Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാം നാഥ് കോവിന്ദ് ഇന്ത്യയുടെ 14–ാം രാഷ്ട്രപതി; സത്യപ്രതിജ്ഞ ചൊവ്വാഴ്ച

Ram Nath Kovind, Meira Kumar

ന്യൂഡൽഹി ∙ റാം നാഥ് കോവിന്ദ് ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാകും. പാർലമെന്റ് മന്ദിരത്തിൽ നടന്ന വോട്ടെണ്ണലിൽ 65.65 ശതമാനം വോട്ടു നേടിയാണ് എൻഡിഎ സ്ഥാനാർഥിയായ റാം നാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥിയായ കോൺഗ്രസ് നേതാവ് മീരാ കുമാറിന് 34.35 ശതമാനം വോട്ടു ലഭിച്ചു. ഈ മാസം 25ന് റാം നാഥ് കോവിന്ദ് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ കാലാവധി 24നാണ് അവസാനിക്കുന്നത്.

Read More: India Presidential Election Voting Statistics

പ്രവചനങ്ങൾ ശരിവച്ച് ലോക്സഭാ, രാജ്യസഭാ എംപിമാരിൽ ഭൂരിപക്ഷവും എൻഡിഎ സ്ഥാനാർഥി റാം നാഥ് കോവിന്ദിനൊപ്പം നിലയുറപ്പിച്ചു. കോവിന്ദിന് 522 എംപിമാരുടെ വോട്ട് ലഭിച്ചു. 225 എംപിമാർ മീരാ കുമാറിന് വോട്ടു ചെയ്തു. പാർലമെന്റ് അംഗങ്ങളിൽ നിന്നുമാത്രം 3,69,576 വോട്ടുമൂല്യമാണ് കോവിന്ദ് സ്വന്തമാക്കിയത്. എതിരാളിയായ മീരാ കുമാറിന് 1,59,300 വോട്ടുമൂല്യം ലഭിച്ചു. 21 എംപിമാരുടെ വോട്ട് അസാധുവായി.

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലം

∙ റാം നാഥ് കോവിന്ദ് – 2930 വോട്ട് (വോട്ടുമൂല്യം – 7,02,044)
∙ മീരാ കുമാർ – 1,844 വോട്ട് (വോട്ടുമൂല്യം – 3,67,314)
∙ 77 വോട്ടുകൾ അസാധുവായി

വികാരഭരിതനായി കോവിന്ദ്; പോരാട്ടം തുടരുമെന്ന് മീര

തന്നെ സംബന്ധിച്ചിടത്തോളം വൈകാരിക നിമിഷമാണ് ഇതെന്ന് വിജയം ഉറപ്പിച്ച ശേഷം ഡൽഹിയിലെ വസതിയിൽ മാധ്യമങ്ങളെ കണ്ട റാം നാഥ് കോവിന്ദ് പ്രതികരിച്ചു. തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥിയായിരുന്ന മീരാ കുമാറിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു.

അതേസമയം, രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട റാം നാഥ് കോവിന്ദിനെ പ്രതിപക്ഷ സ്ഥാനാർഥി മീരാ കുമാറും അഭിനന്ദിച്ചു. വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് ഭരണഘടനയെ സംരക്ഷിക്കുന്നതിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന റാം നാഥ് കോവിന്ദിന് എല്ലാവിധ ആശംസകളും നേരുന്നതായും മീരാ കുമാർ പ്രതികരിച്ചു. എനിക്കു പിന്തുണ നൽകിയ എല്ലാ രാഷ്ട്രീയ പാർട്ടികള്‍ക്കും എംപിമാർക്കും എംഎൽഎമാർക്കും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും നന്ദി. മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും നീതി ഉറപ്പാക്കുന്നതിനുമുള്ള തന്റെ പോരാട്ടം തുടരുമെന്നും മീരാ കുമാർ.

