റജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയെന്ന് കേരള സർവകലാശാല സിൻഡിക്കറ്റ്, ഇല്ലെന്ന് വിസി; യോഗത്തിൽ വൻ ബഹളം

Mail This Article
തിരുവനന്തപുരം∙ കേരള സർവകലാശാല റജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാറിന്റെ സസ്പെൻഷൻ സിൻഡിക്കറ്റ് യോഗം റദ്ദാക്കി. താൽക്കാലിക വിസി ഡോ.സിസ തോമസിന്റെ എതിർപ്പ് അവഗണിച്ചാണ് സസ്പെൻഷൻ റദ്ദാക്കിയത്. വിസി വിയോജനക്കുറിപ്പ് നൽകി. തീരുമാനത്തോട് ബിജെപി അംഗങ്ങളും വിയോജിച്ചു. സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ മൂന്നംഗ കമ്മിറ്റിയെ യോഗം നിയോഗിച്ചു. തീരുമാനം കോടതിയെ അറിയിക്കും. യോഗത്തിൽ വലിയ ബഹളമുണ്ടായി.
റജിസ്ട്രാറുടെ സസ്പെൻഷൻ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ചർച്ച ചെയ്യാൻ കഴിയില്ലെന്ന് സിന്‍ഡിക്കറ്റ് അംഗങ്ങളെ അറിയിച്ചിരുന്നതായി സിസ തോമസ് പറഞ്ഞു. വിഷയം യോഗത്തിന്റെ അജൻഡയിലും ഇല്ലായിരുന്നു. അതിനാൽ സസ്പെൻഷൻ റദ്ദാക്കപ്പെടില്ല. യോഗം പിരിച്ചുവിട്ടു താൻ പുറത്തുവന്നു. യോഗം പിരിച്ചുവിട്ടശേഷം എടുക്കുന്ന നടപടികൾക്ക് നിയമപിന്തുണ ഇല്ല. അത് അംഗീകരിക്കാനും കഴിയില്ല. തിങ്കളാഴ്ച കോടതിയിൽ കൊടുക്കുന്ന സത്യവാങ്മൂലം സംബന്ധിച്ചായിരുന്നു യോഗത്തിലെ അജൻഡ. അത് പൂർത്തീകരിക്കാനായില്ല. അതിലേക്ക് എത്താതിരിക്കാൻ ചർച്ച വഴി തിരിച്ചുവിട്ടതായും സിസ തോമസ് പറഞ്ഞു.
കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തെ തുടർന്ന് കേരള സർവകലാശാലാ റജിസ്ട്രാറെ സസ്പെൻഡ് ചെയ്ത പശ്ചാത്തലത്തിലാണ് അടിയന്തര സിൻഡിക്കറ്റ് യോഗം ചേർന്നത്. എൽഡിഎഫ് അനുകൂല സിൻഡിക്കറ്റ് അംഗങ്ങളായ 16 പേരും ഒരു യുഡിഎഫ് അംഗവും രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടർന്നാണ് യോഗം വിളിക്കാൻ വി.സിയുടെ താൽക്കാലിക ചുമതലയുള്ള ഡോ.സിസ തോമസ് സമ്മതിച്ചത്. സസ്പെൻഷൻ നടപടിക്കെതിരെ റജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ നൽകിയ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് അടിയന്തര സിൻഡിക്കറ്റ് യോഗം.
വിസിയോടു സത്യവാങ്മൂലം നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സിൻഡിക്കറ്റ് എടുക്കുന്ന തീരുമാനം വിസിയുടെതായി സ്റ്റാൻഡിങ് കൗൺസിൽ വഴി കോടതിയെ അറിയിക്കണമെന്നാണ് ഇടതുപക്ഷത്തിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം തള്ളിയ വി.സി, തനിക്കു വേണ്ടി പ്രത്യേക അഭിഭാഷകനെ ചുമതലപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഗവർണർ പങ്കെടുത്ത പരിപാടിയിൽ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചതിനെ തുടർന്ന് റജിസ്ട്രാർ പരിപാടി റദ്ദാക്കിയിരുന്നു. ഇതേത്തുടർന്നാണ് റജിസ്ട്രാറെ വിസി സസ്പെൻഡ് ചെയ്തത്.