Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസ്റ്റൺ നോർത്ത് എൻഡ് സ്റ്റേഡിയം അണിഞ്ഞൊരുങ്ങി,വിശ്വാസി സമൂഹം ആവേശത്തിൽ

Bishop-Srampickal's-Best-photo

പ്രസ്റ്റൺ∙ പ്രസ്റ്റൺ ആസ്ഥാനമാക്കി സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിനും സ്ഥാനാരോഹണത്തിനും രൂപതാ ഉദ്ഘാടനത്തിനും മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ഒക്ടോബർ 9 ഞായറാഴ്ച ഉച്ചയ്ക്ക് കൃത്യം ഒന്നിനാരംഭിക്കുന്ന തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുന്നത് സിറോ മലബാർ സഭയുടെ തലവനായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ്. അദ്ദേഹത്തോടൊപ്പം മെത്രാഭിഷേകം നടക്കുന്ന പ്രസ്റ്റൺ ഉൾക്കൊളളുന്ന ലങ്കാസ്റ്റർ രൂപതയുടെ മെത്രാൻ റൈറ്റ് റവ. ഡോ. മൈക്കിൾ ജി. കാംബെലും നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മാതൃരൂപതയായ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടും മെത്രാഭിഷേകത്തിൽ സഹകാർമ്മികരാകും.

ഗ്രേറ്റ് ബ്രിട്ടനിലുളള 44,000ത്തിലധികം വരുന്ന സിറോ മലബാർ വിശ്വാസികൾക്കായി പുതിയ രൂപതയെയും ഇടയനെയും ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ ജൂലൈ 28നായിരുന്നു. വി. അൽഫോൻസാമ്മയുടെ തിരുന്നാൾ ദിവസമായ അന്നുതന്നെ പുതിയ രൂപതയുടെ പ്രഖ്യാപനവും ഉണ്ടായത്. അൽഫോൻസാമ്മയുടെ ശക്തമായ മാധ്യസ്ഥത്തിന്റെ തെളിവാണെന്ന് നിയുക്ത മെത്രാൻ പ്രതികരിച്ചു. വി. അൽഫോൻസാമ്മ തന്നെയാണ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ സ്വർഗ്ഗീയ മധ്യസ്ഥയും കേരളത്തിൽ നിന്നുളള മറ്റു നിരവധി സിറോ മലബാർ മെത്രാന്മാരും കേരളത്തിനും ഇന്ത്യയ്ക്കും വെളിയിലുളള സിറോ മലബാർ സഭാ പിതാക്കന്മാരും യുകെയിൽ നിന്നുളള നിരവധി ലത്തീൻ കത്തോലിക്ക മെത്രാന്മാരും ഈ ചരിത്രനിമിഷങ്ങൾക്ക് സാക്ഷികളാകാൻ എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.

നിയുക്ത മെത്രാന്റെ അധികാര പരിധി ഉൾക്കൊളളുന്ന ഇംഗ്ലണ്ട്, സ്കോട് ലന്റ്, വെയിൽസ് എന്നിവിടങ്ങളെ സിറോ മലബാർ വി. കുർബാന കേന്ദ്രങ്ങളിൽ നേതൃത്വം നൽകുന്ന നിരവധി വൈദീകരുടെയും അൽമായരുടെയും നേതൃത്വത്തിൽ മെത്രാഭിഷേക ചടങ്ങുകളുടെ വിജയത്തിനായി കമ്മറ്റി രൂപീകരിച്ച് വളരെ നേരത്തെ തന്നെ പ്രവർത്തനമാരംഭിച്ചിരുന്നു.

