ജ്യോതിയെ കേരളത്തിലേക്ക് ക്ഷണിച്ചത് സർക്കാർ; മൊത്തം ചെലവും വഹിച്ചു, വേതനവും നൽകി: നിർണായക വിവരം

Mail This Article
തിരുവനന്തപുരം∙ പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ അറസ്റ്റിലായ ഹരിയാന സ്വദേശി വ്ലോഗർ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരമെന്ന് വിവരാവകാശരേഖ. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനായാണ് ജ്യോതിയെ ടൂറിസം വകുപ്പ് ക്ഷണിച്ചത്. യാത്ര, ഭക്ഷണം, താമസം തുടങ്ങിയ ചെലവുകളും ദൃശ്യങ്ങൾ പകർത്താനുള്ള സൗകര്യവും അധികൃതർ ഒരുക്കി. വേതനവും സർക്കാർ നൽകി. ടൂറിസം വകുപ്പ് ഇതിനായി സ്വകാര്യ ഏജൻസിക്ക് കരാർ നൽകുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തരായ 41 പേരെയാണ് സർക്കാർ കേരളത്തിലേക്ക് ക്ഷണിച്ചത്.
ജ്യോതി ചാരവൃത്തി നടത്തിയതായി അന്നു തെളിഞ്ഞിരുന്നില്ല. ചാരവൃത്തി കണ്ടെത്തിയതോടെ കേരളത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയിരുന്നു. ജ്യോതി സന്ദർശിച്ച സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പഹൽഗാം ഭീകരാക്രമണത്തിനു മുൻപ് ജ്യോതി പാക്കിസ്ഥാൻ സന്ദർശിച്ചതായി ഹരിയാന പൊലീസ് കണ്ടെത്തിയിരുന്നു. പാക്കിസ്ഥാൻ യാത്രയ്ക്കിടെ ജ്യോതി പാക്ക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെ കണ്ടിരുന്നെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
രണ്ടു വര്‍ഷം മുന്‍പാണ് ജ്യോതി ആദ്യമായി കേരളത്തെപ്പറ്റി വ്ലോഗ് ചെയ്തത്. ട്രാവല്‍ വിത്ത് ജോ എന്ന തന്റെ വ്ലോഗിലൂടെ ഇവര്‍ കേരള സന്ദര്‍ശനത്തിന്റെ വിഡിയോകള്‍ പങ്കുവച്ചിരുന്നു. ഇവ കേന്ദ്ര ഏജന്‍സികള്‍ പരിശോധിച്ചു. തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ ജ്യോതി സന്ദർശിച്ചോ, പ്രമുഖ വ്യക്തികളെ ബന്ധപ്പെട്ടോ തുടങ്ങിയ കാര്യങ്ങളാണ് ഏജൻസികൾ പരിശോധിച്ചത്. ഡൽഹിയിൽ നിന്ന് ബെംഗളുരുവിലെത്തിയ ജ്യോതി കണ്ണൂരിലാണ് വിമാനമിറങ്ങിയത്. കണ്ണൂരിൽ യാത്ര ചെയ്യുന്നതിന്റെയും തെയ്യം കാണുന്നതിന്റെയും വിഡിയോകൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് കൊച്ചി, മൂന്നാർ, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങൾ സന്ദർശിച്ചു. രാജധാനി എക്സ്പ്രസിൽ ഡൽഹിക്ക് മടങ്ങി.
ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പ്രതികരണം:
നല്ല ഉദ്ദേശ്യത്തോടെയാണു കാര്യങ്ങൾ ചെയ്തത്. ഇതുവരെയുള്ള സർക്കാരുകൾ തുടർന്ന കാര്യങ്ങളാണ് ഈ സർക്കാരും ചെയ്തത്. ബോധപൂർവം സർക്കാർ അവരെ കൊണ്ടുവരുമോ? ചാരവൃത്തിക്ക് സൗകര്യം ചെയ്തു കൊടുക്കുന്ന സർക്കാരാണോ ഇത്? എങ്ങനെയാണ് സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നതെന്നു മാധ്യമങ്ങൾ മനസ്സിലാക്കണം.
Disclaimer: ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Instagram/travelwithjo1ൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.