അഹമ്മദാബാദ് വിമാനാപകടത്തിൽ ആകെ മരണം 275; പ്രദേശവാസികൾ 34 പേർ, ഔദ്യോഗിക കണക്ക് പുറത്ത്

Mail This Article
ന്യൂഡൽഹി∙ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനം തകർന്നുവീണുണ്ടായ ദുരന്തത്തിൽ 275 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. വിദേശികളും സ്വദേശികളുമായി വിമാനത്തിലുണ്ടായിരുന്ന 241 പേരാണു മരിച്ചത്. ജനവാസ മേഖലയിൽ വിമാനം തകർന്നുവീണു പ്രദേശവാസികളായ 34 പേരും മരിച്ചിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഔദ്യോഗിക കണക്ക് പുറത്തുവിട്ടത്. ജൂൺ 12ന് നടന്ന അപകടത്തിൽ ആകെ മരണസംഖ്യയെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ കേന്ദ്ര സർക്കാർ നടത്തിയിരുന്നില്ല.
ഡിഎൻഎ പരിശോധന നടത്തിയതിനുശേഷം മാത്രമേ കണക്ക് ലഭിക്കൂ എന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. എല്ലാ മൃതദേഹങ്ങളും ഇപ്പോൾ കണ്ടെടുത്തിട്ടുണ്ടെന്നും ഇതുവരെ 260 മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെയും ആറ് മൃതദേഹങ്ങൾ മുഖ പരിശോധനയിലൂടെയും തിരിച്ചറിഞ്ഞെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ചവരിൽ 120 പുരുഷന്മാരും 124 സ്ത്രീകളും 16 കുട്ടികളും ഉൾപ്പെടുന്നു. 256 മൃതദേഹങ്ങൾ ഇതുവരെ കുടുംബങ്ങൾക്ക് കൈമാറി. ശേഷിക്കുന്ന മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.