Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആകാശയാത്ര അനായാസമാക്കാൻ ബ്രിട്ടീഷ് എയർവേസ്

 ലണ്ടൻ∙ വിമാനത്താവളങ്ങളിലേക്കുള്ള യാത്രകൾ  അനായാസവും കൂടുതൽ സന്തോഷകരവുമാക്കാൻ ബ്രിട്ടീഷ് എയർവേസ് വിപ്ലവകരമായ പരീക്ഷണത്തിനൊരുങ്ങുന്നു. യാത്രക്കാർ അൽപം തുക അധികം നൽകാൻ തയാറാണെങ്കിൽ ലഗേജുകൾ വീട്ടിൽ വന്നെടുക്കുന്ന പുതിയ സംവിധാനത്തിനാണ് ഈമാസം അവസാനം മുതൽ തുടക്കം കുറിക്കുന്നത്. ലണ്ടൻ നഗരത്തിലെ ഹീത്രൂ, ഗാട്ട് വിക്, സിറ്റി  വിമാനത്താവളങ്ങളിൽനിന്നും യാത്ര ആരംഭിക്കുന്നവർക്കാകും ആദ്യഘട്ടത്തിൽ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പിന്നീട് പദ്ധതി പ്രായോഗികവും ലാഭകരവുമെന്നു കണ്ടാൽ ബ്രിട്ടണിലെ മറ്റു വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കും. വിമാനത്താവളത്തിലേക്കുള്ള ദൂരമനുസരിച്ച് ലഗേജൊന്നിന് 20 മുതൽ 40 പൌണ്ട് വരെയാണ് തുടക്കത്തിൽ ഇതിനായി അധികം നൽകേണ്ടിവരിക.  

ലണ്ടൻ നഗരാതിർത്തിക്കുള്ളിൽനിന്നും യാത്രചെയ്യുന്നവരെ മാത്രമാവും ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തുക. ‘’എയർപോർട്ടർ’’ എന്നാവും പുതിയ സംവിധാനം അറിയപ്പെടുക. വലിയ ബാഗുകളുമായുള്ള യാത്രക്കാരുടെ എയർപോർട്ടിലേക്കുള്ള ദുരിതയാത്ര ഒഴിവാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ബാഗുകൾ ചെക്കിൻ ചെയ്യാനായി എയർപോർട്ടിൽ ക്യൂനിന്ന് ചെലവഴിക്കുന്ന ഒരു മണിക്കൂറോളം സമയം ഇതിലൂടെ ലാഭിക്കുകയും ചെയ്യാം. ഇന്റർനാഷണൽ യാത്രയ്ക്കായി മൂന്നുമണിക്കൂർ മുന്നേ വിമാനത്താവളത്തിൽ എത്തേണ്ട സാഹചര്യവും ഒഴിവാക്കാം.

യാത്ര ആരംഭിക്കുന്നതിന്  ഏഴുമണിക്കൂർ മുൻപെങ്കിലും ബുക്ക് ചെയ്യുന്നവർക്കേ എയർപോർട്ടർ സേവനം ലഭ്യമാകൂ. പ്രത്യേക മൊബൈൽ ആപ്പിലൂടെ സേവനം ബുക്ക് ചെയ്താൽ എയർപോർട്ടർ ടീമംഗങ്ങൾ വീട്ടിലായാലും ഹോട്ടലിലായാലും യാത്രക്കാരുടെ അടുത്തെത്തി ബാഗേജുകൾ സ്വീകരിക്കും. അഞ്ചുമിനിറ്റിനുള്ളിൽ ബാഗുകൾ തൂക്കി, ട്രാക്കിങ് ബാർകോഡ് പതിച്ച്, സീൽ ചെയ്താവും ഇവർ ഏറ്റെടുക്കുക. ഇവ എയർപോർട്ടിൽ എത്തുന്നതുവരെ മറ്റ് കൃത്രിമത്വങ്ങൾ ഉണ്ടാവാതിരിക്കാൻ ‘’ആൻറി ടാംബർ’’ ബാഗിനുള്ളിലാക്കും. എയർപോർട്ടിൽ എത്തിച്ചാലുടൻ ആൻറി ടാംബർ ബാഗ് നീക്കംചെയ്ത് എക്സ്റേ പരിശോധനയ്ക്കു വിധേയമാക്കിയശേഷം എയർലൈൻ ബാഗേജ് ഹാൻഡിലിംങ് ടീമിന് കൈമാറും. പിന്നാലെ  കൈയും വീശി  എത്തുന്ന യാത്രക്കാരന് നേരേ സെക്യൂരിറ്റി ചെക്കിന് പോയാൽ മതിയാകും. പതിവുപോലെ യാത്ര അവസാനിക്കുന്ന എയർപോർട്ടിൽനിന്നും ബാഗുകൾ ശേഖരിക്കുകയും ചെയ്യാം.

ഒന്നര വർഷം നീണ്ട മൂന്നൊരുക്കങ്ങൾക്കൊടുവിൽ  എഴുപത് ലക്ഷത്തോളം പൌണ്ട് മുതൽമുടക്കിയാണ് ഈ നൂതന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. വിമാനയാത്രാ രംഗത്ത് വിപ്ലവകരമായ മാറ്റം കുറിക്കാൻ ഈ പരിഷ്കരണത്തിന് സാധിക്കുമെന്ന് എയർപോർട്ടർ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ റൻഡൽ ഡാർബി അഭിപ്രായപ്പെട്ടു. വലിയ ബാഗുകളുമായി ചൂടേറിയ ഒരുദിവസം ഗാട്ട് വിക്ക് എക്സ്പ്രസിൽ വിമാനത്താവളത്തിലേക്കു നടത്തിയ യാത്രയ്ക്കിടെ ഉണ്ടായ ബുദ്ധിമുട്ടുകളാണ് ഡാർബിയെ നൂതനമായ ഈ സംരംഭത്തിലേക്ക് ചിന്തിപ്പിച്ചത്. പിന്നീട് ബ്രിട്ടീഷ് എയർവേസിന്റെ സഹകരണത്തോടെ എയർപോർട്ടർ സംവിധാനത്തിന് തുടക്കം കുറിക്കുകയയാരുന്നു.

ഈമാസം 26 മുതലുള്ള യാത്രകൾക്കായി ഇന്നലെ മുതൽ എയർപോർട്ടർ ബുക്കിങ് സ്വീകരിച്ചുതുടങ്ങി. 
എയർപോർട്ടിലെത്താൻ ലണ്ടൻ ട്യൂബ് ഉൾപ്പെടെയുള്ള പൊതുഗതാഗത മാർഗങ്ങളെ  ആശ്രിക്കുന്നവർക്കാണ് പദ്ധതി ഏറ്റവും പ്രയോജനം ചെയ്യുക. പ്രായമായവർക്കും കുട്ടികളുമായി യായ്ര ചെയ്യുന്നവർക്കുമെല്ലാം ഇനിമുതൽ ലഗേജ് നേരത്തെ കയറ്റിവിട്ടശേഷം സ്വസ്ഥമായി വിമാനത്താവളത്തിലെത്താം.
  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.