നിലമ്പൂരിലേക്കു ക്ഷണിച്ച് ഒരു മിസ്ഡ് കോൾ പോലും ലഭിച്ചില്ല; നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്; ബിജെപിയിലേക്കില്ല: തരൂർ

Mail This Article
തിരുവനന്തപുരം ∙ കോണ്‍ഗ്രസ് നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും നിലമ്പൂര്‍ തിരഞ്ഞെടുപ്പിനു ശേഷം അതേക്കുറിച്ചു സംസാരിക്കാമെന്നും ശശി തരൂര്‍ എംപി. പോളിങ് ദിവസമായതിനാല്‍ അതേക്കുറിച്ച് കൂടുതല്‍ പറയുന്നില്ലെന്നും തരൂര്‍ പറഞ്ഞു. നിലമ്പൂരില്‍ പ്രചാരണത്തിനു പോകാതിരുന്നത് ആരും ക്ഷണിക്കാത്തതുകൊണ്ടാണ്. ക്ഷണിച്ചാല്‍ പോകുമായിരുന്നു. നിലമ്പൂരിലേക്ക് വരണമെന്നറിയിച്ച് ഒരു മിസ്ഡ് കോള്‍ പോലും ലഭിച്ചിട്ടില്ല. ക്ഷണിക്കാതെ ഒരിടത്തും പോകാറില്ല. സാധാരണ ചെല്ലണമെങ്കില്‍ പരിപാടികള്‍ മുന്‍കൂട്ടി അറിയിക്കാറാണ് പതിവ്. ഇത്തവണ അതുണ്ടായില്ല. സുഹൃത്തായ ആര്യാടന്‍ ഷൗക്കത്ത് അവിടെ വിജയിക്കുമെന്നും തരൂര്‍ പറഞ്ഞു. വിദേശത്തായതു കൊണ്ടാണ് ശശി തരൂര്‍ നിലമ്പൂരില്‍ പ്രചാരണത്തിന് എത്താതിരുന്നത് എന്നായിരുന്നു യുഡിഎഫ് നേതൃത്വത്തിന്റെ വിശദീകരണം. അതേസമയം, തിരഞ്ഞെടുപ്പു പ്രചാരണത്തിന് കോൺഗ്രസ് തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ താരപ്രചാരകരുടെ പട്ടികയിൽ എട്ടാമതു ശശി തരൂരിന്റെ പേരാണ്.
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകള്‍ ഭാരതീയന്‍ എന്ന നിലയിലുള്ളതാണെന്നു ശശി തരൂർ പറഞ്ഞു. അതില്‍ ഒരു രാഷ്ട്രീയത്തിനും പ്രസക്തിയില്ല. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ രാജ്യത്തിനു വേണ്ടി എന്തു സേവനത്തിനും തയാറാണെന്നു മുന്‍പും പറഞ്ഞിട്ടുണ്ട്.
പാര്‍ട്ടിയോടും പ്രവര്‍ത്തകരോടും നല്ല അടുപ്പമുണ്ട്. പാര്‍ട്ടിയോടുള്ള സ്‌നേഹത്തില്‍ സംശയം വേണ്ട. പാര്‍ട്ടി അവഗണിച്ചുവെന്ന തോന്നലും ഇല്ല. കേരളത്തിലെ നേതൃത്വവുമായി ചില പ്രശ്‌നങ്ങളുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. അതൊക്കെ പാര്‍ട്ടിക്കകത്തു സംസാരിക്കാറാണ് പതിവെന്നും തരൂര്‍ പറഞ്ഞു ബിജെപിയിലേക്കു പോകുമോ എന്ന ചോദ്യത്തിന്, താന്‍ എവിടേക്കും പോകുന്നില്ലെന്നും കോണ്‍ഗ്രസ് അംഗമാണെന്നും തരൂര്‍ മറുപടി നല്‍കി.