നിപ്പ തടയാൻ കേരളത്തിന് എല്ലാ സഹായവും നൽകുമെന്ന് കേന്ദ്രം; നാഷനൽ ഔട്ട്ബ്രേക്ക് റെസ്പോൺസ് ടീം സംസ്ഥാനത്തേക്ക്

Mail This Article
തിരുവനന്തപുരം ∙ നിപ്പ ബാധിതരുടെ എണ്ണം കൂടുന്നതിനിടെ കേരളത്തിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം എത്തും. നാഷനൽ ഔട്ട്ബ്രേക്ക് റെസ്പോൺസ് ടീമാണ് സംസ്ഥാനത്തേക്ക് എത്തുക. ഒരാഴ്ചയ്ക്കുള്ളിൽ സംഘം എത്തുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
കേരളത്തിന് എല്ലാ വിധ സഹായങ്ങളും നൽകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിപ്പയുമായി ബന്ധപ്പെട്ട് കേരളത്തിൽ നിലവിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നാണു വിലയിരുത്തൽ. അതിനിടെ പാലക്കാട് ചികിത്സയിലുള്ള യുവതിയുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ സാംപിൾ പരിശോധനാ ഫലം പുറത്തുവന്നു. മൂന്ന് പേരുടേയും ഫലം നെഗറ്റീവാണ്.
കോഴിക്കോട് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് പരിശോധനാഫലം നെഗറ്റീവായത്. ഇതോടെ ആശങ്ക അകന്നു. ഇവരിൽ ഒരാൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റ് രണ്ട് പേർ പാലക്കാട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.