ADVERTISEMENT

പാലക്കാട്∙ കൂറ്റനാടിന് സമീപം കോതച്ചിറയിൽ കിണറ്റിൽ വീണ് മരിച്ചെന്ന് കരുതിയ വയോധിക ഒന്നര മണിക്കൂറിന് ശേഷം ജീവനോടെ പുറത്തേക്ക്. നാഗലശ്ശേരി പഞ്ചായത്തിലെ  കോതച്ചിറ കരുമത്തിൽ വീട്ടിൽ  ദാക്ഷായണി (68) ആണ് വീട്ടിലെ കിണറ്റിൽ വീണത്. കാലത്ത് ഏഴ് മണിയോടെയാണ് വയോധികയെ കിണറിൽ വീണ് കിടക്കുന്ന നിലയിൽ വീട്ടുകാർ കാണുകയായിരുന്നു. അതിരാവിലെ ഇവർ വീണിട്ടുണ്ടാമെന്ന് കരുതി ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. 

ഇതിനിടെ ദാക്ഷായണിയെ കിണറിനു പുറത്തെത്തിക്കാനായി നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചിരുന്നു. ഈ സമയം ശരീരം വെള്ളത്തിനടിയിലേക്ക് മുങ്ങിപ്പോകാതിരിക്കാനായി പ്രദേശവാസി കൽപ്പാലത്തിങ്കൽ ഭാസ്കരൻ കിണറിലിറങ്ങി വയോധികയുടെ ശരീരം താങ്ങി നിർത്തി. ഈ സമയമത്രയും വയോധികയ്ക്ക് ജീവനുണ്ടോ എന്ന കാര്യത്തിൽ നാട്ടുകാർക്ക് യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല. അഗ്നിരക്ഷാസേന എത്തി ശരീരം മുകളിലേക്കു കയറ്റുന്നതിനിടെയാണ് വയോധികയുടെ കൺപോളയിലെ ഇളക്കം ശ്രദ്ധയിൽപ്പെടുന്നതും ജീവൻ നിലനിൽക്കുന്നുണ്ടെന്ന് മനസിലായതും. 

ഉടൻ തന്നെ വയോധികയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിൽ തുടരുന്ന ദാക്ഷായണി ഞായറാഴ്ച ഉച്ചയോടെ തന്നെ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. മണിക്കൂറുകളോളം നിറയെ വെള്ളമുള്ള കിണറിൽ വീണ് കിടന്നിട്ടും വയോധിക അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരും ബന്ധുക്കളും രക്ഷാപ്രവർത്തകരുമെല്ലാം. അതേ സമയം ഇവർ എങ്ങനെ കിണറിൽ വീണു എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

English Summary:

Elderly Woman Rescued Alive After Falling into Well in Palakkad: Miraculous rescue in Palakkad: An elderly woman, presumed dead after falling into a well in Kothachira near Kootanad, was rescued alive after one and a half hours.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com