Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊളോൺ കേരള സമാജം ഓണാഘോഷം പ്രൗഢഗംഭീരമായി

clg-onam

കൊളോൺ∙ ജർമനിയിലെ കൊച്ചുകേരളം എന്നു വിശേഷിപ്പിക്കപ്പെടുന്ന കൊളോണിൽ മുപ്പത്തിമൂന്നു വർഷം പിന്നിട്ട കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ പ്രവാസി രണ്ടാം തലമുറയെയും ജർമൻ സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ തിരുവോണാഘോഷം പ്രൗഢഗംഭീരമായി.

clg-5

മാത്യു പാറ്റാനിയുടെ തിരുവോണ ഗാനാലാപനത്തോടുകൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. കൊളോൺ വെസ്സ്ലിംഗ് സെന്റ് ഗെർമാനൂസ് ദേവാലയ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച വൈകുന്നേരം ആറുമണിക്ക് ഗയോർഗ് ഗോലാന്റ് എംഎൽഎ, കൊളോൺ ഇന്ത്യൻ കമ്യൂണിറ്റി ചാപ്ലയിൻ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, തിരുവനന്തപുരം കാന്താരി ഫൗണ്ടേഷൻ ഡയറക്ടർ ക്രോണൻബെർഗ്, സമാജം പ്രസിഡന്റ് ജോസ് പുതുശേരി, ട്രഷറർ ഷീബ കല്ലറയ്ക്കൽ, ജനറൽ സെക്രട്ടറി ഡേവീസ് വടക്കുംചേരി, റിയാ ജോർജ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

clg-8

അമ്മിണി കോയിക്കര കോർഡിനേറ്റ് ചെയ്ത് ഏലിയാക്കുട്ടി നേതൃത്വം നൽകിയ ഡ്യൂസ്സൽഡോർഫ് ഫ്രൈസൈറ്റ് ഗ്രൂപ്പിന്റെ ലേബലിൽ മേരി വില്യംസ്, ഫിലോ തടത്തിൽ, മേരി ക്രീഗർ, നിക്കോൾ നാൽപ്പാട്ട്, സാറാമ്മ ജോസഫ്, അന്നക്കുട്ടി നാൽപ്പാട്ട് എന്നീ മങ്കമാർ അവതരിപ്പിച്ച തിരുവാതിരകളി അതിമനോഹരവും തിരുവോണത്തിന്റെ മഹനീയത വിളിച്ചോതുന്നതുമായിരുന്നു.

clg-4

തുടർന്ന് ജോൺ പുത്തൻവീട്ടിലിന്റെ നേതൃത്വത്തിൽ കേരള കലാലയം കൊളോണിന്റെ ചെണ്ടമേളപ്പെരുമയിൽ മുത്തുക്കുടകളുടെയും, സെറ്റും മുണ്ടുമണിഞ്ഞ മങ്കമാരുടെയും പുലികളിവീരന്മാരുടെയും പരിവാരങ്ങളുടെയും അകമ്പടിയോടുകൂടി ജേക്കബ് കണ്ണമ്പുഴ മാവേലി മന്നനായി വേഷമിട്ട് എഴുന്നള്ളി വന്ന് കേരളത്തിന്റെ ആനുകാലിക പരിവേഷം നർമ്മ സംഭാഷണത്തിലൂടെ വരച്ചുകാട്ടിയത് നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്.

clg-7

ജോൺ പുത്തൻവീട്ടിലിന്റെ നേതൃത്വത്തിൽ വിവിയൻ അട്ടിപ്പേറ്റി, ജാനറ്റ് അട്ടിപ്പേറ്റി, ജോസഫ് കളപ്പുരയ്ക്കൽ, മാത്യു തൈപ്പറമ്പിൽ എന്നിവർ പുലികളായും, ഡേവീസ് വടക്കുംചേരി നായാട്ടുകാരനായും വേഷമിട്ട് അരങ്ങുതിമിർക്കെ പുലികളി അവതരിപ്പിച്ചു. സാംസ്കാരിക പൈതൃക കല ജർമൻകാരെ പരിചയപ്പെടുത്താനും ഇതിലൂടെ കഴിഞ്ഞു. പുലികളിക്കായി പ്രവർത്തിച്ച ജോൺ, ലില്ലി പുത്തൻവീട്ടിൽ, മേരി പുതുശേരി, ജോസ് പുതുശേരി, ജോസ് കല്ലറയ്ക്കൽ, ത്രേസ്യാക്കുട്ടി കളത്തിപ്പറമ്പൽ എന്നിവർക്ക് അഭിമാനിയ്ക്കാൻ വകയുണ്ട്.

