കനത്ത മഴ, ഹെലികോപ്റ്റർ ഇറക്കാനായില്ല: ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ യാത്ര തടസ്സപ്പെട്ടു; കൊച്ചിയിലേക്കു മടങ്ങി

Mail This Article
കൊച്ചി ∙ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ ഗുരുവായൂർ യാത്ര തടസ്സപ്പെട്ടു. കനത്തമഴ കാരണം ഉപരാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്ററിന് ഗുരുവായൂരിൽ ഇറങ്ങാൻ കഴിഞ്ഞില്ല. ഹെലികോപ്റ്റർ കൊച്ചിയിലേക്ക് മടങ്ങി. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി ശ്രീകൃഷ്ണ കോളജിന്റെ ഹെലിപ്പാഡിൽ ഇറങ്ങാനായിരുന്നു തീരുമാനം. രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് ഉപരാഷ്ട്രപതി കേരളത്തിലെത്തിയത്. ഇന്ന് 12.35നു കൊച്ചി വിമാനത്താവളത്തിൽനിന്നു വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്കു മടങ്ങുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.
ഇന്നലെ കൊച്ചിയിലെത്തിയ ജഗ്ദീപ് ധൻകറിന് ഊഷ്മള സ്വീകരണമാണ് നൽകിയത്. കൊച്ചി വിമാനത്താവളത്തിൽ ഉപരാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഭാര്യ ഡോ. സുദേഷ് ധൻകർ, കുടുംബാംഗങ്ങളായ ആഭ വാജ്പേയി, കാർത്തികേയ് വാജ്പേയി എന്നിവരും ഉപരാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു.
മന്ത്രി പി. രാജീവ്, ഹാരിസ് ബീരാൻ എംപി, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ഡിജിപി റാവാഡ ചന്ദ്രശേഖർ, കലക്ടർ എൻ.എസ്.കെ. ഉമേഷ്, റൂറൽ എസ്പി എം. ഹേമലത, സിയാൽ എംഡി എസ്. സുഹാസ്, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫിസർ എം.എസ്. ഹരികൃഷ്ണൻ എന്നിവരും ഉപരാഷ്ട്രപതിയെ സ്വീകരിക്കാനെത്തി.