Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രിയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം – വീസാ ചട്ടങ്ങളില്‍ ഇളവ്‌

narendra-modi-africa

പ്രിട്ടോറിയ∙ ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കുമിടയില്‍ ടൂറിസം, ബിസിനസ്സ് ആവശ്യങ്ങള്‍ക്കായുള്ള യാത്രാ വീസാച്ചട്ടങ്ങള്‍ ലഘൂകരിക്കുമെന്നു ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കന്‍ രാജ്യത്തിന്‍റെ ടൂറിസം മേഖലയിലേക്ക് വിദേശ വിനോദ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന്‍റെയും വ്യവസായ – വാണിജ്യ ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുമുള്ള തീരുമാനങ്ങളുടെയും ഭാഗമായി വീസാ നടപടികള്‍ അത്യന്തം ലളിതപൂര്‍ണ്ണമാക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായി പ്രസിഡന്‍റ് ജേക്കബ് സുമ പ്രിട്ടോറിയ യൂണിയന്‍ ബില്‍ഡിങ്ങില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി 10 വര്‍ഷം വരെ കാലാവധിയുള്ള വീസയ്ക്ക് അപേക്ഷിക്കാനുള്ള സാധ്യതയുണ്ടാകും.

എന്നാല്‍ ജനസംഖ്യാനുപാതികമായിയുള്ള തൊഴില്‍ സാധ്യതകള്‍ ഇന്ത്യയെ അപേക്ഷിച്ച് സൗത്താഫ്രിക്കയില്‍ കൂടുതലായതിനാല്‍ ടൂറിസ്റ്റ് വീസയില്‍ ഇവിടെ വരുന്ന വളരെയധികമാളുകള്‍ തിരികെ പോകാത്ത അവസ്ഥയാണ് വീസ ചട്ടങ്ങള്‍ കര്‍ശനവും കഠിനവുമാക്കിയതെന്നു ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. അതോടൊപ്പം ഭീകരപ്രവര്‍ത്തകര്‍ക്ക് വളരെയെളുപ്പത്തില്‍ രാജ്യത്തേക്ക് കടക്കമെന്നതും ആശങ്കയുയര്‍ത്തുന്ന കാര്യമാണ്.

സൗത്താഫ്രിക്കന്‍ ജനതയ്ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിനായി ഇ-വീസ സമ്പ്രദായം വഴി അപേക്ഷിക്കുന്നതിനുള്ള സൗകര്യം ഈ വര്‍ഷം മുതല്‍ ലഭ്യമാകുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. ഇന്ത്യ-സൗത്താഫ്രിക്ക ബിസിനസ്സ് ഫോറം ചര്‍ച്ചയിലാണ് ഇക്കാര്യം മോദി അറിയിച്ചത്. “ടൂറിസം ബിസിനസ്സ് ആവശ്യങ്ങള്‍ക്ക് നിങ്ങളുടെ സ്വീകരണമുറിയില്‍ ഇരുന്നുകൊണ്ട് ഇന്ത്യയിലേക്കുള്ളവീസയ്ക്ക് അപേക്ഷിക്കാവുന്ന തരത്തില്‍ നടപടികള്‍ ലളിതമാക്കിയെന്നു” മോദി പറഞ്ഞു. 10 വര്‍ഷം വരെ നീളുന്ന ബ്രിക്സ് മള്‍ട്ടിപ്പിള്‍ എൻട്രി ബിസിനസ്സ് വീസ ഏര്‍പ്പെടുത്തുന്ന സൗത്താഫ്രിക്കയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യവസായ-വാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ട്‌ വളര്‍ച്ചയുടെ പാതയില്‍ മുന്നേറാന്‍ ധാരണയായി. ഏതാണ്ട് 100ല്‍ പരം ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ആഫ്രിക്ക-ഇന്ത്യ സി.ഇ.ഒ മാരുടെ ഫോറത്തിലാണ് വികസനത്തിലൂന്നിയുള്ള ധാരണകളിലെത്തിയത്. ത്വരിതഗതിയില്‍ പ്രയോഗത്തില്‍ വരത്തക്കവിധം ഏതാണ്ട് 8 മെമ്മോറാണ്ട ഓഫ് അണ്ടര്‍സ്റ്റാണ്ടിംഗ് ( MoU ) കളില്‍ ഒപ്പ് വച്ചു. ഖനനം, റയില്‍വെ, ഇലക്ട്രോണിക്സ്, ഫാര്‍മസ്യൂട്ടിക്കല്‍, നിര്‍മ്മാണം, പ്രതിരോധം, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് പ്രധാനമായും ഒപ്പ് വയ്ക്കപ്പെട്ട ഉടമ്പടികളെന്നു സൗത്താഫ്രിക്കന്‍ വ്യാപാര-വ്യവസായ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ പുംല ന്സാപായ് അറിയിച്ചു.

ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ വ്യപാര-വ്യവസായ വളര്‍ച്ച 1995ല്‍ 1 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ എന്നത് 2008 ല്‍ 35 ബില്യണായും കഴിഞ്ഞ വര്‍ഷം 70 ബില്യണ്‍ അമേരിക്കന്‍ ഡോളറായും വര്‍ദ്ധിച്ചിരുന്നു. തല്‍സ്ഥാനത്ത് ചൈന ഏതാണ്ട് 200 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ സാമ്പത്തിക നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. സൗത്താഫ്രിക്കയിലുള്ള ഇന്ത്യന്‍ കമ്പനികള്‍ സാമ്പത്തിക സാങ്കേതിക മേഖലകളില്‍ 10660 പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കി വരികയാണിപ്പോള്‍.

സൗത്താഫ്രിക്കന്‍ യുവജനശാക്തീകരണത്തിന്‍റെ ഭാഗമായി യുവാക്കള്‍ക്ക് ഇന്ത്യയില്‍ വിദഗ്ദ്ധ പരിശീലനത്തിനുള്ള സാധ്യതകളില്‍ സന്തുഷ്ടി പ്രകടിപ്പിച്ച പ്രസിഡന്റ് സുമ ഈ വര്‍ഷാവസാനത്തോടെ ഇന്ത്യന്‍ പ്രതിനിധി കെ.വി.കമ്മത്തിന്‍റെ നേതൃത്വത്തില്‍ ജോഹന്നാസ്ബര്‍ഗില്‍ ആരംഭിക്കുന്ന ന്യൂ ഡവലപ്പുമെന്‍റ് ബാങ്കിന്‍റെ പ്രബലമായ പ്രവര്‍ത്തനം ആഫ്രിക്കന്‍ ധനമേഖലയെ ശക്തിപ്പെടുത്തുമെന്നും പ്രത്യാശിച്ചു.

ജോഹന്നസ്ബര്‍ഗില്‍ കൊക്കോകോള ഡോം കണ്‍സെര്‍ട്ട് വെന്യൂവില്‍ ഏതാണ്ട് 13 ലക്ഷം വരുന്ന സൗത്താഫ്രിക്കന്‍-ഇന്ത്യന്‍ ജനത സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ ‘മഡിബ’ (നെല്‍സണ്‍ മണ്ടേല) ഷര്‍ട്ട്‌ അണിഞ്ഞെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരക്കണക്കിന് ഇന്ത്യന്‍ ആരാധകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഏകദേശം 40 മിനിറ്റിലേറെ നീണ്ട സുദീര്‍ഘവും അവിസ്മരണീയവുമായ മോഡിയുടെ ഇംഗ്ലീഷിലുള്ള പ്രൗഢഗംഭീരമായ പ്രസംഗം പ്രത്യേകം എഴുതി തയ്യാറാക്കാത്തതും മറ്റു സംവിധാനങ്ങളുടെ സഹായമില്ലാതെയുള്ളതുമായിരുന്നുവെന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഏതാണ്ട് 2 മണിക്കൂറിലധികം ദൈര്‍ഘ്യമേറിയ നൃത്ത-സംഗീത പരിപാടികളും പ്രധാനമന്ത്രിക്കായി ഒരുക്കിയിരുന്നു.

വാർത്ത∙ കെ.ജെ.ജോണ്‍ 

Your Rating: