ADVERTISEMENT

കൊച്ചി ∙ സാമൂഹിക നീതിയും മനുഷ്യാവകാശവും സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ഉന്നമനവും ഉയർത്തിപ്പിടിച്ചതായിരുന്നു ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ ജീവിതമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്. സാമൂഹിക നീതിയോടുള്ള തികഞ്ഞ പ്രതിബദ്ധതയും അനുകമ്പയുമാണ് ജസ്റ്റിസ് കൃഷ്ണയ്യരെ നയിച്ചതെന്ന് ചീഫ് ജസ്റ്റിസ് ഗവായ് പറഞ്ഞു. കേരള ഹൈക്കോടതിയിൽ ശാരദ കൃഷ്ണ സദ്ഗമയ ഫൗണ്ടേഷൻ ഓഫ് ലോ ആൻഡ് ജസ്റ്റിസ്, കേരള ഹൈക്കോടതിയിൽ സംഘടിപ്പിച്ച ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ അനുസ്മരണാർഥമുള്ള പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

മൗലികാവകാശവും ഭരണഘടനയിലെ മാർഗനിർദേശക തത്വങ്ങളും തമ്മിൽ ചേർന്നു പോകുന്നതിന് ജസ്റ്റിസ് കൃഷ്ണയ്യർ വഹിച്ച പങ്ക് ചീഫ് ജസ്റ്റിസ് എടുത്തു പറഞ്ഞു. സാമൂഹികനീതിയിലും ഭരണഘടനാ തത്വങ്ങളിലും ഊന്നിയുള്ള ജസ്റ്റിസ് കൃഷ്ണയ്യരുടെ വിധിന്യായങ്ങൾ തന്റെ ജുഡീഷ്യൽ കരിയറിൽ പലപ്പോഴും ഉദ്ധരിക്കേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാവപ്പെട്ടവരോടും സമൂഹത്തിലെ താഴേക്കിടയിലുള്ളവരോടുമുള്ള പ്രതിബദ്ധതയുടെ പേരിൽ ജസ്റ്റിസ് കൃഷ്ണയ്യർ എന്നും ഓർമിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പൊതുതാൽപര്യ ഹർജി വഴിയുള്ള ജസ്റ്റിസ് കൃഷ്ണയ്യരുടെ ജുഡീഷ്യൽ ആക്ടിവിസവും തടവുകാരുടെ അവകാശങ്ങൾക്കു വേണ്ടി നിലകൊണ്ടതും ലിംഗ സമത്വത്തിനായുള്ള കാഴ്ചപ്പാടുകളുമെല്ലാം എടുത്തു പറയുന്നതായിരുന്നു ചീഫ് ജസ്റ്റിസ് ഗവായിയുടെ പ്രഭാഷണം. തന്റെ മാർഗനക്ഷത്രവും റോൾ മോഡലുമാണ് ജസ്റ്റിസ് കൃഷ്ണയ്യരെന്നും അദ്ദേഹം അനുസ്മരിച്ചു.

ശബ്ദമില്ലാത്തവരുടെ ശബ്ദമെന്ന നിലയിലാകും ജസ്റ്റിസ് കൃഷ്ണയ്യർ ഓർമിക്കപ്പെടുക എന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ പറഞ്ഞു. അഭിഭാഷകനും ജഡ്ജിയും മന്ത്രിയും പൗരസ്വാതന്ത്ര്യങ്ങൾക്കു വേണ്ടി പോരാടിയ ആളുമാണ് ജസ്റ്റിസ് കൃഷ്ണയ്യർ എന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് കൃഷ്ണയ്യരുമായി തനിക്കുണ്ടായിരുന്ന അടുപ്പം പങ്കുവച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൃഷ്ണയ്യർ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ചത് നവംബർ 14നാണെങ്കിൽ മറ്റൊരു നവംബർ 14നാണ് ഇന്നത്തെ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് സുപ്രീം കോടതി ജ‍ഡ്ജിയായത് എന്നതും ചൂണ്ടിക്കാട്ടി. ശാരദ കൃഷ്ണ സദ്ഗമയ ഫൗണ്ടേഷൻ ഓഫ് ലോ ആൻഡ് ജസ്റ്റിസിന്റെ പ്രസിഡന്റ് റിട്ട. ജസ്റ്റിസ് കെ.ബാലകൃഷ്ണൻ നായർ, സെക്രട്ടറി അഡ്വ. സാനന്ദ് രാമകൃഷ്ണൻ തുടങ്ങിയവരും പ്രസംഗിച്ചു. സുപ്രീ കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.എം.ജോസഫ്, കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ചീഫ് സെക്രട്ടറി എ.ജയതിലക്, ജില്ലാ കലക്ടർ എൻ.എസ്.കെ.ഉമേഷ്‍, ഹൈക്കോടതി ജഡ്ജിമാർ, അഭിഭാഷകർ തുടങ്ങി ഒട്ടേറേ പേരാണ് പ്രഭാഷണത്തിൽ‍ സംബന്ധിച്ചത്. 

English Summary:

Justice V.R. Krishna Iyer: A champion of social justice and human rights. Chief Justice Gavai highlighted Krishna Iyer's dedication to the marginalized and his impact on Indian law.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com