മെത്രാഭിഷേകദിനമായ ഒക്ടോബർ 9 ഉച്ചയ്ക്ക് 12നു ഗായക സംഘം പ്രാർത്ഥനാ ഗാനങ്ങളാലപിക്കുകയും ദൈവ മാതാവിനോടു മാധ്യസ്ഥം പ്രാർത്ഥിച്ചു ജപമാല പ്രാർത്ഥന നടത്തുകയും ചെയ്യും. ഉച്ചയ്ക്ക് 11.30 നു വിശ്വാസികൾ സ്റ്റേഡിയത്തിൽ പ്രവേശിച്ചു തുടങ്ങും. 1.15 ന് മെത്രാഭിഷേക ശുശ്രൂഷയിൽ പങ്കാളികളാകുന്ന കാർമ്മികരെയും മറ്റു മെത്രാന്മാരെയും നിയ്കുതമെത്രാനെയും മെത്രാഭിഷേക വേദിയിലേക്ക് സ്വീകരിച്ചാനയിക്കും. ഗാലറിക്ക് അഭിമുഖമായി പ്രത്യേകം തയാറാക്കിയ വേദിയിലാണ് മെത്രാഭിഷേക തിരുക്കർമ്മങ്ങൾ നടക്കുന്നത്. കൃത്യം 1.30 ന് ആരംഭിക്കുന്ന മെത്രാഭിഷേക ശുശ്രൂഷയിൽ മെത്രാൻ സ്ഥാനത്തേ യ്ക്കുയർത്തപ്പെടുന്ന മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ തുടർന്ന് ദിവ്യബലിയർപ്പണം നടക്കും. നിരവധി മെത്രാന്മാരും വൈദികരും സഹകാർമ്മികരാകും. വി. കുർബാനയുടെ സമാപനത്തിൽ ഗ്രേറ്റ് ബ്രിട്ടന്റെ അപ്പസ്തോലിക് നൂൺഷ്യോ മോസ് റവ. ആന്റോണിയോ മെന്നിനി അനുഗ്രഹസന്ദേശം നൽകി സംസാരിക്കും. തുടർന്ന് നവാഭിഷിക്തനായ മാർ ജോസഫ് സ്രാമ്പിക്കൽ മറുപടി പ്രസംഗം നടത്തും.

ഇംഗ്ലണ്ടിലെ പ്രസിദ്ധമായ പ്രസ്റ്റൺ നോർത്ത് എൻഡ് ഫുട്ബോൾ സ്റ്റേഡിയമാണ് മെത്രാഭിഷേക വേദി. ഫുട്ബോൾ മത്സരത്തിനല്ലാതെ മറ്റൊരു കാര്യത്തിനായി സ്റ്റേഡിയം വിട്ടു നൽകുന്നത് ഇതാദ്യമായാണ്. പ്രസ്റ്റൺ സിറ്റി കൗൺസിൽ മേയർ, എംപിമാർ, മറ്റ് സിറ്റി കൗൺസിൽ ഔദ്യോഗിക പ്രതിനിധികൾ തുടങ്ങിയവരും വിവിധ മത– സാമുദായിക, സഭാ വിഭാഗങ്ങളുടെ പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളായി ചടങ്ങുകളിൽ പങ്കുചേരും. ശാലോം ടിവി മെത്രാഭിഷേകത്തിന്റെ തത്സമയ സംപ്രേക്ഷണം നടത്തുന്നുണ്ട്. ബ്രിട്ടനിലെ സിറോ മലബാർ സഭയുടെ ഈ ചരിത്ര നിമിഷങ്ങൾക്ക് സ്വർഗ്ഗീയ സ്വരമാധുരി പകരുവാൻ അൻപതിൽപരം അംഗങ്ങളുടെ ഗായക സംഘമാണ് ഗാനങ്ങളാലപിക്കുന്നത്. കോച്ചുകളിലും ബസുകളിലും മറ്റ് സ്വകാര്യ വാഹനങ്ങളിലുമായി എത്തുന്ന എല്ലാവർക്കും മതിയായ പാർക്കിംഗ് സൗകര്യങ്ങൾ സംഘാടക സമിതി ക്രമീകരിച്ചിട്ടുണ്ട്. മിതമായ നിരക്കിൽ ഭക്ഷണം വാങ്ങാനും സ്റ്റേഡിയം പരിസരത്ത് സൗകര്യമുണ്ട്.

സെപ്റ്റംബർ 18 ന് യുകെയിലെത്തിയ മാർ സ്രാമ്പിക്കൽ ഇതിനകം ഇംഗ്ലണ്ടിലെയും സ്കോട് ലന്റിലെയും വെയിൽസിലെയും മെത്രാന്മാരെയും വൈദികരെയും വിശ്വാസികളെയും സന്ദർശിച്ച് പ്രാഥമിക പരിചയപ്പെടൽ നടത്തിക്കഴിഞ്ഞു. മെത്രാഭിഷേകത്തിന്റെയും രൂപതാ ഉദ്ഘാടനത്തിന്റെയും ഒരുക്കങ്ങൾ സമാപനഘട്ടത്തിലാണെന്നും യുകെയിലുളള സിറോ മലബാർ വിശ്വാസ സമൂഹം ഒക്ടോബർ 9 എന്ന പുണ്യദിനത്തിനായി കാത്തിരിക്കുകയാണെന്നും ജനറൽ കൺവീനർ റവ. ഡോ. തോമസ് പാറയടിയിലും ജോയിന്റ് കൺവീനർ റവ. ഡോ. മാത്യു ചൂരപൊയ്കയിലും അറിയിച്ചു.

വാർത്ത ∙ ഫാ. ബിജു ജോസഫ് കുന്നയ്ക്കാട്ട് 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.