‘ക്ഷണിച്ചതിന് നന്ദി, പക്ഷേ..’; ട്രംപിന്റെ ക്ഷണം നിരസിച്ചതിന് പിന്നിലെ കാരണം ഇതോ? വെളിപ്പെടുത്തി നരേന്ദ്ര മോദി

Mail This Article
ഭുവനേശ്വർ∙ കാനഡയിൽ വച്ച് നടന്ന ജി7 ഉച്ചകോടിക്കിടെ അത്താഴവിരുന്നിനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്ഷണം നിരസിച്ചതിനു പിന്നിലെ കാരണം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ തിരിച്ചെത്തിയതിനു ശേഷമുള്ള ഒഡീഷ സന്ദർശനത്തിനു മുൻഗണന നൽകിയതു കൊണ്ടാണ് അത്താഴ വിരുന്നിനുള്ള ട്രംപിന്റെ ക്ഷണം നിരസിച്ചതെന്നും മഹാപ്രഭുവിന്റെ നാട്ടിലേക്കു പോകുന്നതാണു തനിക്ക് പ്രധാനമെന്നും മോദി പറഞ്ഞു. ഭുവനേശ്വറിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘രണ്ടു ദിവസം മുൻപ്, ഞാൻ ജി-7 ഉച്ചകോടിക്കായി കാനഡയിലായിരുന്നു. ഞാൻ അവിടെ ഉണ്ടായിരുന്നപ്പോൾ യുഎസ് പ്രസിഡന്റ് ട്രംപ് എന്നെ വിളിച്ചു. ‘വാഷിങ്ടൺ വഴി വരൂ. നമുക്ക് അത്താഴം കഴിച്ച് സംസാരിക്കാം’ എന്ന് അദ്ദേഹം പറഞ്ഞു. വളരെ നിർബന്ധത്തോടെയാണ് അദ്ദേഹം എന്നെ ക്ഷണിച്ചത്. എന്നാൽ ആ ഓഫർ ഞാൻ ബഹുമാനപൂർവം നിരസിച്ചു. ക്ഷണത്തിനു നന്ദി എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. മഹാപ്രഭുവിന്റെ നാടായ ഒഡീഷയിലേക്ക് പോകേണ്ടതുണ്ട്. അത് എനിക്കു വളരെ പ്രധാനപ്പെട്ടതാണ്.’’ – മോദി പറഞ്ഞു. പുരിയിലെ ജഗന്നാഥ ക്ഷേത്രത്തെ പരാമർശിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.