Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫൈൻ ആർട്സ് ഇന്ത്യ വിയന്നയുടെ ഉത്സവ് 2016ന് ഉജ്ജ്വല സമാപനം 

fine-arts-india

വിയന്ന∙ ഓസ്ട്രിയയിലെ മലയാളി സംഘടനയായ ഫൈൻ ആർട്സ് ഇന്ത്യ വിയന്നയുടെ 'ഉത്സവ് 2016' ന്റെ സാംസ്കാരിക പരിപാടികൾക്കും ഓണാഘോഷങ്ങൾക്കും പ്രൗഢ ഗംഭീര സമാപനം. ഓസ്ട്രിയയിൽ നിന്നുള്ള കലാകാരന്മാരും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരും, മലയാളികളും ചേർന്ന് ഉത്സവ് 2016 ആഘോഷമാക്കി. 

fine-arts-india01

ആർട്സ് ക്ളബ് സെക്രട്ടറി ബിൻസി അഞ്ചേരിയുടെ ആമുഖത്തോടെ സാംസ്കാരിക സമ്മേളനം ആരംഭിച്ചു. തുടർന്ന് സംഘടനയുടെ പ്രസിഡന്റ് ജോൺസൺ ചേലപ്പുറത്ത് സ്വാഗതം ആശംസിച്ചു. മാവേലിയായി വേഷമിട്ട തോമസ് കാരയ്ക്കാട്ട് ഏവർക്കും ഓണാംശംസകൾ നേർന്നു. കലാ സന്ധ്യക്ക്‌ മുന്നോടിയായി വി. മദർ തെരേസയെ അനുസ്മരിക്കുകയും മദറിന്റെ പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്ന അവതരണവും ഭാരതത്തിന്റെ 70-ാം സ്വാതന്ത്ര്യദിനാചരണവും നടത്തി. അതേസമയം, കലാഭവൻ മണിയുടെ സിനിമ ജീവിതത്തെ ആസ്പദമാക്കിയുള്ള പ്രദർശനവും, അനുസമരണവും ഉത്സവിൽ നൊമ്പരമുണർത്തി. 

fine-arts-india05

വിയന്ന നഗരത്തിൽ നിന്നുള്ള എംഎൽഎ സഫക് ആക്കെ പ്രഭാഷണം നടത്തി. ഇന്ത്യൻ എംബസ്സിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സുഹൈൽ അജാസ് ഖാൻ മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ കലകളെ  അന്യദേശത്ത് പരിചയപ്പെടുത്തുന്നതിനും പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിലും സ്വന്തം സംസ്കാരവും അതിന്റെ മഹത്വവും ഉയർത്തിപ്പിടിക്കാൻ മലയാളികൾ നടത്തുന്ന ശ്രമത്തെ അഭിനന്ദിച്ച അദ്ദേഹം ഓസ്ട്രിയയിലെ എല്ലാ ഇന്ത്യക്കാർക്കും സംഘടനകൾക്കും ഇന്ത്യൻ എംബസ്സിയുടെ ഭാഗത്ത് നിന്ന് എല്ലാ സഹകരണവും വാഗ്ദാനം ചെയ്തു. 

fine-arts-india02

വിയന്നയിലെ കഗ്രാനിലുള്ള ഹൗസ് ദേർ ബെഗെഗ്നുങിൽ നടന്ന കലാ സന്ധ്യ ഭരതനാട്യവും തിരുവാതിരയും കേരളത്തിൽ നിന്നുള്ള സംഗീത ശിൽപവും സമന്വയിപ്പിച്ച് ആരംഭിച്ചു. തുടർന്ന് ഓസ്ട്രിയയിൽ നിന്നുള്ള കലാകാരന്മാരുടെ നൃത്തവും, തായ്‌ലൻഡ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യുവതികളുടെ പരമ്പരാഗത നൃത്തവും അരങ്ങേറി. അതേസമയം, സംഘടനയിലെ കുട്ടികളും യുവാക്കളും ചേർന്നവതരിപ്പിച്ച കലാപരിപാടികൾ സദസിൽ ഏറെ ചലനം ഉണ്ടാക്കി. മലയാളികളുടെ രണ്ടാം തലമുറയിൽ നിന്നുള്ള കുട്ടികൾ തന്നെ ഏകോപിപ്പിച്ച നൃത്തനൃത്യങ്ങൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ജൻസീറും, ഓസ്ട്രിയക്കാരിയായ മിറിയവും അവതാരകരായിരുന്നു. നിരവധി സമ്മാനങ്ങൾ ഉൾകൊള്ളിച്ചു നടത്തിയ തമ്പോല മത്സരവും ആഘോഷത്തിന്റെ മാറ്റുകൂട്ടി. 

fine-arts-india03

പോയ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ഫൈൻ ആർട്സ് ഇന്ത്യ ഈ വർഷം ആദ്യമായി ഒരു നാടകവും അവതരിപ്പിച്ചു. സംഘടനയിലെ മുതിർന്നവരും, കുട്ടികളും, വിയന്നയിൽ നിന്നുള്ള മറ്റു മലയാളികളും  മികച്ച അഭിനയം കാഴ്ച വച്ച പൊയ്മുഖങ്ങൾ എന്ന നാടകം ഹൃദ്യമായ കാഴ്ചയായിരുന്നു. സമൂഹത്തിനു നേരെ തിരിച്ചു പിടിച്ച കണ്ണാടി പോലെ അരങ്ങേറിയ പൊയ്മുഖങ്ങൾ ഗംഭീര കൈയടിയോടെയാണ് സദസ് ഏറ്റുവാങ്ങിയത്. ഷാജി ചേലപ്പുറത്തും, ജി. ബിജുവും സംയുകതമായി സംവിധാനം ചെയ്ത പൊയ്മുഖങ്ങൾ നല്ലൊരു സന്ദേശത്തോടെയാണ് അവസാനിച്ചത്. ജനറൽ സെക്രട്ടറി സോജി മതുപ്പുറത്ത് നന്ദി പറഞ്ഞു. മലയാള സിനിമയുടെ വളർച്ച പ്രതിപാദിക്കുന്ന ഫൈൻ ആർട്സ് മെഗാ മിക്സിന് ശേഷം ദേശിയ ഗാനത്തോടുകൂടി ഉത്സവ് 2016ന് തിരശീല വീണു. 

fine-arts-india04

വാർത്ത∙ജോബി ആന്റണി  

Your Rating: