ന്യുനമർദം, ചക്രവാതച്ചുഴി: കേരളത്തിൽ അടുത്ത 7 ദിവസം മഴയ്ക്ക് സാധ്യത

Mail This Article
തിരുവനന്തപുരം∙ ബിഹാറിന് മുകളിലായി ന്യുനമർദവും വടക്കു കിഴക്കൻ രാജസ്ഥാനു മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത 7 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 22 മുതൽ 26 വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതിനിടെ മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ വടക്കൻ- തെക്കുപടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.