ADVERTISEMENT

കൊച്ചി∙ സിനിമ മേഖലയിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി നിർമാതാക്കളുടെ സംഘടന കൊണ്ടുവന്ന പുതിയ നിർദേശത്തിന്റെ ഭാവി തീരുമാനിക്കുക ‘അമ്മ’യുടെ നിർണായക യോഗം. കഴിഞ്ഞ ഒരു വർഷമായി അഡ്ഹോക് കമ്മിറ്റിയായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് പുതിയ  ഭാരവാഹികളെ കണ്ടെത്താനും കൂടിയാണ് അമ്മ ജനറൽ ബോഡി യോഗം വിളിച്ചിരിക്കുന്നത്. ഈ മാസം 22ന് കൊച്ചിയിൽ വച്ചാണ് ജനറല്‍ ബോഡി. നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അടക്കം ഇടപെട്ടിരിക്കുന്ന സാഹചര്യത്തിൽ ലഹരി ഉപയോഗം തടയാനുള്ള നടപടികൾ ഇനി വൈകേണ്ടതില്ല എന്ന തീരുമാനത്തിലാണ് നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുതിയ നിർദേശം അവതരിപ്പിച്ചിരിക്കുന്നത്. 

സിനിമയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നിരോധിത ലഹരിവസ്തുക്കൾ ഉപയോഗിക്കില്ല എന്ന് ഓരോരുത്തരും സത്യവാങ്മൂലം നൽകണമെന്നാണ് നിർമാതാക്കളുടെ സംഘടന മുന്നോട്ടുവച്ചിട്ടുള്ള കാര്യം. സിനിമയുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്ന എല്ലാ വിഭാഗക്കാർക്കും നിബന്ധന ബാധകമാകും. ലോക ലഹരിവിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്താനാണ് ആലോചന. ഈ സാഹചര്യത്തിൽ ഇക്കാര്യത്തിൽ ജൂൺ 24നകം മറുപടി അറിയിക്കണമെന്ന് നിർമാതാക്കൾ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് 22ന് നടക്കുന്ന യോഗത്തിൽ ഈ വിഷയങ്ങളെല്ലാം ചർച്ച ചെയ്യാൻ തീരുമാനിക്കുന്നത്.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അഭിനേതാക്കൾ മാത്രമല്ല, സാങ്കേതിക പ്രവര്‍ത്തകരും പല തവണയായി പിടിയിലായിരുന്നു. പുതിയ തീരുമാനത്തോട് ഫെഫ്കയ്ക്ക് അനുകൂല സമീപനമാണെന്നാണ് വിവരം. ഈ സാഹചര്യത്തിൽ ഇത്തരത്തിലൊരു സത്യവാങ്മൂലം നൽകാൻ അമ്മയുടെ അംഗങ്ങൾക്കും സമ്മർദമേറും. ലൊക്കേഷനുകളിലും ചിത്രീകരണത്തിനും അനുബന്ധ ജോലികൾക്കുമായി താമസിക്കുന്ന സ്ഥലത്തും ലഹരി ഉപയോഗിക്കില്ലെന്നാണ് സത്യവാങ്മൂലം നൽകേണ്ടത്. നിരോധിത ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതു മൂലമുള്ള ഭവിഷ്യത്തുകൾ കൊണ്ട് നിർമാതാവിനുണ്ടാകുന്ന നഷ്ടം പ്രസ്തുത വ്യക്തി നൽകേണ്ടി വരും എന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ചിത്രത്തിൽ സഹകരിക്കുന്നവരുമായി ഒപ്പു വയ്ക്കുന്ന വേതന കരാറിന്റെ ഭാഗമായിക്കൂടിയാണ് സത്യവാങ്മൂലം നൽകേണ്ടത്. പുതിയ നീക്കം വേതന വ്യവസ്ഥ ക്രമപ്പെടുത്താൻ സഹായിക്കുമെന്ന് കരുതുന്നവരുമുണ്ട്. പ്രധാന താരങ്ങൾ ഒഴികെ പ്രതിഫലത്തിന്റെ കാര്യത്തിൽ മിക്കവരുമായും വേതന കരാർ ഉണ്ടാകാറില്ല. എന്നാൽ സത്യവാങ്മൂലം വരുന്നതോടെ എല്ലാവർക്കും വേതന കരാർ കൂടി ഉൾപ്പെടുത്തേണ്ടി വരും. 

ലഹരി ഉപയോഗമടക്കം ഒട്ടേറെ വിഷയങ്ങളാണ് അമ്മയുടെ ജനറൽ ബോഡി യോഗത്തിന് ചർച്ച ചെയ്യാനുള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ മലയാള സിനിമ മേഖലയിലുണ്ടായ പൊട്ടിത്തെറികളുടെ ആഘാതം ഇതുവരെ അവസാനിച്ചിട്ടില്ല. അമ്മയുടെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ഒന്നടങ്കം രാജിവച്ചു പുറത്തു പോവുകയും ചെയ്തു. ഹേമ കമ്മിറ്റി ശുപാര്‍ശകൾ, താരങ്ങളുടെ പ്രതിഫലത്തെ ചൊല്ലി നിര്‍മാതാക്കളുടെ സംഘടനയുമായി ബന്ധപ്പെട്ടുള്ള ഉരസൽ, ലഹരി ഉപയോഗം അടക്കമുള്ള വിഷയങ്ങൾ ജനറൽ ബോഡി ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്. മോഹൻലാൽ തന്നെ സംഘടനയുടെ പ്രസിഡന്റായി തുടരുന്നതു സംബന്ധിച്ചുള്ള ചർച്ചകളും ഇതിനിടെ ഉയർന്നിരുന്നു.

English Summary:

Drug use in Film Industry: AMMA's crucial meeting will address the Malayalam film industry's drug abuse issue. The June 22nd meeting in Kochi will also decide on new office bearers and discuss the Hema Committee report's recommendations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com