ADVERTISEMENT

തിരുവനന്തപുരം∙ ഭരണഘടനയാണോ കാവിക്കൊടി ഏന്തിയ വനിതയാണോ വലുതെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഭാരത് സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് മന്ത്രി വി.ശിവന്‍കുട്ടി ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. ഇതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഭാരതാംബ സങ്കൽപമെന്താണെന്ന് മന്ത്രി ചോദിച്ചു.

‘‘ഇന്ത്യ എന്ന രാജ്യത്തിന്റെ അതിർത്തികളെ ഈ സങ്കൽപം ബഹുമാനിക്കുന്നുണ്ടോ? ഭരണഘടനയുടെ ഏതെങ്കിലും ഭാഗത്ത് ഇതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ടോ? ഒരു സർക്കാർ പരിപാടിയിൽ ഇത്തരമൊരു പൂജ നടത്തിയതിലൂടെ ഗവർണർ ഭരണഘടനയെ അപമാനിക്കുകയാണ് ചെയ്തത്. വിദ്യാർഥികൾക്കു മുന്നിൽ ഗവർണർ സ്വയം അപമാനിതനായി. ഭരണഘടനാ തലവൻ ഇത്തരത്തിൽ പ്രവർത്തിക്കാൻ പാടില്ല’’– മന്ത്രി പറഞ്ഞു. 

രാജ്ഭവനിൽ ഔദ്യോഗിക ചടങ്ങിനെ രാഷ്ട്രീയവേദിയാക്കിയതിലൂടെ ഗവർണർ നടത്തിയത് ഭരണഘടനാ ലംഘനമാണ്. സംസ്ഥാന മന്ത്രിസഭയുടെ ശുപാർശ പ്രകാരമാണു ഗവർണർ പ്രവർത്തിക്കേണ്ടത്. ഗവർണർ ഭരണഘടനാ തലവനെന്ന നിലയിൽ നിഷ്പക്ഷതയും പൊതുപരിപാടികളോട് എത്രയും കൂടുതൽ മാന്യതയും പുലർത്താൻ ബാധ്യത ഉള്ള വ്യക്തിയാണ്. എന്നാൽ, ഗവർണർ പങ്കെടുക്കുന്ന ഔദ്യോഗിക വേദിയെ ഒരു രാഷ്ട്രീയ സന്ദേശവേദിയാക്കുകയും, ഇന്ത്യ എന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ സാംസ്കാരിക വൈവിധ്യത്തെയും മതനിരപേക്ഷതയെയും ചേർത്തുനിർത്തുന്ന ആശയത്തെ ഒരൊറ്റ ചിത്രം കൊണ്ടു ഇല്ലാതാക്കിയതും ഗവർണറുടെ ഔദ്യോഗികമായ നിഷ്പക്ഷതയെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നാണ്. മന്ത്രി എന്ന നിലയിൽ കൈക്കൊണ്ട നടപടി പ്രോട്ടോക്കോൾ ലംഘനമല്ല. മറിച്ച്, ഭരണഘടനാപരമായ മാന്യത സംരക്ഷിക്കാനുള്ള പ്രതിജ്ഞയോടെയുള്ള പ്രതിഷേധമായിരുന്നു അതെന്നും മന്ത്രി പറഞ്ഞു.

ഭാരതാംബ വിഷയത്തില്‍ സര്‍ക്കാരുമായി തുറന്ന പോരിന് ഇറങ്ങിയിരിക്കുകയാണ് രാജ്ഭവന്‍. വിദ്യാഭ്യാസമന്ത്രിക്കെതിരെ രൂക്ഷമായാണു രാജ്ഭവന്‍ പ്രതികരിച്ചത്. ഭാരതാംബയെ അറിയില്ലെന്നു വിദ്യാഭ്യാസമന്ത്രി സമ്മതിച്ചത് ശോചനീയമാണെന്നും കുട്ടികള്‍ക്കു മുന്നില്‍ മന്ത്രി നടത്തിയ പ്രകടനം അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും രാജ്ഭവന്‍ വ്യക്തമാക്കി. മന്ത്രി വി.ശിവന്‍കുട്ടി രാജ്ഭവനിലെ പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോയത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും ഗവര്‍ണുടെ ഓഫിസിനെ അപമാനിക്കുന്നതാണെന്നും രാജ്ഭവന്‍ അറിയിച്ചു.

സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനാണു ഗവര്‍ണര്‍. ഭരണഘടനയോട് കൂറ് പ്രഖ്യാപിച്ചു ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചെയ്യിച്ച മന്ത്രി പൊതുപരിപാടിയില്‍ അപമര്യാദയായി പെരുമാറിയതു ഗവര്‍ണറെ അധിക്ഷേപിക്കുന്ന നടപടിയാണ്. ഇടയ്ക്ക് ഇറങ്ങിപ്പോകുന്ന കാര്യം ഗവര്‍ണറെ മന്ത്രി അറിയിക്കുക പോലും ചെയ്തില്ല. പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണര്‍ പോകുന്നതു വരെ സദസില്‍നിന്നോ വേദിയില്‍നിന്നോ ഒരാള്‍ക്കു പോലും പോകാന്‍ അനുവാദമില്ല. എന്നാല്‍ വിദ്യാഭ്യാസവകുപ്പിന്റെ ചുമതലയുള്ള മന്ത്രി ഇത്തരം പെരുമാറ്റത്തിലൂടെ തെറ്റായ കീഴ്‌വഴക്കമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും രാജ്ഭവൻ വ്യക്തമാക്കി.

എഴുതിത്തയാറാക്കിയ പ്രസംഗവുമായി മന്ത്രി എത്തിയതു തന്നെ ഇത്തരം നടപടിക്ക് ഒരുങ്ങിയാണ് അദ്ദേഹം വന്നതെന്നതിനു തെളിവാണ്. ഭാരതാംബയെ അറിയില്ലെന്നു വിദ്യാഭ്യാസമന്ത്രി സദസിനോടു സമ്മതിച്ചത് ശോചനീയമായി. ഗവര്‍ണറില്‍നിന്നും മന്ത്രിയില്‍നിന്നും പുരസ്‌കാരം വാങ്ങാന്‍ എത്തിയ ഏറെ അച്ചടക്കമുള്ള സ്‌കൗട്ടസ് ആന്‍ഡ് ഗൈഡ്‌സ് കുട്ടികള്‍ക്കു മുന്നിലാണ് മന്ത്രി ഇത്തരം 'പ്രകടനം' നടത്തിയതെന്നത് അസ്വസ്ഥതപ്പെടുത്തുന്നതാണ്. മന്ത്രി കുട്ടികളെയും അപമാനിച്ചിരിക്കുകയാണ്. തെറ്റായ മാതൃകയാണ് കുട്ടികള്‍ക്കു നല്‍കിയത്. ഏറെ ഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നതെന്നും രാജ്ഭവന്‍ വ്യക്തമാക്കി.

English Summary:

V. Sivankutty's boycott of a Bharat Scouts and Guides event highlights the controversy surrounding the display of Bharat Mata: The Education Minister questioned the Governor's actions, asserting that they violated constitutional principles of secularism and neutrality.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com