Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാ. ജിന്‍സണ്‍ നല്‍കുന്നത് മാനവ സ്‌നേഹത്തിന്റെ പുതിയ സന്ദേശം

fr-ginson

ലണ്ടൻ∙ സ്വന്തം ശരീരത്തില്‍ നിന്ന് അജ്ഞാതനായ ഒരു വ്യക്തിക്ക് വൃക്കദാനം ചെയ്തു വൈദികന്‍ മാതൃകയാകുമ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിൽ കൂടി സഭാഭര്‍ത്സനം തൊഴിലാക്കി മാറ്റുന്നവരുടെ നാവടഞ്ഞു പോകുന്നു. സഭയും വൈദികരും എന്തു മൂല്യങ്ങളാണ് സമൂഹത്തിന് പകര്‍ന്നു കൊടുക്കുന്നതെന്നു വിലപിക്കുന്നവരുടെ മുന്നിലാണ് സ്വന്തം അവയവം ദാനം ചെയ്തു ഫാ. ജിന്‍സണ്‍ മുട്ടത്തിക്കുന്നേല്‍ എന്ന യുവവൈദികന്‍ ദൈവസ്‌നേഹത്തിന്റെ പുതിയ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നത്.

യുകെയില്‍ സിറോ മലബാര്‍ സഭ രൂപീകരണവുമായി ബന്ധപെട്ടു ചില കുബുദ്ധികള്‍ സാമൂഹ്യ മാധ്യമങ്ങളിൽകൂടിയും അല്ലാതെയും കത്തോലിക്കാ സഭക്കെതിരെ കുപ്രചരണങ്ങള്‍ അഴിച്ചു വിടുമ്പോഴാണ് കരുണയുടെ പുതിയ വിളംബരം. സഭയെ പഴിച്ച് സ്വയം മിടുക്കന്മാരാകാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയായി അച്ചന്റെ അവയവദാനം. ഒരു രാത്രി പ്രാര്‍ഥനാ നിരതനായിരുന്നപ്പോള്‍ പരിശുദ്ധാത്മാവ് നല്‍കിയ ചിന്തയാണ് അച്ചനെ വൃക്കദാനത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ഒമ്പതു മാസമായി വിവധി ടെസ്റ്റുകളും മറ്റുമായി വൃക്കദാനത്തിനുള്ള നടപടികളുടെ തിരക്കിലായിരുന്നു.

എല്ലാം ശരിയായപ്പോള്‍ മാത്രമാണ് വൃക്കദാനത്തെക്കുറിച്ചുള്ള വിവരം അദ്ദേഹം പ്രൊവന്‍ഷ്യാള്‍ അച്ചനോട് പറഞ്ഞത്. ആര്‍ക്കാണ് വൃക്ക നല്‍കുന്നത് എന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു മറുപടി. അവയവ ദാനത്തിന്റെ മഹാ സന്ദേശവുമായി അനേകര്‍ക്ക് ക്രിസ്തീയ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കിയ ഡേവിസ് ചിറമേല്‍ അച്ചനും പാലാ രൂപത മെത്രാന്‍ ജേക്കബ് മുരിക്കന്‍ പിതാവിനും ശേഷം ചരിത്രത്തില്‍ ഇടംപിടിക്കുകയാണ് ഫാ. ജിൻസണ്‍.

യുകെയിലെ ചെസ്റ്റര്‍ യുണിവേഴ്‌സിറ്റിയില്‍ കൗണ്‍സിലിങ്ങില്‍ ഉപരിപഠനം നടത്തുന്ന കണ്ണൂര്‍ സ്വദേശിയായ ഫാ. ജിന്‍സണ്‍ മുട്ടികുന്നേല്‍ കപ്പുച്ചിന്‍ സഭാംഗമാണ്. അല്‍ഫോന്‍സാമ്മയെ വിശുദ്ധയാക്കിയ വര്‍ഷമായ 2008 ആണ് അച്ചന്‍ വൈദിക പട്ടം സ്വീകരിച്ചത്. അതുകൊണ്ടു തന്നെ അമ്മയുടെ പ്രത്യേക അനുഗ്രഹവും മാധ്യസ്ഥവും തുണയായതായി അച്ചന്‍ പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷമായി യുകെയിലുള്ള അച്ചന്റെ വൃക്കദാന ശസ്ത്രക്രിയ ചൊവ്വാഴ്ച ലിവര്‍പൂള്‍ റോയല്‍ ആശുപത്രിയില്‍ വച്ച് നടന്നു. അപരനുവേണ്ടി ജീവിച്ചാല്‍ നമ്മുടെ ജീവിതം ഒരിക്കലും പരാജയമാകില്ലെന്ന് ഫാ. ഡേവിസ് ചിറമേലിന്റെ ആപ്ത വാക്യം ഈ യുവ വൈദികന്‍ ഏറ്റെടുക്കുമ്പോള്‍ പ്രാര്‍ത്ഥനകളുമായി മലയാളി സമൂഹം ഒപ്പമുണ്ട്. അതോടൊപ്പം സഭയ്‌ക്കെതിരേ രംഗത്തു വരുന്നവര്‍ക്ക് ദൈവസ്‌നേഹത്തിന്റെ മഹത്വവും അച്ചന്‍ സ്വന്തം ജീവിതത്തിലൂടെ പകര്‍ന്നു നല്‍കുകയാണ്.

വാര്‍ത്ത∙ ഷൈമോൻ തോട്ടുങ്കൽ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.