Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടനിൽ വിദേശ വിദ്യാർഥികൾക്ക് പ്രവേശനം മികച്ച കോഴ്സിനു മാത്രം

ലണ്ടൻ∙ കുടിയേറ്റം മാത്രം ലക്ഷ്യമിട്ട് സാധാരണവും നിലവാരമില്ലാത്തതുമായ കോഴ്സുകളിൽ പ്രവേശനം തേടുന്ന വിദേശ വിദ്യാർഥികൾക്ക് കർശന നിയന്ത്രണമേർപ്പെടുത്താൻ ബ്രിട്ടീഷ് സർക്കാർ ഒരുങ്ങുന്നു. അവിദഗ്ധ തൊഴിലാളികളെ വിദേശത്തുനിന്നും റിക്രൂട്ട് ചെയ്യുന്നതിനും വിലക്കേർപ്പെടുത്തും. പകരം ബ്രിട്ടീഷുകാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പു നൽകാൻ കമ്പനികൾ ശ്രമിക്കണമെന്നും സർക്കാർ നിർദേശിക്കും. ബർമിങ്ങാമിൽ നടക്കുന്ന കൺസർവേറ്റീവ് പാർട്ടിയുടെ വാർഷിക പൊതുയോഗത്തിലാണ് കുടിയേറ്റത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിന്നതിനുള്ള പുതിയ നടപടികളും നിർദേശങ്ങളും ആഭ്യന്തര സെക്രട്ടറി അംബർ റുഡ് പ്രഖ്യാപിച്ചത്.

ബ്രിട്ടനിലെ അപൂർവം ചില തൊഴിൽ മേഖലകളിൽ നിലവിലുള്ള പ്രഫഷണലുകളുടെയും വിദഗ്ധ തൊഴിലാളികളുടെയും ഒഴിവ് നികത്തുന്നതിനു മാത്രമാകണം വിദേശ റിക്രൂട്ട്മെന്റ്. തൊഴിൽ മേഖലയിലെ ഈ വിടവ് നികത്താൻ ഉതകുന്നവരാണ് തിരഞ്ഞെടുക്കപ്പെടുന്നതെന്ന് കമ്പനികൾ ഉറപ്പുവരുത്തണം. ബ്രിട്ടീഷുകാർക്ക് ചെയ്യാവുന്ന ജോലികൾ വിദേശികൾക്ക് ലഭ്യമാകുന്ന സാഹചര്യം ഉണ്ടാകരുത്. സർക്കാർ നിർദേശിക്കുന്ന നിയന്ത്രണ നടപടികൾ പേരിനു മാത്രം പൂർത്തിയാക്കി വിദേശ റിക്രൂട്ട്മെന്റിനായി പോകരുതെന്നും ഇവിടെയുള്ളവർക്കു തന്നെ പരിശീലനം നൽകി ജോലി ലഭ്യത ഉറപ്പുവരുത്താൻ കമ്പനികൾ ശ്രമിക്കണമെന്നും ഹോം സെക്രട്ടറി നിർദേശിച്ചു.

നിലവാരമില്ലാത്ത യൂണിവേഴ്സിറ്റികൾ പലതും ഇപ്പോൾ ഏതു വിദ്യാർഥിക്കും എന്തെങ്കിലും കോഴ്സിനുചേർന്ന് ഇവിടെവന്നു പഠിക്കാവുന്ന സാഹചര്യമാണു സൃഷ്ടിക്കുന്നത്. പഠനത്തിനുശേഷം ഇവിടെ ജോലി ചെയ്യാമെന്ന പ്രതീക്ഷയാണ് കുട്ടികളെ ഇങ്ങനെ വരാൻ പ്രേരിപ്പിക്കുന്നത്. കോഴ്സുകളുടെയും സ്ഥാപനങ്ങളുടെയും നിലവാരം ഉറപ്പുവരുത്തിയാകും ഭാവിയിൽ സ്റ്റുഡന്റ് വീസകൾക്ക് അനുമതി നൽകുക.

ഫ്രാൻസിലെ അതിർത്തി തുറമുഖ നഗരമായ കാലെയിലെ അഭയാർഥി ക്യാംപിൽ ബ്രിട്ടനിലേക്ക് പ്രവേശനം കാത്ത് കഴിയുന്ന അനാഥക്കുഞ്ഞുങ്ങളെ ഏറ്റെടുക്കാൻ സർക്കാരിനു നിയമപരമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും അവർ വ്യക്തമാക്കി. ബ്രിട്ടണിൽ ബന്ധുക്കളോ മാതാപിതാക്കളോ ഉള്ള നാനൂറോളം കുഞ്ഞുങ്ങളാണ് കാലെയിലെ ക്യാംപിൽ അലഞ്ഞുതിരിയുന്നത്.

ഡിസംബർ മുതൽ അനധികൃത കുടിയേറ്റക്കാർക്ക് വീട് വാടകയ്ക്ക് നൽകുന്നതും ജോലി നൽകുന്നതും ജയിൽശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കും.ടാക്സി ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് ഇനിമുതൽ എമിഗ്രേഷൻ പരിശോധനകൾ കൂടി പൂർത്തിയാക്കേണ്ടിവരും. അനധികൃത കുടിയേറ്റക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ജോലിയാണ് ടാക്സി സർവീസ്.

അനധികൃത കുടിയേറ്റക്കാർക്ക് ബാങ്കിംങ് സേവനങ്ങൾ നൽകുന്നില്ല എന്ന് ഉറപ്പുവരുത്താൻ അടുത്ത വർഷം മുതൽ ബാങ്കുകൾ പതിവായ പരിശോധനകൾ ആരംഭിക്കണമെന്നും ആഭ്യന്തര സെക്രട്ടറി നിർദേശിച്ചു.

ക്രിമിനലുകളെയും അനധികൃത കുടിയേറ്റക്കാരെയും പ്രോൽസാഹിപ്പിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന നിയമ വിദഗ്ധരെയും അക്കൌണ്ടന്റുമാരെയും ലക്ഷ്യമിട്ടുള്ള നിയമഭേദഗതിയും സർക്കാർ പരിഗണനയിലുണ്ട്. അനധികൃത കുടിയേറ്റക്കാർക്ക് ഹൌസിംങ് ആനുകൂല്യങ്ങളും മറ്റും നൽകുന്നത് തടയാൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് നിർദേശം നൽകുമെന്നും അനധികൃത കുടിയേറ്റ നിയന്ത്രണത്തിനുള്ള മാർഗങ്ങൾ വിവരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.