‘സംസ്ഥാന സർക്കാരിന് എന്തോ മറയ്ക്കാനുള്ളതു കൊണ്ടാണ് ഭാരതാംബ വിവാദം’; ഗവർണർക്ക് പിന്തുണയുമായി കേന്ദ്രമന്ത്രിമാർ

Mail This Article
കൊച്ചി ∙ ഭാരതാംബ വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ. ഗവർണർ രാജേന്ദ്ര അർലേക്കറിന് പിന്തുണ നൽകുന്നതായിരുന്നു സുരേഷ് ഗോപിയുടെയും ജോർജ് കുര്യന്റെയും പ്രസ്താവനകള്‍. യോഗാ ദിനത്തോട് അനുബന്ധിച്ച് രാജ്ഭവനിൽ ഇന്നു നടന്ന ചടങ്ങിലും കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ ഗവർണർ പുഷ്പാർച്ചന നടത്തിയിരുന്നു.
സംസ്ഥാന സർക്കാരിന് എന്തോ മറയ്ക്കാൻ ഉള്ളതുകൊണ്ടാണ് ഭാരതാംബ വിവാദം എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഭാരതാംബ എന്തെന്ന് അറിയാത്തവർ ജവാന്‍മാരോട് ചോദിക്കട്ടെ എന്ന് ജോർജ് കുര്യനും പറഞ്ഞു. ഗവർണർ അദ്ദേഹത്തിന്റെ അവകാശം നിയമപരമായി സ്ഥാപിക്കുകയാണ് ചെയ്തത്. രാജ്ഭവനിൽ എന്തു വേണമെന്ന് ഗവർണറും ക്ലിഫ് ഹൗസിൽ എന്തു വേണമെന്ന് മുഖ്യമന്ത്രിയും നിയമസഭയിലേത് ജനങ്ങളും തീരുമാനിക്കുന്നതാണ് ഇതുവരെയുള്ള കീഴ്‌വഴക്കമെന്നും ജോർജ് കുര്യൻ പ്രതികരിച്ചു.
യോഗയെ പരിഹസിച്ചവരാണ് ഇപ്പോൾ ഭാരതാംബയെ എതിർക്കുന്നതെന്നും രണ്ടോ മൂന്നോ വർഷം കഴിഞ്ഞാൽ യോഗയെ ഏറ്റെടുത്തതു പോലെ ക്ലിഫ് ഹൗസിൽ വരെ ഭാരതാംബയെ വെക്കുമെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ലോക യോഗാദിനം ആചരിക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചപ്പോൾ അത് സംഘപരിവാർ അജണ്ടയാണെന്നും അപരിഷ്കൃതമാണെന്നും പറഞ്ഞവരാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. എന്നാൽ ഇന്ന് അവർ യോഗാദിനം കൊണ്ടാടുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.