clg-2

റീന പാലത്തിങ്കലൽ അവതരിപ്പിച്ച അർദ്ധശാസ്ത്രീയ നൃത്തം, ബോളിവുഡ് ഡാൻസ്, മോനിക്ക ലാംഗറിന്റെ ബോളിവുഡ് ഡാൻസ്, ജർമൻകാരായ മോനിയ്ക്കയും ക്രിസ്റ്റീന ഗൈസ്റ്റും കൂടി സ്വന്തം കോറിയോഗ്രാഫിയിലൂടെ അവതരിപ്പിച്ച അക്രോയോഗ നൃത്തം തുടങ്ങിയവ സദസ്യരുടെ മുക്തകണ്ഠ പ്രശംസ നേടി. വില്യം പത്രോസ്, മേരി വില്യം എന്നിവരുടെ നാടോടി നൃത്തം, ജോസ് കവലേച്ചിറയുടെ ഗാനാലാപനം, രുചി ചദ്ദയുടെ ബോളിവുഡ് നൃത്തം എന്നിവ ആഘോഷത്തിന് കൊഴുപ്പുകൂട്ടി. തങ്കരാജ്, കലാശ്രീ, സുനന്ദ എന്നിവർ ഒരുക്കിയ കലാ ഗ്രൂപ്പിന്റെ പൂക്കളവും, കാര്യാമഠം ജെയിംസ്, റോസമ്മ ദമ്പതികൾ ഒരുക്കിയ സസ്യഫലപ്രദർശനവും തിരുവോണത്തിന്റെ നവ്യതയ്ക്കൊപ്പം പ്രൗഢിയും പകർന്നു.

clg-6

എംഎൽഎ ഗയോർഗ് ഗോലാന്റ്, ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, ക്രോണൻബെർഗ് എന്നിവർ ആശംസാപ്രസംഗം നടത്തി. സമാജം സംഘടിപ്പിച്ച ഒൻപതാമത് കർഷകശ്രീ പട്ടം ആഘോഷവേളയിൽ സമ്മാനിച്ചു. ഓണത്തോടനുബന്ധിച്ച് നടത്തിയ കൊളോൺ പൊക്കാൽ (ട്രോഫി) ചീട്ടുകളി മൽസരത്തിലെ വിജയികൾക്കുള്ള ട്രോഫികളും തദവസരത്തിൽ വിതരണം ചെയ്തു.

clg-3

കേരള സമാജം പ്രസിഡന്റ് ജോസ് പുതുശേരി സ്വാഗതവും ജനറൽ സെക്രട്ടറി ഡേവീസ് വടക്കുംചേരി നന്ദിയും പറഞ്ഞു. വാചാലതയുടെ നിറവിൽ അരങ്ങുണർത്തി നേർക്കാഴ്ച്ചയുടെ ഉൾത്തുടിപ്പുകൾ നിറച്ച് സമാജം കൾച്ചറൽ സെക്രട്ടറി ജോസ് കുമ്പിളുവേലിൽ, രണ്ടാം തലമുറക്കാരിയും നർത്തകിയുമായ റിയാ ജോർജ് എന്നിവർ പരിപാടികൾ മോഡറേറ്റ് ചെയ്തു.

കേരളത്തനിമയിൽ തിരുവോണത്തിന്റെ രുചിഭേദത്തിൽ 21 കൂട്ടം കറികളോടും കൂടി തയ്യാറാക്കിയ വിഭവസമൃദ്ധമായി വിളമ്പിയ സദ്യയും, അടപ്രഥമനും കഴിച്ച മലയാളി, ജർമൻ സുഹൃത്തുക്കളുടെ മുഖത്ത് ആസ്വാദ്യതയുടെ സംതൃപ്തി പ്രതിഫലിച്ചിരുന്നു. കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായ സെബാസ്റ്റ്യൻ കോയിക്കര(വൈസ് പ്രസിഡന്റ്),പോൾ ചിറയത്ത് (സ്പോർട്സ് സെക്രട്ടറി), ജോസ് നെടുങ്ങാട് (ജോയിന്റ് സെക്രട്ടറി) എന്നിവരെ കൂടാതെ റോസമ്മ, ജയിംസ് കാര്യാമഠം, മോളി നെടുങ്ങാട്, മേരി പുതുശേരി, അമ്മിണി കോയിക്കര, സാലി ചിറയത്ത്, ഷീന കുമ്പിളുവേലിൽ, എൽസി വടക്കുംചേരി, ജോയൽ കുമ്പിളുവേലിൽ, നിക്കോ പുതുശേരി, ജോസ് കല്ലറയ്ക്കൽ എന്നിവർ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു.

വർഗീസ് ശ്രാമ്പിക്കൽ പരിപാടികൾക്ക് ശബ്ദസാങ്കേതിക സഹായം നൽകി. ഫോട്ടോ ജെൻസ് കുമ്പിളുവേലിൽ, ജോൺ മാത്യു എന്നിവരും വിഡിയോ ജോസ് മറ്റത്തിലും കൈകാര്യം ചെയ്തു. സമാജത്തിന്റെ യുവജന വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ലഘുവിൽപ്പനശാലയും പ്രവർത്തിച്ചിരുന്നു. ദേശീയഗാനാലാപനത്തോടുകൂടി പരിപാടികൾ സമാപിച്ചു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.