എഫ് 35 ബി കെട്ടിവലിച്ച് ഹാങ്ങറിലേക്ക് മാറ്റി, സാങ്കേതിക പ്രശ്നം പരിഹരിക്കാനുള്ള ഉപകരണം എത്തിച്ചു; എയർബസ് 400 മടങ്ങി

Mail This Article
തിരുവനന്തപുരം ∙ എഫ് 35 ബി യുദ്ധവിമാനത്തിന്റെ അറ്റകുറ്റപണികൾക്കായി ബ്രിട്ടനിൽനിന്ന് വിദഗ്ധരെത്തിയ ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനമായ എയർബസ് 400 തിരികെ മടങ്ങി. വിമാനം ഒമാനിലേക്കാണ് മടങ്ങുന്നതെന്നാണ് വിവരം. വിമാനത്തിൽനിന്നും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഉപകരണങ്ങൾ പുറത്തിറക്കി. ഇതിനുപിന്നാലെ എഫ് 35 ബി വിമാനം ഹാങ്ങറിലേക്ക് കെട്ടിവലിച്ചു നീക്കി. എയർ ഇന്ത്യയുടെ മെയിന്റനൻസ് ഹാൻഡിലിലായിരുന്നു എഫ് 35 ഇത്രയും ദിവസം ഉണ്ടായിരുന്നത്. എയർ ഇന്ത്യയുടെ തന്നെ ഹാങ്ങറിലേക്കാണ് വിമാനം മാറ്റിയിരിക്കുന്നത്. 17 പേരടങ്ങിയ ബ്രിട്ടിഷ് സംഘമാണ് അറ്റകുറ്റപണികൾക്കായി എത്തിയത്.
ഇന്ത്യ–പസഫിക് മേഖലയിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലിൽനിന്നു പറന്നുയർന്ന എഫ് 35 ബി യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെ തുടർന്നാണ് തിരുവനന്തപുരത്ത് ഇറക്കിയത്. അടിയന്തരമായി ഇറക്കുന്നതിനിടെ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാർ സംഭവിച്ചു. വിമാനവാഹിനി കപ്പലിൽനിന്ന് 2 എൻജിനീയർമാർ ഹെലികോപ്റ്ററിൽ എത്തിയെങ്കിലും തകരാർ പരിഹരിക്കാനായില്ല. പൈലറ്റ് ഇതേ കോപ്റ്ററിൽ മടങ്ങി. ബ്രിട്ടനിൽനിന്നുള്ള ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ തുടർന്നു.
ശത്രുവിന്റെ റഡാർ കണ്ണുകളെ വെട്ടിക്കാൻ കഴിവുള്ള സ്റ്റെൽത്ത് സാങ്കേതിക വിദ്യയുള്ളതാണ് എഫ് 35 വിമാനം. ഈ വിമാനങ്ങൾ ഇതുവരെ ഇരുപതിലധികം തവണ അപകടത്തിൽപ്പെട്ടിട്ടുണ്ട്. യുഎസിന്റെ വിമാനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെട്ടത്. ഇസ്രയേൽ, ബ്രിട്ടൻ, ജപ്പാൻ, െതക്കൻ കൊറിയ തുടങ്ങിയ രാജ്യങ്ങൾ ഈ വിമാനം ഉപയോഗിക്കുന്നുണ്ട്. അമേരിക്കൻ കമ്പനിയായ ലോക്ഹീഡ് മാർട്ടിനാണ് നിർമാതാക്കൾ.