നാടകീയ നീക്കം: സിൻഡിക്കറ്റ് പറഞ്ഞു, വീണ്ടും ചുമതലയേറ്റെടുത്ത് റജിസ്ട്രാർ; രഹസ്യമായി സർവകലാശാല ആസ്ഥാനത്തെത്തി

Mail This Article
തിരുവനന്തപുരം ∙ കേരള സർവകലാശലയിലെ പ്രതിസന്ധിയിൽ നിലപാട് കടുപ്പിച്ച് സിൻഡിക്കറ്റ്. വൈസ് ചാൻസലർ സസ്പെൻഡ് ചെയ്ത റജിസ്ട്രാർ സർവകലാശാല ആസ്ഥാനത്തെത്തി ചുമതലയേറ്റെടുത്തു. ഇന്ന് തന്നെ ചുമതല ഏറ്റെടുക്കണമെന്ന് റജിസ്ട്രാറോട് സിൻഡിക്കറ്റ് ആവശ്യപ്പെട്ടിരുന്നു. വൈകിട്ട് 4.30നാണ് റജിസ്ട്രാർ കെ.എസ്. അനിൽകുമാർ സർവകലാശലയിൽ എത്തിയതെന്നാണ് വിവരം.
വിസി റജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിഷയത്തിൽ ഹൈക്കോടതി നാളെ കേസ് പരിഗണിക്കാനിരിക്കെ ആണ് സിൻഡിക്കറ്റിന്റെ നാടകീയ നീക്കം. അനിൽ കുമാർ ചുമതലയേറ്റെടുത്തെങ്കിലും ഇതിന് നിയമസാധുതയുണ്ടോ എന്ന കാര്യം ഹൈക്കോടതിയാകും തീരുമാനിക്കുക. വിസിയുമായി തുറന്നപോരിന് തയാറെടുത്താണ് സിൻഡിക്കറ്റിന്റെ അടിയന്തര തീരുമാനം.
സർവകലാശാല നിയമപ്രകാരം റജിസ്ട്രാറുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സിൻഡിക്കറ്റാണെന്നാണ് ഇടത് അംഗങ്ങൾ പറയുന്നത്. മാധ്യമങ്ങളെ അറിയിക്കാതെ രഹസ്യമായാണ് കെ.എസ്. അനിൽകുമാർ സർവകലാശാല ആസ്ഥാനത്ത് എത്തിയത്.