അഭിനന്ദനം ചൊരിഞ്ഞ് നേതാക്കൾ

പ്രഥമപൗരനായി തിരഞ്ഞെടുക്കപ്പെട്ട റാം നാഥ് കോവിന്ദിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി, കേരള ഗവർണർ ജസ്റ്റിസ് പി. സദാശിവം തുടങ്ങിയവർ അഭിനന്ദിച്ചു.

Ram Nath Kovind എൻഡിഎ സ്ഥാനാർഥി റാം നാഥ് കോവിന്ദ് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത് ആഘോഷിക്കുന്ന പട്നയിലെ ബിജെപി പ്രവർത്തകർ

ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് മികച്ച പ്രചാരണം നടത്തിയ പ്രതിപക്ഷ സ്ഥാനാർഥി മീരാ കുമാറിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. എൻഡിഎ സ്ഥാനാർഥി റാം നാഥ് കോവിന്ദിന് വോട്ടു ചെയ്ത എംപിമാർക്കും എംഎൽഎമാർക്കും അദ്ദേഹം നന്ദിയറിയിച്ചു. ഭരണരംഗത്തെ അനുഭവസമ്പത്തും അര്‍പ്പണബോധവും കൊണ്ട് വരുംകാലങ്ങളില്‍ രാജ്യത്തെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കാന്‍ റാം നാഥ് കോവിന്ദിന് സാധിക്കട്ടെ എന്ന് ജസ്റ്റിസ് സദാശിവം ആശംസാ സന്ദേശത്തില്‍ പറഞ്ഞു.

കേരളത്തിൽ കോവിന്ദിന് ഒരു വോട്ടുമാത്രം

കേരളത്തിൽ റാം നാഥ് കോവിന്ദിന് ഒരു വോട്ടു മാത്രമേ ലഭിച്ചുള്ളൂ. അതേസമയം, ആന്ധ്രപ്രദേശിൽ പ്രതിപക്ഷ സ്ഥാനാർഥി മീരാ കുമാറിന് ഒരു വോട്ടു പോലും ലഭിച്ചില്ല. 21 എംപിമാരുടേതുൾപ്പെടെ 77 വോട്ടുകൾ അസാധുവായി. ബംഗാളിൽ 10 എംഎൽഎമാരുടെ വോട്ടുകൾ അസാധുവായി.

കോൺഗ്രസിന് വോട്ടുചോർച്ച

അതിനിടെ, ഗുജറാത്തിലും ഗോവയിലും ഛത്തീസ്ഗഡിലും കോൺഗ്രസിന് വോട്ടു ചോർച്ചയുണ്ടായി. ഗുജറാത്തിൽ 60 ൽ 49 പേരുടെയും ഗോവയിൽ 17 എംഎൽഎമാരിൽ 11 പേരുടെയും പിന്തുണയാണ് മീരാ കുമാറിനു ലഭിച്ചത്. രാവിലെ 11നാണ് പാർലമെന്റ് മന്ദിരത്തിൽ വോട്ടണ്ണൽ ആരംഭിച്ചത്. പാർലമെന്റിലെ ബാലറ്റ് പെട്ടികളാണ് ആദ്യം തുറന്നത്. തുടർന്നു സംസ്ഥാന നിയമസഭകളിൽ നിന്നെത്തിച്ച പെട്ടികളിലെ വോട്ടുകൾ, സംസ്ഥാനങ്ങളുടെ പേരിന്റെ ഇംഗ്ലിഷ് അക്ഷരക്രമത്തിലും എണ്ണി തുടങ്ങി.

Ram Nath Kovind

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 776 എംപിമാരും 4120 എംഎൽഎമാരുമായിരുന്നു വോട്ടർമാർ. ഇതിൽ 768 എംപിമാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ചരിത്രത്തിലെ ഏറ്റവും കൂടിയ വോട്ടിങ് ആയിരുന്നു ഇത്തവണ – ഏകദേശം 99%. എംപിയുടെ വോട്ടിന്റെ മൂല്യം 708 ആണ്. സംസ്ഥാന ജനസംഖ്യയ്ക്ക് ആനുപാതികമായാണ് എംഎൽഎമാരുടെ വോട്ടു മൂല്യം.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.