പരിപാടിക്കു വിളിച്ചാലും മടികൂടാതെ എത്തി സഹകരിക്കാറുണ്ട്. പിന്നെ പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്. കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കി മാറ്റുന്നുവെന്നത് നേട്ടമാണ്. ഒരു തരത്തിലുമുള്ള രാഷ്ട്രീയ ചായ്വോടെയുമല്ല അദ്ദേഹത്തെക്കുറിച്ചു സംസാരിച്ചത്. മുഖ്യമന്ത്രി താല്പര്യത്തോടെയാണ് കേട്ടിരുന്നത്. തുടര്‍ന്ന് അദ്ദേഹം മികച്ച പ്രസംഗം നടത്തുകയും ചെയ്തു. വളരെ സൗഹാര്‍ദത്തോടെയാണ് അവിടെനിന്നു മുഖ്യമന്ത്രി പോയത്.’’ - എന്‍.ബാലഗോപാല്‍ പറഞ്ഞു.
പുകഴ്ത്തലും പ്രസംഗവും നീണ്ടപ്പോള്‍ മുഖ്യമന്ത്രിക്ക് അലോസരമുണ്ടാകുമോ എന്ന ആശങ്കയില്‍ കുറിപ്പു കൊടുത്ത് സംഘാടകര്‍ ഇടപെടുകയായിരുന്നു. ഇതോടെ, കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്കു ദേഷ്യം വരുമെന്നും അത് അദ്ദേഹത്തിന്റെ പ്രസംഗത്തെ ബാധിക്കുമെന്നും പറഞ്ഞ് ബാലഗോപാല്‍ പ്രസംഗം അവസാനിപ്പിച്ചു. മുഖ്യമന്ത്രി അടക്കം വേദിയിലുണ്ടായിരുന്നവര്‍ ഇതു കേട്ട് ചിരിക്കുകയും ചെയ്തു.