‘പാക്ക് സൈനിക മേധാവിയെ കണ്ടത് ബഹുമതി, അവർക്ക് ഇറാനെ അറിയാം; ഇന്ത്യയുമായി യുദ്ധത്തിൽ ഏർപ്പെടാത്തതിൽ നന്ദി’

Mail This Article
വാഷിങ്ടൻ ∙ പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ സയ്യീദ് അസിം മുനീറിനെ കാണാൻ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയുമായി യുദ്ധത്തിൽ ഏർപ്പെടാത്തതിന് അദ്ദേഹത്തോട് നന്ദി പറഞ്ഞ ട്രംപ് സംഘർഷം ഒഴിവാക്കുന്നതിനു ഇരു രാജ്യങ്ങളും നന്നായി പ്രവർത്തിച്ചുവെന്നും പറഞ്ഞു.
യുദ്ധത്തിൽ ഏർപ്പെടാതിരുന്നതിൽ നന്ദി പറയാൻ വേണ്ടിയാണ് താൻ അദ്ദേഹത്തെ ഇവിടേക്ക് ക്ഷണിച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് പറഞ്ഞു. ‘‘പാക്കിസ്ഥാനുമായി യുഎസ് വ്യാപാര കരാറിൽ ഏർപ്പെടും. അതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. രണ്ട് വളരെ മിടുക്കരായ ആളുകൾ യുദ്ധം തുടരേണ്ടതില്ലെന്ന് തീരുമാനിച്ചു. അവർ രണ്ട് വലിയ ആണവ ശക്തികളാണ്. ഇന്ന് അസിം മുനീറിനെ കാണാൻ കഴിഞ്ഞത് ഞാനൊരു ബഹുമതിയായി കാണുന്നു’’ – ട്രംപ് പറഞ്ഞു.
ബുധനാഴ്ച വൈറ്റ് ഹൗസിൽ അസിം മുനീറിനൊപ്പമാണ് ട്രംപ് ഉച്ചഭക്ഷണം കഴിച്ചത്. മുതിർന്ന സിവിലിയൻ ഉദ്യോഗസ്ഥരില്ലാതെ ഒരു യുഎസ് പ്രസിഡന്റും പാക്കിസ്ഥാൻ സൈനിക മേധാവിയും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ അസിം മുനീറുമായി ഇറാനെക്കുറിച്ച് ചർച്ച നടത്തിയതായി ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു.
“അവർക്ക് ഇറാനെ നന്നായി അറിയാം, മറ്റുള്ളവരെക്കാൾ നന്നായി. അവർ ഒന്നിനെക്കുറിച്ചും സന്തുഷ്ടരല്ല. എന്താണ് സംഭവിക്കുന്നതെന്ന് അവർ നോക്കിക്കാണുകയാണ്. അദ്ദേഹം എന്റെ അഭിപ്രായത്തോട് യോജിച്ചു’’ – ട്രംപ് പറഞ്ഞു.
അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് അസിം മുനീർ വാഷിങ്ടനിലെത്തിയത്. യുഎസുമായുള്ള സൈനിക ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം. പാക്കിസ്ഥാനിൽ സുസ്ഥിരമായ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പാക്കിസ്ഥാൻ പൗരന്മാർ അസിം മുനീർ താമസിക്കുന്ന ഹോട്ടലിനു പുറത്തും വാഷിങ്ടനിലെ പാക്കിസ്ഥാൻ എംബസിക്ക് സമീപവും പ്രതിഷേധിച്ചിരുന്നു. ഇമ്രാൻ ഖാനെ അനുകൂലിക്കുന്നവരാണ് പ്രകടനം നടത്തിയത്.