Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂറോപ്പിലെ സിറോമലബാര്‍ ക്രൈസ്തവര്‍ക്ക് ആഹ്ലാദ നിമിഷം: ഫാ. തോമസ്‌ പ്ലാപ്പള്ളി

congratuation

സൂറിച്ച്∙ യൂറോപ്പില്‍ ചിതറി വസിക്കുന്ന ഭാരത ക്രൈസ്തവരുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടർന്നു പരിശുദ്ധ സിംഹാസനത്തില്‍ നിന്ന് ഇംഗ്ലണ്ടിനു സ്വന്തമായ രൂപതയും ഇതര രാജ്യങ്ങളില്‍ വസിക്കുന്ന ഭാരത ക്രൈസ്തവര്‍ക്ക് അപ്പസ്തോലിക വിസിറ്ററെയും ലഭി
ച്ചത് ഏറെ സന്തോഷപ്രദമാണ്.

ശ്ലീഹന്‍മാരാല്‍ വ്യത്യസ്ത രാജ്യങ്ങളില്‍, വ്യത്യസ്ത സംസ്കാരങ്ങളില്‍ രൂപംകൊണ്ട സഭകള്‍ വിശ്വാസത്തില്‍ ഏകവും പാരമ്പര്യ , ആചാരാനുഷ്ഠാനങ്ങളില്‍ വ്യത്യസ്തതയും പുലര്‍ത്തി പോരുന്നു. മനുഷ്യന്‍ ബലം കൊണ്ട് കാര്യങ്ങള്‍ നേടിയിരുന്ന കാലത്ത് സമ്മര്‍ദ്ദങ്ങളുടെ ഫലമായി തനതായ വ്യക്തിത്വത്തില്‍ നിന്ന് ഭാരതത്തിലെ സഭ മാറിപ്പോയതായി ചരിത്രത്തില്‍ നാം കാണുന്നു.

എന്നാല്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ തീരുമാനം നമ്മെ ഏറെ സന്തോഷിപ്പിക്കുകയും നമ്മുടേത് മാത്രമായ വ്യക്തിത്വത്തെ പുനരുജ്ജീവിപ്പിക്കുവാന്‍ റോമാ സിംഹാസനം നമ്മോടാവശ്യപ്പെടുകയും ചെയ്തു. അതിനു ശേഷം നമ്മുടെ സഭയെ ആര്‍ക്കി എപ്പി സ്കോപ്പല്‍ സഭയായി ഉയര്‍ത്തുകയും മെത്രാന്മാരെ തെരഞ്ഞെടുക്കുന്നതടക്കമുള്ള അധികാരങ്ങള്‍ സിനഡിന് നല്കിക്കൊണ്ടുള്ള ഉത്തരവ് റോമില്‍നിന്ന് ഉണ്ടാകുകയും ചെയ്തു .

അങ്ങനെ പാത്രിയാര്‍ക്കീസിന് തുല്യമായ ആദ്യ ശ്രേഷ്ഠ മേത്രോപ്പോലീത്തയായി മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തിരഞ്ഞെടുക്കപ്പെട്ടു. സഭയുടെ വളര്‍ച്ചയിലെ നാഴികക്കല്ലുകളായിരുന്നു ഇവ എന്നെടുത്തു പറയേണ്ടിയിരിക്കുന്നു

എന്നാല്‍ കേരളത്തിനു പുറത്തു പ്രത്യേകിച്ച് ഇന്ത്യയ്ക്ക് വെളിയില്‍ യൂറോപ്പില്‍ ന്യൂനപക്ഷമായി ജീവിക്കുന്ന സഭാ മക്കളുടെ ആത്മീയ ആവശ്യങ്ങള്‍ പഠിക്കുന്നതിനും അവയെ ക്രോഡീകരിക്കുന്നതിനും യൂറോപ്പിലെ ഭാരത ക്രൈസ്തവ സമൂഹം പലതവണ മേലധികാരിക
ളോട് ആവശ്യപ്പെട്ടിരുന്നു . ഇതിന്‍റെ വെളിച്ചത്തില്‍ യൂറോപ്പിലെ വിവിധ സഭാധ്യക്ഷന്മാരുമായി ചര്‍ച്ചകള്‍ നടത്തുന്നതിനും ,അവയെ എകീകരിക്കുന്നതിനും ഫാ. സ്റ്റീഫന്‍ ചിറപ്പണത്തെയും ഇംഗ്ലണ്ടിലെ 40,000നു മുകളില്‍ വരുന്ന സഭാ മക്കള്‍ക്ക് ഇടയനായി ഫാ. ജോസഫ് ശ്രാമ്പിക്കലിനെയും ബിഷപ്പുമാരായി നിയമിച്ചുകൊണ്ടും ഉത്തരവായി.

യൂറോപ്പിലെ മാര്‍ത്തോമാ ക്രൈസ്തവര്‍ക്ക് അവരുടെ മാത്രം സ്വന്തമായ വ്യക്തിത്വവും സംസ്കാരവും കാത്ത് സൂക്ഷിക്കുന്നതിന് ലഭിച്ച ഈ അവസരത്തിന് സ്വിറ്റ്സര്‍ലന്‍ഡിലെ സിറോമലബാര്‍ സമൂഹം ദൈവത്തിനു നന്ദി പറയുന്നുവെന്നും എല്ലാവിധ പ്രാര്‍ത്ഥനാ സഹായ , സഹകരണങ്ങളും ഉറപ്പുനൽകുന്നുവെന്നും സിറോ മലബാര്‍ സ്വിസ്സ് കോര്‍ഡിനേറ്റര്‍ ഫാ. തോമസ്‌ പ്ലാപ്പള്ളി അറിയിച്ചു.

പുതിയ ഇടയന്മാരുടെ മെത്രാഭിഷേക ചടങ്ങുകള്‍ക്ക് കഴിയുന്നത്രയും പേര്‍ സ്വിസ്സില്‍ നിന്നും പങ്കെടുക്ക ണമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് അഗസ്റ്റിന്‍ മാളിയേക്കല്‍ , ബേബി വട്ടപാലം എന്നിവരുമായി ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു .

വാര്‍ത്ത∙ ഷിജി ചീരംവേലില്‍

Your Rating: